പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ റിസർവ് ബാങ്ക്, ആദ്യം പുറത്തിറങ്ങുക 10, 20 രൂപ നോട്ടുകൾ
Mumbai, 29 മെയ് (H.S.) മുംബൈ: രാജ്യത്തെ കറൻസി നോട്ടുകളുടെ അച്ചടിയിലും രൂപകൽപ്പനയിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ ഉപയോഗിച്ചുവരുന്ന കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരം, പ്രത്യേക പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗി
RBI


Mumbai, 29 മെയ് (H.S.)

മുംബൈ: രാജ്യത്തെ കറൻസി നോട്ടുകളുടെ അച്ചടിയിലും രൂപകൽപ്പനയിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ ഉപയോഗിച്ചുവരുന്ന കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരം, പ്രത്യേക പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗിച്ച് നിർമ്മിച്ച കറൻസി നോട്ടുകൾ വിപണിയിലിറക്കാനാണ് ആർ.ബി.ഐ ആലോചിക്കുന്നത്.

ഇതിന്റെ ആദ്യഘട്ട പരീക്ഷണമെന്നോണം 10 രൂപയുടെയും 20 രൂപയുടെയും നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറൻസിയായി ആദ്യമായി പൊതുജനങ്ങളിലേക്ക് എത്തുക. നിലവിലുള്ള നോട്ടുകളെ അപേക്ഷിച്ച് എളുപ്പത്തിൽ മുഷിയുകയോ കേടുപാടുകൾ സംഭവിക്കുകയോ ഇല്ലെന്നതും ദീർഘകാലം ഈടുനിൽക്കുമെന്നതുമാണ് പോളിമർ നോട്ടുകളുടെ പ്രധാന സവിശേഷത.

സാധാരണ നോട്ടുകൾ പോലെ തന്നെ ഇവയും പേഴ്സിലോ പോക്കറ്റിലോ മടക്കി സൂക്ഷിക്കാൻ സാധിക്കും. കറൻസി അച്ചടിക്ക് വേണ്ടി വരുന്ന വൻ തുകയും മുഷിഞ്ഞ നോട്ടുകൾ മാറ്റിയെടുക്കാനുള്ള പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് റിസർവ് ബാങ്കിനെ നയിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം കറൻസി അച്ചടിക്കാനായി 6372.8 കോടി രൂപയാണ് ആർ.ബി.ഐക്ക് ചെലവായത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൂടാതെ, ഇതേ കാലയളവിൽ വിപണിയിൽ നിന്ന് 2380 കോടിയോളം മുഷിഞ്ഞ നോട്ടുകൾ റിസർവ് ബാങ്കിന് പിൻവലിക്കേണ്ടി വരികയും ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News