Enter your Email Address to subscribe to our newsletters

Banglore , 30 മെയ് (H.S.)
കര്ണാടക കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് ഡികെ ശിവകുമാറിനെ കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി നേതാവായി തിരഞ്ഞെടുത്തു.
എംഎല്എമാരുടെ യോഗത്തില് സിദ്ധരാമയ്യയാണ് അദ്ദേഹത്തിന്റെ പേര് നിര്ദേശിച്ചത്. സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് ഒത്തുകൂടിയിരിക്കുന്നത് എന്ന് സിദ്ധരാമയ്യ എംഎല്എമാരുടെ യോഗത്തിന്റെ തുടക്കത്തില് തന്നെ പറഞ്ഞു.
കര്ണാടക സംസ്ഥാനത്തിനും കോണ്ഗ്രസ് പാര്ട്ടിക്കും സിദ്ധരാമയ്യ നല്കിയ സംഭാവനകള്ക്ക് നന്ദി പ്രകാശിപ്പിച്ച് ഒരു പ്രമേയവും യോഗം പാസാക്കി. 2013 മുതല് 2018 വരെയും 2023 മുതല് 2026 വരെയുമാണ് സിദ്ധരാമയ്യ കര്ണാടകയില് കോണ്ഗ്രസ് മുഖ്യമന്ത്രിയായത്. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില് ഇനി ശിവകുമാര് ഗവര്ണറെ കാണും. ലളിതമായ ചടങ്ങില് സത്യപ്രതിജ്ഞ സംഘടിപ്പിക്കാനാണ് തീരുമാനം.
കര്ണാടക രാഷ്ട്രീയത്തില് ഏറെക്കാലമായി നിലനിന്നിരുന്ന മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ആകാംഷകള്ക്ക് ഇതോടെ വിരാമമായി. സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര് ജൂണ് 3-ന് ചുമതലയേല്ക്കും. അദ്ദേഹമാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കര്ണാടക നിയമസഭയില് പുതിയ കാലഘട്ടത്തിന് തുടക്കമിട്ടുകൊണ്ട്, ഏറെ രാഷ്ട്രീയ ചര്ച്ചകള്ക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം.
സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം ഡി.കെ. ശിവകുമാര് എപ്പോഴാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക എന്നതിനെക്കുറിച്ച് നിലനിന്ന ആശയക്കുഴപ്പങ്ങള്ക്കാണ് ഇപ്പോള് വ്യക്തത വന്നിരിക്കുന്നത്. കോണ്ഗ്രസ് ഹൈക്കമാന്ഡ് നടത്തിയ തുടര്ച്ചയായ യോഗങ്ങള്ക്കും ചര്ച്ചകള്ക്കും ശേഷമാണ് ഈ തീരുമാനമുണ്ടായത്. കെപിസിസി അധ്യക്ഷന് കൂടിയായ 'ട്രബിള് ഷൂട്ടര്' ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം ലഭിക്കുമോ എന്ന ആകാംഷ ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളില് സജീവമായിരുന്നു.
സിദ്ധരാമയ്യയുടെ ഭരണത്തിന് ശേഷം പാര്ട്ടിയെ നയിക്കാന് ഡി.കെ. ശിവകുമാറിന്റെ സംഘടനാ ശേഷി തന്നെയാണ് കൂടുതല് അനുയോജ്യമെന്ന് ഹൈക്കമാന്ഡ് വിലയിരുത്തി. ആദ്യമായി മുഖ്യമന്ത്രി പദവിയിലെത്തുമ്പോഴും ആഡംബരങ്ങളില്ലാതെ വളരെ ലളിതമായിരിക്കും ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങെന്ന് അടുത്തവൃത്തങ്ങള് സൂചിപ്പിക്കുന്നു. ആദ്യ ഘട്ടത്തില് വിധാന് സൗധയുടെ മുന്നിലെ പടവുകളില് വലിയൊരു പൊതുപരിപാടിയായി സത്യപ്രതിജ്ഞ നടത്താനാണ് ഡി.കെ. ശിവകുമാര് തീരുമാനിച്ചിരുന്നത്. എന്നാല് കോണ്ഗ്രസ് ഹൈക്കമാന്ഡിന്റെ പ്രത്യേക നിര്ദ്ദേശപ്രകാരം ഈ തീരുമാനം മാറ്റുകയായിരുന്നു.
പൊതുഗതാഗതത്തിന് തടസ്സമുണ്ടാകരുത് എന്നതിനാലാണ് രാജ്ഭവനിലെ (ലോക്ഭവന്) ഗ്ലാസ് ഹൗസില് ലളിതമായ ചടങ്ങ് നടത്താന് തീരുമാനിച്ചതെന്നാണ് വിവരം. 'സര്ക്കാരിന്റെ പണം ധൂര്ത്തടിക്കാതെ ലാളിത്യത്തിലൂടെ ഭരണം ആരംഭിക്കാനാണ് പുതിയ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന്' കോണ്ഗ്രസ് നേതാവ് ജി.സി. ചന്ദ്രശേഖര് അറിയിച്ചു.
സത്യപ്രതിജ്ഞാ തീയതി നേരത്തെ പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് ഗുരുജി ജൂണ് 5, 6, 7 തീയതികളായിരുന്നു നിര്ദ്ദേശിച്ചത്. എന്നാല് ഹൈക്കമാന്ഡിന്റെ നിര്ദ്ദേശങ്ങളും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ച് ജൂണ് 3 ബുധനാഴ്ച വൈകുന്നേരം 5:15-ലേക്കാണ് തീയതി അന്തിമപ്പെടുത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR