പ്ലേ ഓഫ് ലക്ഷ്യമിട്ട് വമ്പന്മാർ നേർക്കുനേർ!
Hyderabad , 03 മെയ് (H.S.) ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി സൂപ്പർ സൺഡേ പോരാട്ടങ്ങൾ! പ്ലേ ഓഫ് ബെർത്തിനായി ടീമുകൾ ജീവൻമരണ പോരാട്ടം നടത്തുന്ന ഈ ഘട്ടത്തിൽ, ഹൈദരാബാദിലും അഹമ്മദാബാദിലുമായി ഇന്ന് രണ്ട് വമ്പൻ മത്സരങ്ങളാണ് അരങ്ങേറുന്നത്. തോൽവിക
IPL


Hyderabad , 03 മെയ് (H.S.)

ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി സൂപ്പർ സൺഡേ പോരാട്ടങ്ങൾ! പ്ലേ ഓഫ് ബെർത്തിനായി ടീമുകൾ ജീവൻമരണ പോരാട്ടം നടത്തുന്ന ഈ ഘട്ടത്തിൽ, ഹൈദരാബാദിലും അഹമ്മദാബാദിലുമായി ഇന്ന് രണ്ട് വമ്പൻ മത്സരങ്ങളാണ് അരങ്ങേറുന്നത്. തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയക്കുതിപ്പ് നടത്തുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് കൊൽക്കത്തയുടെ കരുത്തിനെ പരീക്ഷിക്കും. അതേസമയം, പോയിന്റ് പട്ടികയിലെ സിംഹാസനം ഉറപ്പിക്കാൻ പഞ്ചാബ് കിംഗ്സ് ഇറങ്ങുമ്പോൾ, അവർക്ക് വെല്ലുവിളിയുമായി കരുത്തരായ ഗുജറാത്ത് ടൈറ്റൻസ് സ്വന്തം തട്ടകത്തിൽ കാത്തിരിക്കുന്നു. ടേബിൾ ടോപ്പർമാരാകാൻ ഹൈദരാബാദിനും, പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ കൊൽക്കത്തയ്ക്കും ഇന്ന് വിജയം അനിവാര്യമാണ്.

ഹൈദരാബാദിൽ 'ഓറഞ്ച് ആർമി'യുടെ കുതിപ്പ് തുടരുമോ?

വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഇന്ന് നിർണ്ണായകമാണ്. ഇഷാൻ കിഷന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ആദ്യ നാല് കളിയിൽ മൂന്നിലും തോറ്റ് തകർന്നടിഞ്ഞ നിലയിലായിരുന്നു. എന്നാൽ പിന്നീട് ബൗളിംഗ് നിരയെ ഉടച്ചുവാർത്തതോടെ ടീമിന്റെ ഭാഗ്യം മാറി. തുടർച്ചയായ അഞ്ച് വിജയങ്ങളുമായി കുതിക്കുന്ന ഹൈദരാബാദിന് ഇന്ന് ജയിക്കാനായാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം.

മറുഭാഗത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കടുത്ത പ്രതിസന്ധിയിലാണ്. ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ അവർക്ക് കഴിഞ്ഞ മത്സരത്തിൽ ലഖ്നൗവിനെതിരെ സൂപ്പർ ഓവറിൽ നേടിയ വിജയം മാത്രമാണ് ആശ്വാസം. ലങ്കൻ പേസർ മതീഷ പതിരണ ഇന്ന് കൊൽക്കത്തയ്ക്കായി അരങ്ങേറാൻ സാധ്യതയുണ്ട്. പതിരണയുടെ അസാധാരണ ബൗളിംഗ് ശൈലി ഹൈദരാബാദിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

നേർക്കുനേർ: ആകെ 31 മത്സരങ്ങൾ; KKR - 19 ജയം, SRH - 11 ജയം.

ഒന്നാം സ്ഥാനം ഭദ്രമാക്കാൻ പഞ്ചാബ്; പ്രതികാരം വീട്ടാൻ ഗുജറാത്ത്

രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം. ഈ സീസണിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് പഞ്ചാബ് കിംഗ്സ്. എട്ട് മത്സരങ്ങളിൽ ആറ് വിജയങ്ങളുമായി അവർ പട്ടികയിൽ ഒന്നാമതാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന പഞ്ചാബിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാം.

ഹോം ഗ്രൗണ്ടിലിറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഒമ്പത് കളിയിൽ അഞ്ച് ജയം നേടിയ അവർ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ച് മികച്ച ഫോമിലാണ്. സീസണിലെ ആദ്യ പാദത്തിൽ പഞ്ചാബിനോട് ഏറ്റ തോൽവിക്ക് സ്വന്തം മണ്ണിൽ പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ശുഭ്മന് ഗില്ലിനും സംഘത്തിനുമുണ്ട്.

നേർക്കുനേർ: ആകെ 7 മത്സരങ്ങൾ; PBKS - 4 ജയം, GT - 3 ജയം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News