പൂനെയില് വിഷമദ്യ ദുരന്തം; 17 മരണം; നിരവധിപേര് ചികിത്സയില്
Pune, 29 മെയ് (H.S.) പൂനെയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് 17 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയിലാണ്. പൂനെയിലെ ഹദപ്സര്‍, ദാപോഡി, ഫുഗെവാഡി, പിംപ്രി-ചിഞ്ച്വാഡ് പ്രദേശങ്ങളിലാണ് വിഷ മദ്യം നാശം വിതച്ചത്. ഒന്നിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത
liquor


Pune, 29 മെയ് (H.S.)

പൂനെയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് 17 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയിലാണ്. പൂനെയിലെ ഹദപ്സര്‍, ദാപോഡി, ഫുഗെവാഡി, പിംപ്രി-ചിഞ്ച്വാഡ് പ്രദേശങ്ങളിലാണ് വിഷ മദ്യം നാശം വിതച്ചത്. ഒന്നിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് ഉടനടി നടപടി സ്വീകരിക്കുകയും കേസിലെ പ്രധാന പ്രതിയായ യോഗേഷ് വാങ്കഡെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവം സംസ്ഥാനത്തെ പൊലീസ്, ഭരണ സംവിധാനങ്ങളെ ആശങ്കയിലാക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനധികൃത മദ്യ ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിലൂടെ പിംപ്രി-ചിഞ്ച്വാഡ് പ്രദേശത്ത് പ്രതി വിഷ സ്പിരിറ്റ് വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃത മദ്യ ശൃംഖലയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് വാങ്കഡെയെ ചോദ്യം ചെയ്യുകയാണ്. സാധ്യമായ എല്ലാ സൂചനകളും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസില്‍ നാല് പേര്‍ സംശയത്തിലാണെന്ന് പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാളെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്' അദ്ദേഹം പറഞ്ഞു. പിംപ്രി-ചിഞ്ച്വാഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ച് മരണങ്ങള്‍ക്ക് പിന്നില്‍ വൈദ്യശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മരണത്തിന് മുമ്പ് നിരവധി പേര്‍ക്ക് കടുത്ത തലകറക്കം അനുഭവപ്പെട്ടതാണ് കണ്ടെത്തലിന് ആധാരം. ഇരകള്‍ വിഷ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്നും ഇരകളുടെ ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. വളരെക്കാലമായി പ്രദേശത്ത് അനധികൃതമായ വ്യാജ നാടന്‍ മദ്യം വില്‍പ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും മദ്യത്തിന്റെ നിയമവിരുദ്ധ വ്യാപാരം തടയുന്നത് അധികൃതര്‍ അവഗണിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. മരിച്ചവരില്‍ പലരും ഒരേ പ്രദേശത്തു നിന്നുള്ളവരായതിനാല്‍, സംഭവത്തില്‍ ജനങ്ങള്‍ വളരെ ആശങ്കയിലാണ്.

സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എന്‍സിപി നേതാവും മുന്‍ മേയറുമായ യോഗേഷ് ബെല്‍ ആവശ്യപ്പെട്ടു. 'ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അനധികൃത മദ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്' അദ്ദേഹം പറഞ്ഞു. എന്‍സിപി-എസ്പി എംഎല്‍എ രോഹിത് പവാറും സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ചു. 'പൊലീസ് കമ്മീഷണര്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം ചുമതലയേറ്റതിനുശേഷം, പകല്‍സമയത്ത് അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ സര്‍വ്വ സാധാരണമായി' രോഹിത് പവാര്‍ ആരോപിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടെങ്കില്‍ ഇത്തരമൊരു സംഭവം എങ്ങനെ സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News