മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ.
Thiruvananthapuram , 29 മെയ് (H.S.) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ
V D Satheeshan


Thiruvananthapuram , 29 മെയ് (H.S.)

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം രൂപയെന്ന കണക്കിൽ കവറേജ് നൽകുമെന്നാണ് പ്രഖ്യാപനം.

എന്നാൽ, പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് പ്രഖ്യാപനത്തിൽ വിശദീകരിച്ചില്ല. എന്ന് മുതലാണ് നടപ്പാക്കുന്നതെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. കാരുണ്യ പദ്ധതി പരിഷ്കരിച്ചാണോ അതോ മറ്റു സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സംയോജിപ്പിച്ചാണോ നടപ്പാക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല.

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കേരളത്തിൻ്റെ ആരോഗ്യ ചരിത്രത്തിലെ ഏറ്റവും ജനകീയമായ പദ്ധതികളിലൊന്നായിരുന്നു കാരുണ്യ.

സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാൻസർ ചികിത്സയും ഉൾപ്പെടെ ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പണമില്ലാത്തതിൻ്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെങ്കിൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ കോടിക്കണക്കിന് രൂപ പ്രീമിയം ഇനത്തിൽ നൽകേണ്ടിവരും.

മുൻകാലങ്ങളിൽ മതിയായ ശ്രദ്ധ ലഭിക്കാതിരുന്ന പ്രധാന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും നയപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തുടനീളമുള്ള മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും സന്തുലിതവും നീതിയുക്തവുമായി ശക്തിപ്പെടുത്തുന്നതിനുള്ള വിപുല പദ്ധതിയുടെ ഭാഗമായിത്തീരും.

പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങളുടെ ഗുണനിലവാരം സമീപകാലങ്ങളിൽ ക്ഷയിച്ചുവരുന്ന സ്ഥിതിയാണുള്ളത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, മരുന്നുകളുടെ ലഭ്യത, മനുഷ്യ വിഭവശേഷി പിന്തുണ എന്നിവയിലൂടെയും ഡിജിറ്റൽ സംയോജനത്തിലൂടെയും വിപുലീകരിച്ച വിദഗ്ധ സേവനങ്ങളിലൂടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളെ ആധുനികവൽകരിക്കും.

ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം, ക്യാൻസർ പരിചരണം, മാതൃആരോഗ്യം, ശിശുപോഷണം, സാമൂഹ്യ അധിഷ്ഠിത ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ എന്നിവക്കൊപ്പം പ്രതിരോധ ആരോഗ്യ പാലിയേറ്റീവ് സംരക്ഷണം, മാനസികാരോഗ്യ സേവനങ്ങൾ, പരിചരണം, വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.

മെഡിക്കൽ വിദ്യാഭ്യാസം, നഴ്സിങ് വിദ്യാഭ്യാസം, ആരോഗ്യ രംഗത്തെ സംരക്ഷണ ഗവേഷണം എന്നിവ ശക്തിപ്പെടുത്തും. കേരളത്തിൻ്റെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളുടെ പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം പൊതുജനാരോഗ്യ സംവിധാനം ആധുനികവൽക്കരിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News