Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 മെയ് (H.S.)
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തിയും തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവച്ച ഇന്ദിരാ ഗാരൻ്റികളിൽ ഊന്നൽ നൽകിയും വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ നയ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ യാത്രയിൽ വി ഡി സതീശൻ മൂന്നോട്ടു വച്ച പുതുയുഗ കേരളം എന്ന ആശയത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുകയാണെന്ന സൂചനയോടെയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേർക്കർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് വാഗ്ദാനങ്ങളടങ്ങിയ ഇന്ദിരാ ഗാരൻ്റികൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി. ഒറ്റയ്ക്ക് പ്രവർത്തിക്കുന്നതിനേക്കാൾ നല്ലത് പൊതു നന്മയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് എന്ന ജവഹർലാൽ നെഹ്റുവിൻ്റെ വാചകത്തോടെയാണ് നയഖ്യാപനം ഗവർണർ ആരംഭിച്ചത്. പ്രസംഗം അവസാനിച്ചതും നെഹ്റുവിൻ്റെ വാചകത്തോടെയായിരുന്നു. വ്യക്തവും നിർണായകവുമായ ഒരു ജനവിധി ഈ സർക്കാരിനു ലഭിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.
ആഗോള തലത്തിൽ ബഹുമാനിക്കപ്പെടുന്ന സൂചകങ്ങൾ കേരളത്തിന് വർഷങ്ങളായി സ്വന്തമാണെങ്കിലും ഈ സൂചകങ്ങളിൽ ചിലത് സമീപകാലത്ത് താഴ്ചയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. സംസ്ഥാനം ഇന്ന് ഗുരുതരമായ സാമ്പത്തിക വെല്ലുവിളി നേരിടുന്നു. സംസ്ഥാനത്തിൻ്റെ ധന സ്ഥിതി സംബന്ധിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനും സാമ്പത്തിക അടിത്തറ വീണ്ടെടുക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനും ഒരു ധവള പത്രം ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കുമെന്ന് ഗവർണർ പറഞ്ഞു.
പ്രഖ്യാപനങ്ങൾ
- പെണ്കുട്ടികള്ക്ക് മൂന്ന് ദിവസത്തെ ആർത്തവാവധി
- അസംഘടിത തൊഴിലാളി മേഖലയിൽ ആറ് മാസം വേതനത്തോട് കൂടിയ പ്രസവാവധി
- എക്സൈസിനെ നവീകരിക്കും, മയക്ക് മരുന്ന് ശൃംഖലയെ തകർക്കും
- കേരളത്തെ തുറമുഖ നഗരമാക്കും.
- ആദിവാസി ഭൂ നിയമങ്ങളിലെ ആശങ്കകള് പരിഹരിക്കും
- ഭൂ നിയമങ്ങള് പരിഷ്ക്കരിക്കും
- നിര്മ്മിത ബുദ്ധിക്ക് പ്രാധാന്യം നല്കി മീഡിയാ സിറ്റി
- രാജ്യാന്തര ചലച്ചിത്ര മേള മറ്റ് നഗരങ്ങളിലേക്കും
- ഇലക്ട്രോണിക്സ് ഐടി വകുപ്പിന്റെ പേര് മാറ്റും
നയമില്ലാത്ത നയപ്രഖ്യാപനമെന്ന് പിണറായി
5428 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടെന്ന റിസർവ്വ് ബാങ്ക് കണക്ക് മറച്ചുവച്ച് കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വരുത്താനാണ് നയപ്രഖ്യാപനത്തിലൂടെ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിൻ്റെ സമ്പദ് ഘടനയുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന കേന്ദ്ര നയത്തിനെതിരെ ഒരു വാക്കുപോലും നയപ്രഖ്യാപനത്തിലില്ല. നയമില്ലാത്ത നയപ്രഖ്യാപനമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു മണിക്കൂർ ഒന്പത് മിനിട്ട് സമയമെടുത്താണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം വായിച്ചു തീർത്തത്. രാവിലെ 8.45 ന് നിയമസഭ മന്ദിരത്തിനു മുന്നിലെ കവാടത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രി വി ഡി സതീശനും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായ പശ്ചാത്തലം കണക്കിലെടുത്ത് വന്ദേമാതരത്തിൻ്റെ ആദ്യ വരികൾ മാത്രമാണ് നയഖ്യാപനത്തിനു മുൻപും ശേഷവും ആലപിച്ചത്. എന്നാൽ ഈ നടപടിയെ ഗവർണർ വിമർശിച്ചു. നടപടി ലോക് ഭവനെ അവഹേളിക്കുന്നതാണെന്ന് വി മുരളീധരൻ എംഎൽഎ ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR