Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 മെയ് (H.S.)
ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ, കെഎസ്ആർടിസി സി.എം.ഡി യുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ, സർവീസ് വികസനം, ഭരണ-സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.
കെഎസ്ആർടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കൾ ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ, ആശ്രിത നിയമന നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നൽകി.
കൂടാതെ, കെഎസ്ആർടിസിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമന നടപടികൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
കെഎസ്ആർടിസിയുടെ സർവീസ് വ്യാപനത്തിനും സാമ്പത്തിക-ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി താഴെപ്പറയുന്ന തീരുമാനങ്ങളും കൈക്കൊണ്ടു:
ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി “ഗ്രാമ വണ്ടി” പദ്ധതി കൂടുതൽ വ്യാപകമാക്കും.
കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവർത്തനങ്ങൾ, നവീകരണ സാധ്യതകൾ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക റിസർച്ച് വിംഗ് ആരംഭിക്കും.
ശബരിമല മണ്ഡലകാല സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കും.
ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ജനകീയവും ആധുനികവുമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആർടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.. ഏത് രീതിയിൽ പദ്ധതി നടപ്പാക്കണം എന്നത് സംബന്ധിച്ചാണ് ആലോചന നടക്കുന്നത്.. ജൂൺ 15ന് ഉള്ളിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് സർക്കാർ തീരുമാനം.. നിലവിൽ ഓർഡിനറി മുതൽ ഫാസ്റ്റ് വരെയുള്ള ബസുകളിൽ ആണ് സൗജന്യ യാത്ര പരിഗണിക്കുന്നത്
സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് വരുന്ന ചിലവ് സംബന്ധിച്ച് നേരത്തെ ചർച്ച നടത്തിയിരുന്നു.. നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചായിരിക്കും തീരുമാനം നടപ്പാക്കുന്നത്..
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR