Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 മെയ് (H.S.)
യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ, ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലും വിവാദമുയർത്തി 'വന്ദേമാതരം' ആലാപനം. വന്ദേമാതരത്തിൻ്റെ ആദ്യവരികൾ മാത്രം പൊലീസ് ബാൻഡ് വായിച്ചത് ശരിയായില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറും ബിജെപി എംഎൽഎ വി മുരളീധരനും ആരോപിച്ചു. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിനുള്ള സഭാനടപടികൾ ആരംഭിച്ചത്.
വന്ദേമാതരത്തിൻ്റെ ആദ്യഭാഗം മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്. വന്ദേമാതരം മുഴുവൻ വായിക്കണമെന്ന് ലോക്ഭവൻ്റെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. മുഴുവനായി വായിക്കേണ്ടെന്ന നിർദ്ദേശം മുഖ്യമന്ത്രി വിഡി സതീശനാണ് നൽകിയത്. ഗവർണറും ബിജെപിയും വിഷയം വിവാദമാക്കാൻ ശ്രമിക്കുമ്പോഴും സർക്കാർ നടപടിയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി.
വന്ദേമാതരം മുഴവനായി വായിക്കാതിരുന്നത് ശരിയായ നടപടിയല്ലെന്നും ലോക്ഭവനോടുള്ള അവഹേളനമായി കാണുകയാണെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ലോക്ഭവനിൽ നടന്ന മറ്റൊരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഗവർണർ. നിയമസഭയിൽ ഇതുസംബന്ധിച്ച് ഗവർണർ പ്രതികരിച്ചിരുന്നില്ല.
നിയമസഭയുടെ നടപടി രാജ്ഭവനോടും ഗവർണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് ബിജെപി എംഎൽഎ വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. വന്ദേമാതരമെന്ന ദേശീയ ഗീതത്തെയാണ് നിയമസഭാ മന്ദിരത്തിൽ അപമാനിച്ചത്. വിഡി സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും പൂർണമായി വഴങ്ങുകയാണെന്ന് ഇതിലൂടെ വ്യക്തമായതായും മുരളീധരൻ ആരോപിച്ചു.
വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടുവരികൾ മാത്രം ആലപിച്ചതിൽ യാതൊരു തെറ്റുമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ല. ആദ്യവരികൾ മാത്രം ചൊല്ലിയാൽ മതി. മുഴുവൻ ചൊല്ലുകയെന്നത് ആർഎസ്എസ് അജണ്ടയാണ്. അതു നടപ്പാക്കേണ്ടതില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ തെറ്റ് പറ്റിയത് സർക്കാർ തിരിച്ചറിഞ്ഞു. അതാണ് ഇന്ന് തിരുത്തിയത്. വന്ദേമാതരം ആലപിക്കുമ്പോൾ സാധാരണ നിലയിൽ എഴുന്നേറ്റു നിൽക്കേണ്ടതില്ല. എന്നാലും ഞങ്ങൾ എണീറ്റു നിൽക്കുകയായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു.
വിഡി സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ ആദ്യവും അവസാനവും വന്ദേമാതരം ആലപിച്ചതിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആദ്യരണ്ട് ഈരടികൾ ആലപിക്കുന്ന രീതിക്കു പകരമായി പൂർണമായി ആലപിച്ചതിനെയാണ് സിപിഎമ്മും സിപിഐയും വിമർശിച്ചിരുന്നത്. സത്യപതിജ്ഞാ ചടങ്ങ് ലോക്ഭവൻ സംഘടിപ്പിച്ചതാണെന്നും ദേശീയഗീതം പൂർണമായി ആലപിക്കണമെന്നത് അവിടെനിന്നുള്ള നിർദ്ദേശമായിരുന്നെന്നും വിഡി സതീശൻ അറിയിച്ചിരുന്നു.
ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര മാർഗനിർദേശപ്രകാരമാണ് പൂർണമായി ആലപിച്ചതെന്നായിരുന്നു ലോക്ഭവൻ്റെ നിലപാട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഗവർണറായ രാജേന്ദ്ര ആർലേക്കർ താൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടണമെന്നും ചടങ്ങിനു മുൻപും ശേഷവും ഇതു വേണമെന്നും നിർദ്ദേശിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR