Enter your Email Address to subscribe to our newsletters

Idukki , 30 മെയ് (H.S.)
ഇടുക്കിയിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാഞ്ചിയാർ അഞ്ചുരുളിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ വട്ടംചുറ്റിക്കുന്നു. ടൂറിസ്റ്റുകൾക്കായി ലക്ഷങ്ങൾ മുടക്കി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് കഴിഞ്ഞ കുറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
വേനലവധിക്കാലത്ത് ജനത്തിരക്കേറുമ്പോഴും ഈ അത്യാവശ്യ സൗകര്യം പ്രവർത്തനരഹിതമായി തുടരുന്നത് ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദസഞ്ചാരികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. വേനലവധിക്കാലം ആസ്വദിക്കാൻ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ആളുകളാണ് പ്രതിദിനം അഞ്ചുരുളിയിലേക്കെത്തുന്നത്. എന്നാൽ ഇത്രയും വലിയ ജനത്തിരക്കുള്ള ഒരു കേന്ദ്രത്തിൽ ഒരു ടോയ്ലറ്റ് സൗകര്യം പോലുമില്ലെന്നത് വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ നാണക്കേടായി മാറിയിരിക്കുന്നു.
വർഷങ്ങൾക്ക് മുൻപാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ഇവിടെ അത്യാധുനിക രീതിയിലുള്ള ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചത്. തുടർന്ന് ഇത് ലേലം ചെയ്ത് സ്വകാര്യ വ്യക്തിക്ക് നടത്തിപ്പിനുള്ള അനുമതിയും നൽകിയിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾ മാത്രമാണ് ഇത് കൃത്യമായി പ്രവർത്തിച്ചത്. പിന്നീട് ടോയ്ലറ്റ് സമുച്ചയം പൂർണമായും പൂട്ടുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പരിസരപ്രദേശങ്ങളിൽ മറ്റ് പൊതു ശൗചാലയങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.അഞ്ചുരുളിയിൽ ടോയ്ലറ്റ് സംവിധാനം ഇല്ലാത്തത് വലിയൊരു പ്രശ്നമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ സമീപത്തെ വീടുകളിലെത്തി അനുവാദം ചോദിക്കേണ്ട ഗതികേടിലാണ് സഞ്ചാരികൾ. അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി കാഞ്ചിയാർ കക്കാട്ടുകടയിൽ എത്തി ഏതെങ്കിലും സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്നു. എന്ന് പ്രദേശവാസികൾ പറയുന്നു.
അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ വികസനത്തിനായി വലിയ പ്രഖ്യാപനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ടെങ്കിലും ടോയ്ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ ഗ്രാമപഞ്ചായത്തിന് സാധിക്കുന്നില്ല എന്നാണ് ഉയരുന്ന പ്രധാന വിമർശനം. പൂട്ടിക്കിടക്കുന്ന കെട്ടിടം അടിയന്തരമായി തുറന്ന് നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്ന ആവശ്യം നാട്ടുകാർക്കിടയിലും സഞ്ചാരികൾക്കിടയിലും ശക്തമായിക്കഴിഞ്ഞു.
വേനൽച്ചൂടിൽ വലഞ്ഞ് എത്തുന്ന സഞ്ചാരികളുടെ ദുരിതം കണക്കിലെടുത്ത്, ഗ്രാമപഞ്ചായത്ത് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ടോയ്ലറ്റ് കോംപ്ലക്സിൻ്റെ പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കാൻ ലേല നടപടികൾ പുനഃക്രമീകരിക്കണമെന്നുമാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ആവശ്യപ്പെടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR