പശ്ചിമ ബംഗാൾ നിയമസഭയിലെ വ്യാജ ഒപ്പ് രേഖ കേസിൽ തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിയെ സംസ്ഥാന സിഐഡി(ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ്) ചോദ്യം ചെയ്യലിന് വിളിപ്പിച്ചു.
Kolkata , 30 മെയ് (H.S.) പശ്ചിമ ബംഗാൾ നിയമസഭയിലെ വ്യാജ ഒപ്പ് രേഖ കേസിൽ തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിയെ സംസ്ഥാന സിഐഡി(ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ്) ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ സിഐഡി ഉദ്
ABHISHEK BANERJEE


Kolkata , 30 മെയ് (H.S.)

പശ്ചിമ ബംഗാൾ നിയമസഭയിലെ വ്യാജ ഒപ്പ് രേഖ കേസിൽ തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിയെ സംസ്ഥാന സിഐഡി(ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ്) ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ സിഐഡി ഉദ്യോഗസ്ഥർ കൊൽക്കത്തയിലെ കാലിഘട്ട് റോഡിലുള്ള അദ്ദേഹത്തിൻ്റെ വസതിയിലെത്തി സമൻസ് കൈമാറി. സിഐഡി ആസ്ഥാനമായ ഭബാനി ഭവനിൽ അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാനാണ് സമൻസിൽ നിർദേശം നൽകിയിരിക്കുന്നത്.

നിയമസഭയിലെ കൃത്രിമഒപ്പ് വിവാദം

പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കത്താണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ടിഎംസി നിയമസഭാ കക്ഷിയുടെ നേതാവായി ബാലിഗഞ്ച് എംഎൽഎ ശോവൻ ചാറ്റർജിയെ തെരഞ്ഞെടുത്തതിനെ തുടർന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയത്.

ഈ കത്തിൽ 70 എംഎൽഎമാരുടെ ഒപ്പുകളുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ പല എംഎൽഎമാരുടെയും ഒപ്പുകൾ യഥാർഥ ഒപ്പുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് ഒപ്പുകൃത്രിമം നടന്നിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് സിഐഡി അന്വേഷണം ആരംഭിച്ചത്.

അന്വേഷണം ശക്തമാക്കി സിഐഡി

കേസിൻ്റെ ഭാഗമായി സിഐഡി ഇതിനകം തന്നെ നിരവധി ടിഎംസി എംഎൽഎമാരുടെ വീടുകളിൽ സന്ദർശനം നടത്തി മൊഴികൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ തുടർച്ചയായാണ് ശനിയാഴ്ച അഭിഷേക് ബാനർജിയുടെ വസതിയിലും ഉദ്യോഗസ്ഥർ എത്തിയത്.

ആദ്യം ഹരീഷ് മുഖർജി റോഡിലുള്ള അദ്ദേഹത്തിൻ്റെ ശാന്തിനികേതൻ വസതിയിലേക്കാണ് സിഐഡി സംഘം പോയത്. എന്നാൽ പ്രധാന ഗേറ്റ് അടഞ്ഞുകിടന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഉടൻ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. കുറച്ചുസമയം പുറത്തുകാത്തുനിന്ന ശേഷമാണ് അവർ വീട്ടിലേക്ക് പ്രവേശിച്ചത്. അതേസമയം മറ്റൊരു സിഐഡി സംഘം കാലിഘട്ട് റോഡിലുള്ള അഭിഷേക് ബാനർജിയുടെ മറ്റൊരു വസതിയിലേക്കും പോയിരുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കാതെ സിഐഡി

സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വിശദീകരണം തേടിയെങ്കിലും സിഐഡി ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഔദ്യോഗിക വിശദീകരണം നൽകാനാകില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.

എനിക്ക് ഒളിക്കാനൊന്നുമില്ലെന്ന് അഭിഷേക് ബാനർജി

സിഐഡി ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അഭിഷേക് ബാനർജി, സിഐഡി എന്തിനാണ് വീട്ടിലെത്തിയതെന്ന് തനിക്കറിയില്ലെന്നും മുൻകൂട്ടി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങി റോഡിൽവെച്ചുതന്നെ സിഐഡി ഉദ്യോഗസ്ഥരിൽ നിന്ന് സമൻസ് സ്വീകരിച്ചു. നോട്ടീസ് വിശദമായി പരിശോധിച്ചിട്ടില്ലെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷമേ പ്രതികരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ അന്വേഷണം നടക്കുന്നത് പുതിയ കാര്യമല്ലെന്ന് പറഞ്ഞ അഭിഷേക് ബാനർജി, മുമ്പ് സിബിഐയും ഇഡിയും പലതവണ തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.

“എനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. ഇഡി വിളിച്ചപ്പോഴും സിബിഐ വിളിച്ചപ്പോഴും ഞാൻ ഹാജരായിരുന്നു. ഡൽഹിയിലേക്ക് വിളിച്ചപ്പോൾ പോലും പോയിട്ടുണ്ട്. ‘നബജോവാർ’ യാത്രയ്ക്കിടയിലും സിബിഐയും ഇഡിയും സമൻസ് നൽകിയിരുന്നു. അന്നും ഞാൻ അന്വേഷണവുമായി സഹകരിച്ചു. ഇതുവരെ 10 മുതൽ 12 തവണ വരെ വിവിധ ഏജൻസികൾക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. ഞാൻ ഒരിക്കലും ഒളിച്ചോടിയിട്ടില്ല,” എന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അധികാരദുരുപയോഗമെന്ന് ആരോപണം

അന്വേഷണ ഏജൻസികൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. “അധികാരം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ സമ്മർദത്തിലാക്കാനാണ് ശ്രമം. ഇത്തരത്തിൽ അധികാരം ദുരുപയോഗം ചെയ്താൽ അധികനാൾ അധികാരത്തിൽ തുടരാൻ സാധിക്കില്ല. ഇത്തരം നടപടികളിലൂടെ ഞങ്ങളെ രാഷ്ട്രീയ രംഗത്തുനിന്ന് പുറത്താക്കാൻ കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ,എല്ലാവരും പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുന്നിൽ തലകുനിച്ച് നിൽക്കുന്നവരല്ല എന്നും അദ്ദേഹം പരിഹസിച്ചു.

സുവേന്ദു അധികാരിക്കെതിരെയും വിമർശനം

സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കെതിരെയും അഭിഷേക് ബാനർജി രൂക്ഷ വിമർശനം ഉന്നയിച്ചു. അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, പശ്ചിമ ബംഗാളിൻ്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും പണം വാങ്ങുന്ന ദൃശ്യങ്ങളുമായി ക്യാമറയിൽ കുടുങ്ങിയിട്ടില്ലെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News