Enter your Email Address to subscribe to our newsletters

Kochi , 30 മെയ് (H.S.)
ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ. രാജസ്ഥാൻ സ്വദേശി യഷ് (23) നെയാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. ഭൂട്ടാൻ, നേപ്പാൾ എന്നീ അയൽരാജ്യങ്ങളിൽ നിന്നും ആഡംബര എസ് യു വി, എം യു വി വാഹനങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ കടത്തുന്ന അന്തർസംസ്ഥാന റാക്കറ്റിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രതി. മേയ് 27 നായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ നുംഖൂറിൻ്റെ ഭാഗമായാണ് ഈ നിർണായക അറസ്റ്റ് നടന്നത്. കേസിൽ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ഏഴായിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി വിൽപന; യഷ് ഇടനിലക്കാരൻ
കസ്റ്റംസ് ആക്ട് 1962 ലെ വാഹന കടത്തിനെതിരായ വകുപ്പുകൾ ചുമത്തിയാണ് യഷിനെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. ഭൂട്ടാനിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ഉപഭോക്താക്കൾക്ക് വിൽപന നടത്തുന്നതിൽ പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് ഇയാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇയാൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. മുൻപ് ഈ കേസിൽ കൊച്ചി കസ്റ്റംസിൻ്റെ പിടിയിലായ മുഖ്യപ്രതി ബിശ്വാദിപ് ദാസ്, കോഴിക്കോട് സ്വദേശി സെയ്ൻ എന്നിവരുമായി ചേർന്ന് യഷ് സജീവമായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേവലം ഇടനിലക്കാരൻ എന്നതിലുപരി, വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഇത്തരത്തിലുള്ള രണ്ട് കടത്ത് വാഹനങ്ങൾ യഷിൻ്റെ സ്വന്തം പേരിലുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടന്ന് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മീഷണർ ഡോ ടിജു പറഞ്ഞു.
വൻ തിമിംഗലങ്ങൾ വലയിൽ; അന്വേഷണം മോട്ടോർ വാഹന വകുപ്പിലേക്കുംവാഹനക്കടത്ത് മാഫിയയുടെ രാജ്യവ്യാപകമായ ശൃംഖല തകർക്കുന്ന രീതിയിലാണ് കസ്റ്റംസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്. വാഹനക്കടത്ത് കേസിലെ വലക്കണ്ണികൾ കേരളം, അസം, രാജസ്ഥാൻ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കാണ് വ്യാപിച്ചുകിടക്കുന്നത്. കേസിലെ മുഖ്യസൂത്രധാരനായ ബിശ്വാദിപ് ദാസ്, കോഴിക്കോട്ടെ പ്രമുഖ സെക്കൻഡ് ഹാൻഡ് ആഡംബര കാർ ഷോറൂമായ 'റോഡ്വേ കാർസ്' പങ്കാളി സെയ്ൻ മർവ, അസമിലെ ബൊംഗൈഗാവ് ഡി.ടി.ഒ ദീപക് പൊട്ടവാരി എന്നിവരെ കസ്റ്റംസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ആഡംബര വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന ശേഷം അസമിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രജിസ്ട്രേഷൻ സമ്പാദിക്കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. ഇതിനായി വൻ തുകയാണ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയിരുന്നത്.
കസ്റ്റംസ് നീക്കം ശക്തം; മറ്റ് ഏജൻസികളും രംഗത്തേക്ക്
അയൽരാജ്യങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് അതിർത്തി കടത്തുന്ന ആഡംബര വാഹനങ്ങൾ പിന്നീട് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തിച്ച് വൻ തുകയ്ക്കാണ് മറിച്ചുവിറ്റിരുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിട്ടുള്ളത്.
ഈ കള്ളപ്പണ ഇടപാടുകളെക്കുറിച്ചും നികുതി വെട്ടിപ്പിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കും സംസ്ഥാന മോട്ടോർ വാഹന വകുപ്പുകൾക്കും കസ്റ്റംസ് കൈമാറിയിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും പ്രമുഖരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കേസിൽ കൂടുതൽ ഊർജിതമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണന്ന് കമ്മീഷണർ ഡോ.ടിജു വ്യക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR