Enter your Email Address to subscribe to our newsletters

Idukki , 29 മെയ് (H.S.)
സംസ്ഥാനത്തെ മലയോര മേഖലകളിലും ജനവാസമേഖലകളിലും കർഷകരുടെ ഉറക്കംകെടുത്തുന്ന വന്യമൃഗ ശല്യത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. വനംവകുപ്പ് തലസ്ഥാനത്ത് വിളിച്ചുചേർത്ത കർഷക സംഘടനാ നേതാക്കളുടെ അടിയന്തര യോഗത്തിലാണ് മന്ത്രി ഈ നിർണായക ഉറപ്പ് നൽകിയത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനായി അടുത്ത 10 ദിവസത്തിനകം വനംവകുപ്പ് ഒരു മുൻഗണനാ കരട് രൂപരേഖ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. കർഷക സംഘടനകളുമായി വീണ്ടും ചർച്ച നടത്തി നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമാകും ഈ രൂപരേഖയ്ക്ക് അന്തിമ രൂപം നൽകുക.
കാട്ടുപന്നി ശല്യം
സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല യോഗത്തിൽ ജില്ലയിലെ വിവിധ കർഷക സംഘടനകളെ പ്രതിനിധീകരിച്ച് റസാഖ് ചുരവേലിൽ, അലക്സ് ഒഴുകയിൽ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, സിജുമോൻ ഫ്രാൻസിസ്, സ്റ്റാനി പോത്തൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. കൃഷിനാശവും ജീവഹാനിയും വരുത്തുന്ന കാട്ടുപന്നി ശല്യം പരിഹരിക്കാനുള്ള നടപടികൾ വനംവകുപ്പ് നേരിട്ട് ഏറ്റെടുക്കണമെന്ന് കർഷക പ്രതിനിധികൾ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സർക്കാർ തികച്ചും അനുഭാവപൂർണ്ണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, പ്രശ്നപരിഹാരത്തിനായി കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന-ജില്ലാ തലങ്ങളിൽ തുടർയോഗങ്ങൾ ചേരുമെന്നും കൂട്ടിച്ചേർത്തു. യോഗത്തിൽ വനംവകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളും കർഷകരുടെ ആകുലതകളും അടങ്ങിയ നിവേദനം കർഷക മഹാപഞ്ചായത്തിന് വേണ്ടി അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചുരവേലിൽ മന്ത്രിക്ക് കൈമാറി.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ഭാഗത്തെ നിർമാണ തടസ്സങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം എടുത്ത അനുകൂല തീരുമാനം മന്ത്രി കർഷക നേതാക്കളെ അറിയിച്ചു. മന്ത്രിയുടെ ഉറപ്പുകളിൽ വലിയ പ്രതീക്ഷയുണ്ടെന്നും മലയോര ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ഈ തീരുമാനങ്ങൾ നിർണ്ണായകമാണെന്നും യോഗത്തിനുശേഷം റസാഖ് ചുരവേലിൽ പ്രതികരിച്ചു.
കാട്ടാനകളെ കാണാൻ 'സഫാരി' ടാക്സികൾക്ക് പൂട്ടുവീഴും!
ഇടുക്കിയിലെ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി വനംവകുപ്പ് നിരീക്ഷണം കർശനമാക്കി. കഴിഞ്ഞ ദിവസം സിങ്കുകണ്ടത്തിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടം ബൈക്ക് യാത്രികനെ ആക്രമിച്ച പശ്ചാത്തലത്തിലാണ് വനംവകുപ്പിൻ്റെ അടിയന്തര നടപടി.
ഈ മേഖലകളിൽ സർവീസ് നടത്തുന്ന ചില ടാക്സി വാഹന ഡ്രൈവർമാർ വിനോദസഞ്ചാരികളുമായി കാട്ടാനകൾ ഇറങ്ങുന്ന സ്ഥലങ്ങളിലേക്ക് നിയമവിരുദ്ധമായി സർവീസ് നടത്തുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. കാട്ടാനകളുടെ സാന്നിധ്യം കൃത്യമായി നാട്ടുകാരെ അറിയിക്കാനും ജാഗ്രത പാലിക്കാനുമായി വനംവകുപ്പ് ആരംഭിച്ച ഔദ്യോഗിക വാട്സ്ആപ്പ്, എസ്.എം.എസ് അലേർട്ട് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ചില ഡ്രൈവർമാർ സഞ്ചാരികളെ ആനകളുടെ മുന്നിലെത്തിക്കുന്നത്.
വിനോദസഞ്ചാരികൾ കാട്ടാനകളെ പ്രകോപിപ്പിക്കുന്നത് തടയാനും ഇത്തരം നിയമലംഘനങ്ങൾ അവസാനിപ്പിക്കാനുമായി വനംവകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീം റോഡുകളിൽ കർശന പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR