പാചകവാതക വിലവർധനയില് സ്തംഭിച്ച് ഹോട്ടല് മേഖല
Idukki , 03 മെയ് (H.S.) ജില്ലയിലെ ഹോട്ടൽ വ്യവസായം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് ആയിരം രൂപയോളം വർധിപ്പിച്ച നടപടി ഹോട്ടൽ ഉടമകളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ
LPG


Idukki , 03 മെയ് (H.S.)

ജില്ലയിലെ ഹോട്ടൽ വ്യവസായം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് ആയിരം രൂപയോളം വർധിപ്പിച്ച നടപടി ഹോട്ടൽ ഉടമകളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. നിലവിൽ പല ഹോട്ടലുകളും വൻ നഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. സര്ക്കാരിൻ്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാകുമെന്ന ഭീതിയിലാണ് ഈ മേഖല.

വിലവർധനവും ഗ്യാസ് ക്ഷാമവും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാണിജ്യ സിലിണ്ടറുകൾക്ക് വൻതോതിലാണ് വില വർധിപ്പിച്ചത്. ഇതിനുപുറമെ, പാചകവാതകം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യം കൂടി നിലനിൽക്കുന്നത് ഹോട്ടലുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. പാചകവാതകത്തിന് ക്ഷാമം നേരിട്ട സമയങ്ങളിൽ അടച്ചുപൂട്ടിയ പല ഹോട്ടലുകളും ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല. വലിയ ഹോട്ടലുകളെ അപേക്ഷിച്ച് സാധാരണക്കാർ ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകളെയും തട്ടുകടകളെയുമാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

മെനു വെട്ടിക്കുറയ്ക്കുന്നുസാധാരണക്കാരുടെ കീശ ചോരാതിരിക്കാൻ ഭക്ഷണവില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന പല ഹോട്ടലുകളും ഇപ്പോൾ വിഭവങ്ങളുടെ എണ്ണം കുറയ്ക്കുകയാണ്. സ്ഥിരമായി മെനുവിലുണ്ടായിരുന്ന പല വിഭവങ്ങളും ഇപ്പോൾ ഹോട്ടലുകളിൽ ലഭ്യമല്ല.

ഭക്ഷ്യവിഭവങ്ങൾക്ക് വില വർധിപ്പിക്കാതെ നിലനിൽക്കാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പാചകവാതകത്തിന് പുറമെ പച്ചക്കറി, പലചരക്ക് സാധനങ്ങൾ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. ഈ ഭാരം മുഴുവൻ ഉപഭോക്താക്കളുടെ തലയിൽ വെക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല, പക്ഷേ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലാണ് എന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹി സുബൈർ പറയുന്നു.

തൊഴിൽ സുരക്ഷ അപകടത്തിൽ

ജില്ലയിലെ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് ഈ വ്യവസായം. ഹോട്ടലുകൾ അടച്ചുപൂട്ടുകയോ വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോൾ അത് നേരിട്ട് ബാധിക്കുന്നത് തൊഴിലാളികളെയാണ്. സ്ഥാപനങ്ങൾ നഷ്ടത്തിലാകുന്നതോടെ പലയിടത്തും ആളെ കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും ഉടമകൾ നിർബന്ധിതരാകുന്നു.

കൂടുതൽ തിരിച്ചടികൾ

പാചകവാതക വിലയ്ക്ക് പുറമെ മറ്റ് നിരവധി ഘടകങ്ങളും ഹോട്ടൽ മേഖലയെ തളർത്തുന്നുനിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 20-30 ശതമാനം വർധനവുണ്ടായി. വാണിജ്യ ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് വർധനയും തിരിച്ചടിയായി. വിവിധ സർക്കാർ വകുപ്പുകളിൽ അടയ്ക്കേണ്ട ഫീസുകളിലും വർധനവ് ഇതിനോടകം രേഖപ്പെടുത്തി.സർക്കാർ തലത്തിൽ സബ്സിഡികൾ അനുവദിക്കണമെന്നോ അല്ലെങ്കിൽ വാണിജ്യ സിലിണ്ടറുകളുടെ വില നിയന്ത്രിക്കണമെന്നോ ഉള്ള ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ഹോട്ടൽ ഭക്ഷണത്തിന് വലിയ വില നൽകേണ്ടി വരുമെന്നുറപ്പാണ്. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വീണ്ടും വർധിപ്പിക്കാൻ കാരണമാകും.

കേന്ദ്രത്തിന് കത്ത്

വാണിജ്യ സിലിണ്ടർ വില വലിയ തോതിൽ വർധിപ്പിക്കുന്നതിനെതിരെ ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ കത്ത് അയച്ചിരുന്നു. തുടർച്ചയായ വില വർധന ഹോട്ടൽ വ്യവസായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ കേന്ദ്ര സർക്കാരിന് കത്തയച്ചത്. വാണിജ്യ സിലിണ്ടർ വിലക്കയറ്റം ഉടൻ പിൻവലിച്ചില്ലെങ്കിൽ സാധാരണക്കാരെയും ഇത് കാര്യമായി ബാധിക്കുമെന്ന് കത്തിൽ പറയുന്നു. പാചകവാതക വില ഉയരുന്നത് കാരണം ഭക്ഷണത്തിന് വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരാകുന്നു. എന്നാൽ വില കൂടിയാൽ ജനങ്ങൾ ഹോട്ടലുകളെ കൈയൊഴിയുമെന്ന ആശങ്കയും ഇവർക്കുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News