Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 മെയ് (H.S.)
തിരുവനന്തപുരം : പൂന്തുറയിലെ പാഴ്‌സൽ കമ്പനിയിൽനിന്ന് 20 കിലോ ഹാഷിഷ് ഓയിൽ ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടികൂടി. പിടിച്ചെടുത്ത മാരക ലഹരിവസ്തുവിന് അന്താരാഷ്ട്ര വിപണിയിൽ 15 കോടിയിലധികം രൂപ വിലവരുമെന്ന് ഡി.ആർ.ഐ അധികൃതർ വ്യക്തമാക്കി. സംഭവത്തിലെ മുഖ്യസൂത്രധാരനായ പൂന്തുറ സ്വദേശി അൽത്താഫിനെ ഡി.ആർ.ഐ സംഘം കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ കുറച്ചുകാലമായി തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന വലിയ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആന്ധ്രാപ്രദേശിൽ നിന്നാണ് അതിമാരകമായ ഹാഷിഷ് ഓയിൽ തിരുവനന്തപുരത്ത് എത്തിച്ചതെന്നാണ് വിവരം. പൂന്തുറയിലെ പാഴ്സൽ ഏജൻസി വഴി ഇത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെത്തിക്കാനായിരുന്നു ആദ്യ നീക്കം. അവിടെ നിന്ന് കടൽമാർഗ്ഗം മാലിദ്വീപിലേക്ക് കടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ അടങ്ങിയ ബോക്സുകൾക്കുള്ളിൽ അതീവ രഹസ്യമായാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഡിആർഐ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിൽ ഈ ആസൂത്രണം പാളി. ലഹരിക്കടത്തിന് പിന്നിൽ വലിയൊരു അന്തർസംസ്ഥാന-രാജ്യാന്തര മാഫിയ പ്രവർത്തിക്കുന്നതായാണ് സൂചന. പിടിയിലായ അൽത്താഫിനെ ഡിആർഐ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രയിൽ നിന്ന് ലഹരി എത്തിച്ചു നൽകിയവരെക്കുറിച്ചും, തൂത്തുക്കുടിയിലും മാലിദ്വീപിലും ഇത് കൈപ്പറ്റാൻ ഇരുന്നവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുകയാണ് അധികൃതർ.
---------------
Hindusthan Samachar / Sreejith S