Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 മെയ് (H.S.)
കേരള സിലബസ് കാലഹരണപ്പെട്ടതാണെന്നും അത് അടിമുടി മാറ്റണമെന്നും ഉള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന അങ്ങേയറ്റം ദൗർഭാഗ്യകരവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെയും, ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്കരണത്തെയും അധിക്ഷേപിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്തടിസ്ഥാനത്തിലാണ് സിലബസ് കാലഹരണപ്പെട്ടതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകണം.
ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം, രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് കേരളം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കിയത്. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പൂർണമായും മാറ്റി എഴുതി. പതിനൊന്നാം ക്ലാസിൽ പുതിയ പാഠപുസ്തകങ്ങൾ ഈ വർഷം മുതൽ പഠനം തുടങ്ങി, പന്ത്രണ്ടാം ക്ലാസിൽ അടുത്ത വർഷവും ഇത് നിലവിൽ വരും. വ്യാപകമായ ജനകീയ ചർച്ചകളിലൂടെയും, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ ആരായുകയും ചെയ്തുകൊണ്ട് രൂപകൽപ്പന ചെയ്തതാണ് ഈ പാഠ്യപദ്ധതി. ആ ഘട്ടത്തിൽ, വികസനാത്മകമായ ഒരു നിർദ്ദേശം പോലും നൽകാൻ തയ്യാറാകാതിരുന്ന പ്രതിപക്ഷ നേതാവ് ആയിരുന്ന വി ഡി സതീശൻ, ഇന്ന് അതിനെ തള്ളിപ്പറയുന്നത് രാഷ്ട്രീയമായ പാപ്പരത്തമാണ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും കലാ-കായിക പരിപോഷണത്തിനും ഊന്നൽ നൽകി, 243 സ്കിൽ സെന്ററുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചത് നമ്മുടെ കുട്ടികൾ ആധുനിക തൊഴിൽ ലോകത്തേക്ക് സജ്ജരാകാനാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ, ഇത്തരം അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയാണ്.
അന്ധവിശ്വാസങ്ങളും അശാസ്ത്രീയതകളും നിറഞ്ഞുനിൽക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കും. പതിറ്റാണ്ടുകൾ കൊണ്ട് കേരളം കെട്ടിപ്പടുത്ത വിദ്യാഭ്യാസ സംസ്കാരം ഇല്ലാതാക്കാനേ ഇത് ഉപകരിക്കൂ. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കും എന്ന ഘട്ടത്തിലാണ് പി എം ശ്രീ പദ്ധതി സംബന്ധിച്ച കരാർ മരവിപ്പിക്കാൻ കേരളം തയ്യാറായത്. എന്നാൽ, പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം സതീശനുണ്ടായ ഈ വെളിപാട് അതീവ ഗൗരവകരമാണ്.
നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ പൊതുവിദ്യാഭ്യാസത്തെ തകർത്ത്, കാവിവൽക്കരണത്തിന് വഴിയൊരുക്കാനുള്ള ഏത് നീക്കത്തെയും പുരോഗമന കേരളം ചെറുത്തുതോൽപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മുസ്ലിം ലീഗിന്റെ മന്ത്രിക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S