Enter your Email Address to subscribe to our newsletters

Chennai , 03 മെയ് (H.S.)
ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിൽ നിന്ന് ലാൻഡിംഗിന് പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടി. ഇന്ന് പുലർച്ചെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീൻ ഷെരീഫ് (30) എന്ന യാത്രക്കാരനാണ് വിമാനം ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടിയത്.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. 217 യാത്രക്കാരുമായി ഷാർജയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ എയർ അറേബ്യ പാസഞ്ചർ വിമാനത്തിൽ നിന്നാണ് യുവാവ് പുറത്തേക്ക് ചാടിയത്. എമർജൻസി എക്സിറ്റ് വഴി ചാടിയതിന് പിന്നാലെ ഓടി രക്ഷപ്പെടാനും ശ്രമിച്ചു. തുടർന്ന് സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.
കൊല്ലാൻ പോകുന്നെന്ന ഭയം മൂലമെന്ന് യുവാവ്
സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായതിന് പിന്നാലെ നിസാര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലും മൊഴിയെടുപ്പിലും ഇയാൾ പരസ്പര വിരുദ്ധമായാണ് പെരുമാറുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആരോ തന്നെ കൊല്ലാൻ വരുന്നെന്ന ഭയം മൂലമാണ് വിമാനത്തിൽ നിന്ന് ചാടിയതെന്ന് യുവാവ് അവകാശപ്പെടുന്നു. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
ഇയാളെ സംബന്ധിക്കുന്ന മറ്റ് വിശദ വിവരങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളയാളാണോ, തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ എന്നിങ്ങനെയും പൊലീസ് അന്വേഷിക്കും. മറ്റെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന നിലയിലും അന്വേഷണം ഊർജിതമാക്കും എന്നും പൊലീസ് പറഞ്ഞു.
ഷാർജയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ എയർ അറേബ്യ പാസഞ്ചർ വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് ഏതാനും നിമിഷം മുൻപാണ് സംഭവം. ഇതോടെ വിമാനത്താവളത്തിൽ കോളിളക്കം സൃഷ്ടിക്കപ്പെട്ടതോടെ, വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുടെയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലാണ് യുവാവിനെ പിടികൂടിയത്. സെൻട്രൽ ഇൻ്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും ചെന്നൈ വിമാനത്താവള സുരക്ഷാ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതിസന്ധിയിലായി വിമാന സർവീസ്
തത്ഫലമായി എയർ അറേബ്യ പാസഞ്ചർ വിമാനം നിശ്ചിത പാർക്കിങ്ങ് വേയിൽ പ്രവേശിപ്പിക്കാതെ ടാക്സി വേയിൽ ദീർഘനേരം നിർത്തിയിട്ടു. ഇതുമൂലം, ലണ്ടനിൽ നിന്ന് ചെന്നൈയിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് പാസഞ്ചർ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ ബെംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചയച്ചു. ഇന്ന് പുലർച്ചെ 4 ന് ഷാർജയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യ പാസഞ്ചർ വിമാനമാണ് പ്രതിസന്ധിയിലായത്. തുടർന്ന് വിമാനം ഒടുവിൽ 7.45 ചെന്നൈയിൽ നിന്ന് പറന്നുയർന്നു.
കൂടാതെ, ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ട ബ്രിട്ടീഷ് എയർവേയ്സ് പാസഞ്ചർ വിമാനം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തി. രാവിലെ 5.30 ന് ലണ്ടനിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഈ വിമാനം ഇന്ന് രാവിലെ 9 മണിക്ക് ലണ്ടനിലേക്ക് പുറപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR