ദേശീയപാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് യുവാക്കൾ, അന്വേഷണം ആരംഭിച്ച് പൊലീസ്
Kozhikode , 29 മെയ് (H.S.) കൊടുവള്ളി അങ്ങാടിക്ക് സമീപമുള്ള കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ യുവാക്കളുടെ അപകട സാഹസങ്ങൾ. ബുധനാഴ്ച രാത്രിയാണ് വിവാദ സംഭവമുണ്ടായത്. പ്രദേശത്തെ ചില യുവാക്കൾ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ദേശീയപാതയുടെ നടുവിൽ പടക്കം വെച്ച്
EID CELEBRATIONS


Kozhikode , 29 മെയ് (H.S.)

കൊടുവള്ളി അങ്ങാടിക്ക് സമീപമുള്ള കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ യുവാക്കളുടെ അപകട സാഹസങ്ങൾ. ബുധനാഴ്ച രാത്രിയാണ് വിവാദ സംഭവമുണ്ടായത്. പ്രദേശത്തെ ചില യുവാക്കൾ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ദേശീയപാതയുടെ നടുവിൽ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നു. വളരെ ഉയരത്തിൽ പൊട്ടിത്തെറിച്ച പടക്കങ്ങൾ വലിയ ശബ്ദത്തോടെയാണ് പൊട്ടിതെറിച്ചത്. ഇതുമൂലം ഗതാഗതം പൂര്ണമായും തടസപ്പെട്ടു.

ഗതാഗതം തടസപ്പെടിത്തിയുള്ള അഭ്യാസം

ദേശീയപാതയിൽ അരങ്ങേറിയ ഈ സംഭവം മൂലം അത് വഴി കടന്നുപോയ വാഹനങ്ങൾ പെട്ടെന്ന് നിർത്തേണ്ട സാഹചര്യം ഉണ്ടായി. പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നതിനിടെ വാഹനയാത്രക്കാർക്ക് ഭീതിയും ആശങ്കയും അനുഭവപ്പെട്ടതായി പറയുന്നു. ചിലർ യുവാക്കളെ ചോദ്യം ചെയ്തതോടെ സ്ഥലത്ത് വാക്കേറ്റവും സംഘർഷ സാഹചര്യവും ഉടലെടുത്തു.

നാട്ടുകാർ ഇടപെട്ടു

സംഭവം കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് നാട്ടുകാർ ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു. അതോടെ വലിയ സംഘർഷം ഒഴിവായി. എന്നാൽ ദേശീയപാത പോലുള്ള തിരക്കേറിയ റോഡിൽ ഇത്തരത്തിൽ അപകടകരമായ രീതിയിൽ പടക്കം പൊട്ടിച്ചതിനെതിരെ നിരവധി ആളുകൾ പ്രതിഷേധം രേഖപ്പെടുത്തി. പ്രദേശത്തെ ജനങ്ങൾക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കി.

സോഷ്യൽ മീഡിയയിൽ വൈറൽ

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്. നിരവധി പേർ യുവാക്കളുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. പൊതുജനങ്ങളുടെ സുരക്ഷയെ അവഗണിച്ചാണ് ആഘോഷം നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശനം. ഇതരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നവരെ ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ജനങ്ങൾ അഭിപ്രായപ്പെട്ടു.

പൊലീസ് അന്വേഷണം ഊർജിതം

കൊടുവള്ളി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനുമാണ് കേസ്. ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വളരെ പെട്ടന്നുതന്നെ നടപടി എടുക്കുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

സുരക്ഷാ മുന്നറിയിപ്പ് നൽകി അധികൃതർ

പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പൊതുസുരക്ഷയെ ബാധിക്കാത്ത രീതിയിൽ നടത്തണമെന്ന മുന്നറിയിപ്പും അധികൃതർ നൽകി. ദേശീയപാതകൾ പോലുള്ള തിരക്കേറിയ ഇടങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇതരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാക്കരുതെന്ന മുന്നറിയിപ്പും നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News