Enter your Email Address to subscribe to our newsletters

Kannur , 03 മെയ് (H.S.)
പേരാവൂരിനൊരു വലതു രാഷ്ട്രീയമാണ്. യുഡിഎഫിന് വേരോട്ടമുള്ള കണ്ണൂരിന്റെ മലയോര മണ്ഡലം. കുടിയേറ്റ മേഖലയും കാർഷിക മേഖലയുമായ പേരാവൂരിന്റെ ഭാവി നിർണയിക്കുന്നതില് കർഷകരുടെ പങ്ക് നിർണായകമാണ്. ചുരുക്കി പറഞ്ഞാല് കർഷക താത്പര്യങ്ങള് സംരക്ഷിക്കുന്ന നേതാക്കള്ക്കും മുന്നണിയ്ക്കും പേരാവൂരില് വിന്നിക്കൊടി പാറിക്കാം.
ആറളം, അയ്യൻകുന്ന്, കണിച്ചാർ,കീഴൂർ, ചാവശ്ശേരി, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകള് അടങ്ങുന്നതാണ് പേരാവൂർ നിയമസഭാ മണ്ഡലം. പാർലമെന്റില് കണ്ണൂർ മണ്ഡലത്തിന്റെ ഭാഗം. പേരാവൂരില് 177249 വോട്ടർമാർ ഉണ്ടെന്നാണ് 2021ലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ഡാറ്റ പറയുന്നത്. 1997ല് രൂപീകരിക്കപ്പെട്ടത് മുതല് യുഡിഎഫ് കോട്ടയാണ് പേരാവൂർ. ചരിത്രത്തില് ആകെ ഒരൊറ്റ തവണ മാത്രമേ പേരാവൂര് പിടിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടുള്ളൂ. അന്ന് ഇടത് പാളയം കളത്തിലിറക്കിയത് കെകെ ശൈലജയെ. പിന്നീട് പക്ഷേ എല്ഡിഎഫിന് പേരാവൂർ പിടിക്കാനായിട്ടില്ല.
രൂപീകൃതമായി ആദ്യ തെരഞ്ഞെടുപ്പ് നേരിട്ട പേരാവൂർ കോണ്ഗ്രസിന്റെ കെപി നൂറുദ്ദീന് അനുകൂലമായി വിധിയെഴുതി. 36,449 വോട്ടുകളാണ് അന്ന് നൂറുദ്ദീൻ നേടിയത്. സിപിഎമ്മിന്റെ ഇപി കൃഷ്ണൻ നമ്പ്യാർക്കെതിരെ 4,984 വോട്ടുകളടെ ലീഡ് നേടിയാണ് നൂറുദ്ദീൻ പേരാവൂരിന്റെ ആദ്യ എംഎല്എ ആയത്. കൃഷ്ണൻ നമ്പ്യാർ 31,465 വോട്ടുകളാണ് നേടിയത്. 1980, 82, 87, 91 തെരഞ്ഞെടുപ്പുകളിലും കെപി നൂറുദ്ദീൻ തന്നെയായിരുന്നു പേരാവൂരില് നിന്ന് വിജയിച്ച് നിയമസഭയില് എത്തിയത്. 1980ല് കോണ്ഗ്രസ് ലേബലില് മത്സരിച്ച കെപി നൂറുദ്ദീൻ പക്ഷേ 82ലെ തെരഞ്ഞെടുപ്പില് സ്വതന്ത്രനായാണ് രംഗത്തെത്തിയത്. സ്വതന്ത്രനായ നൂറുദ്ദീൻ വിജയിച്ചെങ്കിലും വോട്ട് ഭൂരിപക്ഷം കുറഞ്ഞു. കേവലം 126 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നൂറുദ്ദീൻ വിജയിച്ചത്. ഇന്ത്യൻ കോണ്ഗ്രസ് (സോഷ്യലിസ്റ്റ്)ന്റെ പി രാമകൃഷ്ണൻ 36,777 വോട്ടുകളും നേടി. ബിജെപിയുടെ കെ കുഞ്ഞിക്കണ്ണന് 3,356 വോട്ടുകളാണ് നേടാനായത്.
എന്നാല് 87ലെ തെരഞ്ഞെടുപ്പില് വീണ്ടും കോണ്ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. ലീഡ് പ്രതീക്ഷിച്ചതു പോലെ ഉയർത്താനായില്ല. അക്കൊല്ലം നൂറുദ്ദീൻ 47,817 വോട്ടുകള് നേി. രാമചന്ദ്രൻ കടന്നപ്പള്ളി ആയിരുന്നു പ്രധാന എതിരാളി. 46,012 വോട്ടുകളാണ് കടന്നപ്പള്ളി നേടിയത്. ബിജെപിയുടെ കുമാർ നാരത്ത് 46012 വോട്ടുകളും നേടി. 1991ല് വീണ്ടും കെപി നൂറുദ്ദീൻ മത്സരിക്കാനെത്തി. ലീഡ് നില ഉയർത്തിക്കൊണ്ടായിരുന്നു വിജയം. 8,378 വോട്ടുകളുടെ ഭൂരിപക്ഷത്തില് അഞ്ചാമതും നൂറുദ്ദീൻ പേരാവൂരില് നിന്ന് എംഎല്എ ആയി. ഇന്ത്യൻ കോണ്ഗ്രസ് (എസ്) സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി 51,834 വോട്ടുളാണ് നേടിയത്. ബിജെപിയുടെ ആർപി പദ്മനാഭൻ 5,473 വോട്ടുകളാണ് നേടിയത്.
96ലെ തെരഞ്ഞെടുപ്പില് വീണ്ടും കെപി നൂറുദ്ദീൻ മത്സരിച്ചെങ്കിലും ഇന്ത്യൻ കോണ്ഗ്രസ് (സോഷ്യലിസ്റ്റ്)ന്റെ കെടി കുഞ്ഞഹമ്മദിനായിരുന്നു ജയം. കേവലം 186 വോട്ടിന്റെ ഭൂരിപക്ഷത്തില് ആണ് നൂറുദ്ദീന് പരാജയം രുചിക്കേണ്ടി വന്നത്. 2001ല് കോണ്ഗ്രസ് പേരാവൂർ തിരിച്ച് പിടിച്ചു. 64,835 വോട്ടുകള് നേടി പ്രൊഫ.എഡി മുസ്തഫ പേരാവൂരില് നിന്ന് നിയമസഭയിലെത്തി. വിജയിക്കാനായില്ലെങ്കിലും കെടി കുഞ്ഞഹമ്മദ് ലീഡ് ഉയർത്തി. അക്കൊല്ലം കുഞ്ഞഹമ്മദ് നേടിയത് 63,662 വോട്ടുകളാണ്. ബിജെപിയും അത്തവണ വോട്ട് ഉയർത്തി.
2006ലെ തെരഞ്ഞെടുപ്പിലാണ് ചരിത്രത്തില് ആദ്യമായി പേരാവൂർ സിപിഎമ്മിനെ തുണച്ചത്. കെകെ ശൈലജ ടീച്ചറായിരുന്നു മത്സര രംഗത്ത്. 72065 വോട്ടുകള് നേടി ശൈലജ ടീച്ചർ പേരാവൂരിന്റെ എംഎല്എ ആയി. അത്തവണയും കോണ്ഗ്രസിന്റെ പ്രൊഫ.എഡി മുസ്തഫ മത്സരരംഗത്ത് ഉണ്ടായിരുന്നു. 62,966 വോട്ടുകളാണ് മുസ്തഫയ്ക്ക് നേടാനായത്. 2011ലെ തെരഞ്ഞെടുപ്പ് കോണ്ഗ്രസിന് പ്രധാനമായിരുന്നു. പേരാവൂർ തിരിച്ച് പിടിക്കാൻ സണ്ണി ജോസഫിനെ കളത്തിലിറക്കിയായിരുന്നു കോണ്ഗ്രസിന്റെ കളി. കോണ്ഗ്രസിന്റെ തന്ത്രം വിജയിച്ചു. 3440 വോട്ട് ഭൂരിപക്ഷത്തില് സണ്ണി ജോസഫ് വിജയിച്ചു. ശൈലജ ടീച്ചർ പരാജയപ്പെട്ടു.
2011 മുതല് സണ്ണി ജോസഫിന്റെ രാശിയായി പേരാവൂർ. 2016ലും ചരിത്രം ആവർത്തിച്ചു. ലീഡ് ഉയർത്തിക്കൊണ്ടാണ് സണ്ണി ജോസഫ് അക്കൊല്ലം പേരാവൂരില് വിജയിച്ചത്. ഇടത് സ്ഥാനാർഥി അഡ്വ. ബിനോയ് കുര്യൻ ആയിരുന്നു. ഭാരത് ധർമ്മ സേനയുടെ പൈലി വാത്യാട്ട് ആയിരുന്നു മറ്റൊരു സ്ഥാനാർഥി. 65,659 വോട്ടുകളാണ് സണ്ണി ജോസഫ് നേടിയത്. ശൈലജ ടീച്ചർ 57,670 വോട്ടുകളും നേടി. എസ്ഡിപിഐ, വെല്ഫെയർ പാർട്ടി അടക്കം സ്ഥാനാഥികളെ നിർത്തിയിരുന്നു. ആറ് സ്വതമന്ത്ര സ്ഥാനാർഥികള് കൂടി ആയതോടെ 2016ല് പേരാവരില് കാൻഡിഡേറ്റ് ലിസ്റ്റിന് അല്പം നീളം കൂടി.
2021ലും സണ്ണി ജോസഫിനെ തുണയ്ക്കുകയായിരുന്നു പേരാവൂർ. എന്നാല് ഭൂരിപക്ഷം കുറഞ്ഞു. 47.06 ശതമാനം വോട്ടാണ് (66706 വോട്ടുകള്) സണ്ണി ജോസഫ് നേടിയത്. എല്ഡിഎഫ് സ്ഥാനാർഥി സക്കീർ ഹുസൈൻ 44.83 ശതമാനം വോട്ടും (63534 വോട്ടുകള്) നേടി. ഇത്തവണയും സ്ഥാനാർഥികള്ക്ക് പേരാവൂരില് പഞ്ഞമുണ്ടായിരുന്നില്ല. 2016ല് കൂത്തുപറമ്പില് നിന്ന് മത്സരിച്ച് വിജിച്ച് നിയമസഭയിലെത്തിയ ശൈലജ ടീച്ചർ അന്നത്തെ സർക്കാരില് ആരോഗ്യ മന്ത്രി ആയി. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില് മാതൃകാപരമായി ഇടപെട്ട് രാഷ്ട്രീയത്തിനും അപ്പുറം ഒരു ഫാൻബേസ് ഉണ്ടാക്കാൻ ശൈലജ ടീച്ചർക്ക് സാധിച്ചു. 2021ലെ തെരഞ്ഞെടുപ്പില് മട്ടന്നൂരില് നിന്ന് വിജയിച്ച് നിയമസഭയില് എത്തിയെങ്കിലും അത്തവണ മന്ത്രി ആയില്ല ശൈലജ ടീച്ചർ. ഇത് പാർട്ടി അണികള്ക്കിടയില് പോലും വലിയ നിരാശ ഉണ്ടാക്കി.
പഴയ തട്ടകമായ പേരാവൂരിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശൈലജ ടീച്ചർ. ഇത്തവണ കൂടി എല്ഡിഎഫ് വിജയിച്ചാല് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായേക്കാമെന്നും അത് ശൈലജ ടീച്ചർ ആകുമെന്നുമൊക്കെ സംസാരം ഉയർന്നിട്ടുണ്ട്. ഇനി എല്ഡിഎഫ് പ്രതിപക്ഷത്താണെങ്കില് ചരിത്രത്തിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് എന്ന തരത്തിലും ശൈലജ ടീച്ചറുടെ പേര് ഉയർത്തിക്കാട്ടുന്നുണ്ട് ചിലർ. പേരാവൂർ ഇത്തവണ കടുത്ത മത്സരത്തിന് വേദിയായ മണ്ഡലമാണ്. 2011 മുതല് വിജയിച്ച് കയറിയ പ്രതീക്ഷയില് സണ്ണി ജോസഫും ചരിത്രത്തില് ആദ്യമായി പേരാവിനെ ഇടതിനൊപ്പം ചേർത്ത ആത്മവിശ്വാസത്തില് കെകെ ശൈലജ ടീച്ചറും ഏറ്റുമുട്ടുമ്പോള് മണ്ഡലം ആരെ തുണയ്ക്കും എന്ന ആകാംക്ഷയുണ്ട്. ബിജെപിയുടെ പൈലി വാത്യാട്ടും കളം നിറഞ്ഞ സാഹചര്യത്തില് കടുത്ത ത്രികോണ മത്സരം തന്നെയാണ് പേരാവൂരില്. ചരിത്രത്തിലേറെയും കോണ്ഗ്രസിനൊപ്പം നിന്ന മണ്ഡലം ഇത്തവണ ആര് പിടിക്കും എന്നാണ് അറിയേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR