Enter your Email Address to subscribe to our newsletters

Malappuram , 29 മെയ് (H.S.)
മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. കാല് വേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധികയുടെ കാലിലെ പ്രധാന ഞരമ്പുകൾ ശസ്ത്രക്രിയയ്ക്കിടെ മുറിച്ചു മാറ്റിയതായാണ് കണ്ടെത്തൽ. ഇതേത്തുടർന്ന് ഗുരുതരാവസ്ഥയിലായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ ഒരു കാൽ പൂർണ്ണമായും മുറിച്ചു മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് ബന്ധുക്കൾ.
മേയ് ആദ്യവാരമാണ് കാല് വേദനയെ തുടർന്ന് പാർവതിയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മേയ് 12-ന് രാവിലെ ഏഴ് മണിയോടെ ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സർജറി കഴിഞ്ഞ് പതിനൊന്ന് മണിയോടെ രോഗിയെ ഐ.സി.യുവിൽ നിന്നും വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അന്ന് വൈകിട്ടോടെ പാർവതിയുടെ ശസ്ത്രക്രിയ നടത്തിയ കാലിൽ അസാധാരണമായ കടുത്ത തണുപ്പും നിറവ്യത്യാസവും അനുഭവപ്പെടാൻ തുടങ്ങി. കടുത്ത വേദന കൊണ്ട് വയോധിക നിലവിളിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ വിവരം അറിയിച്ചു.
വിവരം മറച്ചുവെക്കാൻ ശ്രമിച്ചെന്ന് ആരോപണം
തുടർന്ന് ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് പാർവതിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചതായി കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ കാലിലെ പ്രധാന ഞരമ്പുകൾക്ക് മുറിവേറ്റതാണ് ഇതിന് കാരണമെന്ന് വ്യക്തമായിട്ടും ഈ വിവരം ബന്ധുക്കളിൽ നിന്ന് മറച്ചുവെക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചതായി ആരോപണമുണ്ട്. രോഗിയുടെ അവസ്ഥ വഷളായതോടെ, സ്വന്തം ഇഷ്ടപ്രകാരമാണ് മഞ്ചേരിയിൽ നിന്നും പോകുന്നതെന്ന് ബന്ധുക്കളെക്കൊണ്ട് എഴുതി വാങ്ങിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡ്യൂട്ടി ഡോക്ടർ നിർബന്ധിക്കുകയായിരുന്നുവെന്ന് ചെറുമകൻ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മുൻകാല ചികിത്സാ രേഖകൾ (Case Sheet) പോലും നൽകാതെയാണ് ഇവരെ കോഴിക്കോട്ടേക്ക് റഫർ ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ്, മഞ്ചേരിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയ്ക്കിടെ ഒന്നിലേറെ പ്രധാന ഞരമ്പുകൾ മുറിഞ്ഞുപോയതായും ഇതാണ് രക്തയോട്ടം തടസ്സപ്പെടാൻ കാരണമായതെന്നും കണ്ടെത്തിയത്. കാലിന്റെ ജീവൻ നിലനിർത്താനായി കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് ഇതിനകം അഞ്ചോളം അടിയന്തര ശസ്ത്രക്രിയകൾ വയോധികയ്ക്ക് ചെയ്യേണ്ടി വന്നു. നിലവിൽ ഇവരുടെ കാലിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഡി.എം.ഒ റിപ്പോർട്ട് തേടി
സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നതോടെ രോഗിയുടെ കുടുംബം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ഡി.എം.ഒ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പാർവതിക്ക് ശസ്ത്രക്രിയ നടത്തിയ പ്രധാന ഡോക്ടർ നിലവിൽ വിദേശത്താണെന്നും, അദ്ദേഹം മടങ്ങിയെത്തിയ ശേഷം സംസാരിച്ച് വിശദീകരണം നൽകാമെന്നുമാണ് മഞ്ചേരി മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള മറുപടി. ചികിത്സയ്ക്കായി ഇതിനകം ലക്ഷക്കണക്കിന് രൂപ ചിലവായതായും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K