Enter your Email Address to subscribe to our newsletters

Ernakulam , 03 മെയ് (H.S.)
കടലോര ഗ്രാമങ്ങളും കായലുകളും അതിരിടുന്ന പറവൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ വി. ഡി. സതീശൻ എന്ന പേരിന് വലിയ സ്വാധീനമുണ്ട്. 2001 മുതൽ തുടർച്ചയായി 5 തവണ വിജയിച്ച അദ്ദേഹത്തിന് ഇത് ആറാം ഊഴമാണ്. എന്നാൽ മുൻകാലങ്ങളിൽ തങ്ങളുടെ ശക്തമായ സ്വാധീനമേഖലയായിരുന്ന പറവൂർ തിരിച്ചുപിടിക്കാൻ സി.പി.ഐയിലെ പ്രമുഖനായ ഇ. ടി. ടൈസൺ മാസ്റ്ററെയാണ് എൽ.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയത്.
കോൺഗ്രസ് മുൻ നഗരസഭാ അധ്യക്ഷയും പിന്നീട് ബി.ജെ.പിയിലേക്ക് മാറുകയും ചെയ്ത വത്സല പ്രസന്നകുമാറിലൂടെ മണ്ഡലത്തിൽ ചരിത്രം തിരുത്താനാണ് എൻ.ഡി.എ ശ്രമിക്കുന്നത്. വി. ഡി. സതീശന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും ലീഡർ ഓഫ് ഒപ്പോസിഷൻ എന്ന നിലയിലുള്ള പ്രതിച്ഛായയും യു.ഡി.എഫിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കടലാക്രമണം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, ചെല്ലാനം മാതൃകയിലുള്ള പുലിമുട്ട് നിർമ്മാണം എന്നിവ ഇത്തവണ സജീവ ചർച്ചയായി. ഇത്തവണയും 81.74% ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിച്ചിട്ടുണ്ട്.
1957-ൽ മണ്ഡലം രൂപീകൃതമായത് മുതൽ സി.പി.ഐക്ക് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്ന ചരിത്രമാണ് പറവൂരിൻ്റേത്. 1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എൻ. ശിവൻ പിള്ളയാണ് ഇവിടെ നിന്നും വിജയിച്ചത്. കയർ, മത്സ്യബന്ധന മേഖലകളിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശക്തമായ അടിത്തറ ആദ്യകാലങ്ങളിൽ എൽഡിഎഫിന് വലിയ മേൽക്കൈ നൽകി. 1996-ൽ സിപിഐയിലെ പി. രാജുവിനോട് പരാജയപ്പെട്ടെങ്കിലും, 2001-ൽ വി. ഡി. സതീശൻ മണ്ഡലം പിടിച്ചെടുത്തതോടെയാണ് പറവൂരിന്റെ രാഷ്ട്രീയ ചരിത്രം മാറിമറിഞ്ഞത്. തുടർന്ന് ഇങ്ങോട്ട് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം നിലനിർത്തി.
2021-ലെ വോട്ടുനില
വി. ഡി. സതീശൻ (INC): 82,264 വോട്ടുകൾ (51.87%)
എം. ടി. നിക്സൺ (CPI): 60,963 വോട്ടുകൾ (38.44%)
എ. ബി. ജയപ്രകാശ് (BDJS): 12,964 വോട്ടുകൾ (8.17%)
എന്നാല്, പറവൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിൽ ഒന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇ. ടി. ടൈസൺ മാസ്റ്ററുടെ കടന്നുവരവ്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ്റെ 25 വർഷത്തെ അജയ്യമായ കുതിപ്പിന് തടയിടാൻ സി.പി.ഐ മുന്നോട്ടുവെച്ച ഏറ്റവും ശക്തമായ തുറുപ്പുചീട്ടായിരുന്നു ടൈസൺ മാസ്റ്റർ.
കൈപ്പമംഗലം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടുതവണ (2016, 2021) മികച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിയ നേതാവാണ്. ഒരു സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം തികച്ചും ലളിതമായ ജീവിതശൈലിയിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും വോട്ടർമാർക്കിടയിൽ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെടുത്തു. രാഷ്ട്രീയത്തിലോ വ്യക്തിജീവിതത്തിലോ യാതൊരുവിധ വിവാദങ്ങളും ഇല്ലാത്ത നേതാവെന്ന പ്രതിച്ഛായ അദ്ദേഹത്തിന് പറവൂരിലും വലിയ സ്വീകാര്യത നൽകി.
എൽ.ഡി.എഫ് സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളും, കൈപ്പമംഗലം മണ്ഡലത്തിൽ താൻ നടപ്പിലാക്കിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയാണ് അദ്ദേഹം വോട്ട് തേടിയത്. എൽ.ഡി.എഫ് സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളും, കൈപ്പമംഗലം മണ്ഡലത്തിൽ താൻ നടപ്പിലാക്കിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയാണ് അദ്ദേഹം വോട്ട് തേടിയത്.
തുടക്കത്തിൽ 'പുറത്തുനിന്നുള്ള സ്ഥാനാർത്ഥി' എന്ന ആരോപണം ഉയർന്നുവെങ്കിലും, മണ്ഡലത്തിലെ ഓരോ വീടുകളിലും നേരിട്ടെത്തിയുള്ള ടൈസൺ മാസ്റ്ററുടെ ചിട്ടയായ പ്രചാരണം എൽ.ഡി.എഫ് വോട്ടുകൾ പൂർണ്ണമായി ഉറപ്പിച്ചുനിർത്താൻ സഹായിച്ചു. കഴിഞ്ഞ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി എം. ടി. നിക്സൺ 60,963 വോട്ടുകളാണ് പറവൂരിൽ നേടിയത്. എന്നാൽ ഇത്തവണ ടൈസൺ മാസ്റ്ററുടെ വ്യക്തിപ്രഭാവം വോട്ടുവിഹിതം ഗണ്യമായി വർധിപ്പിക്കുമെന്നും വി. ഡി. സതീശൻ്റെ ഭൂരിപക്ഷം കുറയ്ക്കുക്കയോ, അല്ലെങ്കില് ഒരു അട്ടിമറി ജയം വരെ ഇടതുമുന്നണി സ്വപ്നം കാണുന്നുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളായി ഭാരത് ധർമ്മ ജനസേന (BDJS), ബി.ജെ.പി എന്നിവരിലൂടെ എൻ.ഡി.എ തങ്ങളുടെ വോട്ടുവിഹിതം വർധിപ്പിക്കുന്നത് മണ്ഡലത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈഴവ, ക്രൈസ്തവ, ലത്തീൻ കത്തോലിക്കാ വോട്ടുകൾക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. പറവൂരില് ഇനി ആര് വാഴും എന്നതറിയാൻ ഇനി നിമിഷങ്ങള് മാത്രമാണ് ബാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR