Enter your Email Address to subscribe to our newsletters

Thiruvananthapuram, 03 മെയ് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും സജ്ജം. തെരഞ്ഞെടുപ്പ് ഫലമറിയാൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭാവനിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്
ഇന്ദിരാഭവനു മുന്നിൽ എൽഇഡി വാളുകൾ, പന്തൽ, കുടിവെള്ളം, ഫാനുകൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കി നേതാക്കളും പ്രവർത്തകരും ഒരുമിച്ച് ഫലം അറിയാനാണ് തീരുമാനം. ഭരണത്തിലേക്ക് തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ രാവിലെ ഒൻപത് മണിയോടെ ആസ്ഥാനത്തെത്തും. വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നായിരിക്കും ഫലം വിലയിരുത്തുക. എ കെ ആന്റണി വീട്ടിലിരുന്ന് ജനവിധി നിരീക്ഷിക്കുമെന്ന് അറിയിച്ചപ്പോൾ, കെ സി വേണുഗോപാൽ ഡൽഹിയിലായിരിക്കാനാണ് സാധ്യത. നേരത്തെ സ്ഥാപിച്ച വൈദ്യുതാലങ്കാരങ്ങൾ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ നീക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
അതേസമയം, സിപിഎം ക്യാംപിലും ആത്മവിശ്വാസം നിറഞ്ഞ അന്തരീക്ഷമാണ്. തുടർഭരണം ഉറപ്പാണെന്ന വിലയിരുത്തലിൽ മധുരപലഹാരങ്ങളും പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ എകെജി സെന്ററിലെത്തും. ഫലത്തിന്റെ സാഹചര്യങ്ങൾ അനുസരിച്ച് തിരുവനന്തപുരത്ത് തുടരണോ കണ്ണൂരിലേക്ക് മടങ്ങണോ എന്ന് തീരുമാനിക്കും.
ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിലും വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി വി രാജേഷ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ പത്ത് മണിയോടെ അവിടെ എത്തുമെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S