Enter your Email Address to subscribe to our newsletters

Tehran , 03 മെയ് (H.S.)
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാന ചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കാൻ, യുഎസിന് ഇറാൻ്റെ നിർദേശം. ദീർഘകാലമായി നിലനിൽക്കുന്ന ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള സങ്കീർണമായ തർക്കത്തിൽ നിന്ന് പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങളാണ് ഇറാൻ മുന്നോട്ട് വച്ചിരിക്കുന്നത്.
ഇതിനോടകം പാകിസ്താൻ്റെ മധ്യസ്ഥതയിൽ രണ്ട് ഘട്ട സമാധാന ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും, ഇപ്പോളത്തെ പദ്ധതിയുടെ ആദ്യ ഘടകം അടിയന്തര സംഘർഷ പരിഹാര നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎസ് സൈനിക നിലപാട് ലഘൂകരിച്ചുകൊണ്ട് ഇറാനിയൻ എണ്ണ കയറ്റുമതിയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ കുറയ്ക്കണമെന്നും, തന്മൂലമുള്ള സാമ്പത്തിക സമ്മർദം ലഘൂകരിച്ച് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഇല്ലാതാക്കാനും ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാൻ നിർദേശിക്കുന്നു.
രണ്ടാമതായി, ആണവ ചർച്ചകളിൽ തീരുമാനമായിട്ട് ആഗോള എണ്ണ വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നാണ് ഇറാൻ്റെ ആവശ്യം. എന്നാൽ രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ് ആണവോർജം ഉപയോഗപ്പെടുത്തുന്നതെന്നും ഇറാൻ വ്യക്തമാക്കുന്നു. ചർച്ചകളിൽ യുറേനിയം സമ്പുഷ്ടീകരണത്തിൻ്റെയും മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങളുടെയും പരിധികളെപ്പറ്റി ചർച്ചകൾക്ക് ഒരുക്കമല്ലെന്നും ഇറാൻ പറയുന്നു. കൂടാതെ ഇറാന് മേലുള്ള ഉപരോധങ്ങൾ കുറയ്ക്കുന്നതിന്, യുഎസുമായുള്ള എല്ലാ വിട്ടുവീഴ്ചകൾക്കും ദീർഘകാലം നിലനിൽക്കുന്നതും ഏകപക്ഷീയമായി പിന്മാറാത്തതുമായ കരാറിന് തയ്യാറാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ ആണവ അവകാശങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് മറ്റ് വൃത്തങ്ങൾ വിലയിരുത്തുന്നു. ഇതിനൊപ്പം ഭാവിയിലെ സൈനിക നടപടിയുടെ അപകട സാധ്യതയെക്കുറിച്ച് ഇറാനിൽ ഉയർന്ന ആശങ്കകൾ പ്രതിഫലിപ്പിക്കുന്ന, സുരക്ഷാ ഗ്യാരണ്ടികൾക്കായുള്ള ആവശ്യങ്ങളും ഈ നിർദേശത്തിൽ ഉൾപ്പെടുന്നു എന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിന് പാകിസ്താൻ്റെ പങ്ക് ഫലപ്രദമാണെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഔപചാരിക ചർച്ചകൾ ഒന്നും തന്നെ നിലവിൽ തീർപ്പാക്കിയിട്ടില്ലെങ്കിലും, യുഎസും ഇറാനും തമ്മിൽ പ്രാരംഭ ചർച്ചകളിൽ എത്തിയാൽ ഇതിൽ പാകിസ്താൻ്റെ പങ്കിനെ ഇരുപക്ഷവും തള്ളിക്കളയില്ലെന്നും വിലയിരുത്തലുകളുണ്ട്.
ഇറാൻ്റെ നിർദേശത്തോടുള്ള ട്രംപിൻ്റെ പ്രതികരണം
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഇറാൻ്റെ നിർദേശങ്ങളിൽ തൃപ്തനല്ലെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാദം. ഇറാൻ്റെ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുന്നതിനുള്ള കരാറുകൾ ഉൾപ്പെടുത്താത്ത ഒരു നിർദേശങ്ങളും അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കുന്നു.
അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇനിയും ആക്രമണം നടത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ട്രംപ് വിശദീകരണങ്ങളൊന്നും തന്നെ നൽകുന്നില്ല. ഇറാൻ്റെ ആണവപദ്ധതികളെ പൂർണമായും തകർക്കണോ അതോ ഒരു കരാറിൽ എത്തുന്നോ എന്നതാണിപ്പോൾ ചിന്തിക്കേണ്ടതെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു. അതേസമയം ഇറാൻ ചർച്ചകളിൽ പുരോഗതി കൈവരിച്ചു എന്ന് ട്രംപ് അംഗീകരിക്കുന്നുണ്ട്.
ശത്രുത അവസാനിപ്പാക്കാൻ ലക്ഷ്യമിടുന്നെന്ന് ഇറാൻ
അതേസമയം, കൂടുതൽ വിവാദപരമായ വിഷയങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ശത്രുത അവസാനിപ്പിക്കുന്നതിനും വിശാലമായ ഒരു രാഷ്ട്രീയ പ്രക്രിയയ്ക്ക് ഇടം സൃഷ്ടിക്കുന്നതിനുമാണ്, തങ്ങളുടെ ഏറ്റവും പുതിയ നിർദേശം മുൻഗണന നൽകുന്നതെന്ന് ഇറാൻ അധികാരികൾ തറപ്പിച്ചുപറയുന്നു.
അതേസമയം, ട്രംപിൻ്റെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് ചർച്ചയിലൂടെയുള്ള ഒരു ഒത്തുതീർപ്പ് പിന്തുടരണോ അതോ യുദ്ധത്തിലേക്ക് മടങ്ങണോ എന്ന് യുഎസ് തീരുമാനിക്കണമെന്ന് ഇറാൻ വ്യക്തമാക്കി. നയതന്ത്രത്തിൻ്റെ പാതയോ ഏറ്റുമുട്ടലിൻ്റെ തുടർച്ചയോ തെരഞ്ഞെടുക്കേണ്ടത് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ കോടതിയിലാണെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദി പറയുന്നു. ദേശീയ താത്പ്പര്യങ്ങളും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ രണ്ട് വഴികൾക്കും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 11 ന് ഇസ്ലാമാബാദിൽ ഇറാനും യുഎസും തമ്മിലുള്ള ആദ്യ ഘട്ട നേരിട്ടുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്താൻ ഇരുപക്ഷത്തിനും കഴിഞ്ഞില്ല. തുടർന്ന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏകീകൃത നിർദേശം തയാറാക്കാൻ യുഎസ് ഇറാന് കൂടുതൽ സമയം അനുവദിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടിയത്. ഏപ്രിൽ എട്ട് മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഫെബ്രുവരി 28 നാണ് പശ്ചിമേഷ്യൻ സംഘർഷത്തിന് തിരികൊളുത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR