Enter your Email Address to subscribe to our newsletters

Newdelhi , 29 മെയ് (H.S.)
ന്യൂഡൽഹി: കേസിൽ വാദം പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചാൽ (Reserving order), മൂന്ന് മാസത്തിനകം അന്തിമ വിധി പ്രസ്താവിക്കണമെന്ന് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കർശന നിർദേശം നൽകി സുപ്രീം കോടതി. വിധി പ്രസ്താവിക്കാൻ ഉണ്ടാകുന്ന കാലതാമസം കക്ഷികൾക്ക് പരിഹരിക്കാനാകാത്ത നഷ്ടം വരുത്തിവെക്കുമെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ അതിവേഗത്തിലുള്ള തീരുമാനങ്ങൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ ഹൈക്കോടതികൾക്ക് പ പാലിക്കേണ്ട സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്.
സുപ്രീം കോടതി പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ:
-
മൂന്ന് മാസത്തെ സമയപരിധി: ഏതൊരു കേസിലും വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചാൽ, ആ തീയതി മുതൽ കൃത്യം മൂന്ന് മാസത്തിനകം വിധി പ്രസ്താവിച്ചിരിക്കണം.
-
ബെഞ്ച് മാറ്റാനുള്ള അവകാശം: വിധി പറയാൻ മാറ്റിവെച്ച് നാല് മാസം പിന്നിട്ടിട്ടും വിധി പ്രസ്താവിച്ചില്ലെങ്കിൽ, കക്ഷികൾക്ക് ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാം. കേസ് പുതിയ ഹിയറിംഗിനായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാൻ കക്ഷികൾക്ക് അവകാശമുണ്ടായിരിക്കും.
-
ജാമ്യാപേക്ഷകളിലെ വേഗത: വ്യക്തിസ്വാതന്ത്ര്യം മുൻനിർത്തിയുള്ള ജാമ്യാപേക്ഷകളിൽ സാധ്യമെങ്കിൽ അന്നുതന്നെ വിധി പറയണം. ഇനി ഉത്തരവ് മാറ്റിവെക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ വിധി പ്രസ്താവിക്കുകയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയും വേണം.
-
തടവുകാരെ ഉടൻ മോചിപ്പിക്കണം: ജാമ്യം അനുവദിച്ചുകൊണ്ടോ ശിക്ഷ സസ്പെൻഡ് ചെയ്തുകൊണ്ടോ ഉള്ള ഉത്തരവുകൾ പുറപ്പെടുവിച്ചാലുടൻ അത് ജയിൽ അധികൃതരെ അറിയിക്കണം. വിചാരണ നേരിടുന്നവരെയോ തടവുകാരെയോ അന്നുതന്നെയോ, പരമാവധി തൊട്ടടുത്ത ദിവസമോ ജയിലിൽ നിന്ന് മോചിപ്പിക്കേണ്ടതാണ്.
-
വിധിന്യായം അപ്ലോഡ് ചെയ്യൽ: കോടതിയിൽ പൂർണ്ണമായ വിധിന്യായം പ്രസ്താവിച്ചാൽ 24 മണിക്കൂറിനകം അത് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കണം. വിധിയിലെ പ്രധാന ഭാഗം (Operative portion) മാത്രമാണ് കോടതിയിൽ പ്രസ്താവിക്കുന്നതെങ്കിൽ, കൃത്യമായ കാരണങ്ങൾ സഹിതമുള്ള വിശദമായ വിധിന്യായം 15 ദിവസത്തിനകം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
തങ്ങൾ പുറപ്പെടുവിച്ച ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക ജഡ്ജിക്കോ ഹൈക്കോടതിക്കോ എതിരെയുള്ള ആക്ഷേപമല്ലെന്നും, നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും വേഗതയും ഉറപ്പുവരുത്താൻ വേണ്ടിയുള്ളതാണെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. വിധി പ്രസ്താവിക്കുന്നതിലെ കാലതാമസം ജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
---------------
Hindusthan Samachar / Roshith K