ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.
Thiruvananthapuram , 30 മെയ് (H.S.) ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഇഡി പോലെ ഒരു അന്വേഷണ ഏജൻസിക്ക് നേരെ ഉണ്ടായ അക്രമണം ഗൗരവം ഉള്ളത് എന്ന നീരീക്ഷണത്തോടെയാണ് ജാമ്യം തള്ളിയത്. തിരുവനന്തപുരം ജു
ED OFFICIALS ATTACK CASE


Thiruvananthapuram , 30 മെയ് (H.S.)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഇഡി പോലെ ഒരു അന്വേഷണ ഏജൻസിക്ക് നേരെ ഉണ്ടായ അക്രമണം ഗൗരവം ഉള്ളത് എന്ന നീരീക്ഷണത്തോടെയാണ് ജാമ്യം തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസിൻ്റെതാണ് ഉത്തരവ്. അവരുടെ വാഹനങ്ങള് ആയുധം ഉപയോഗിച്ച് അടിച്ച് തകര്ത്ത് ഭീകര അന്തരീക്ഷം സൃഷ്ടിച്ച പ്രതികള്ക്ക് ഒരു തരത്തിലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു.

ഉന്നത രാഷ്ട്രീയ ബന്ധമുളള പ്രതികള്ക്ക് ജാമ്യം നല്കിയാല് സംസ്ഥാനം വിട്ട് പോകാനും സമാന അക്രമ സംഭവങ്ങള് നാട്ടിലുടനീളം ഉണ്ടാകാനും സാധ്യത ഉളളതായി പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചു. വാഴോട്ടുകോണം തോപ്പ്മുക്ക് എം.വി.ആര്-49-ല് ആര്.നിധിന് രാജ്, വിളപ്പില്ശാല ബി.പി.നഗര് എസ്.എം.എസ് ഭവനില് എം.മനോജ്, വഞ്ചിയൂര് മിത്രനികേതന് ഹോസ്റ്റലിന് സമീപമുളള ജെ.ജീവന്, പാറ്റൂര് സമദ് ഹോസ്പിറ്റലിന് സമീപമുളള എ.ഷാഹിന്, പളളിച്ചല് നരുവാംമൂട് തൈവിളാകം സ്വദേശി ആര്. ശ്രീജിത് എന്നിവരുടെ ജാമ്യ ഹര്ജിയാണ് തള്ളിയത്.

റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര് രേഖകളുമായി മടങ്ങി ഓഫീസില് എത്തുമ്പോഴാണ് കൃത്യനിര്വ്വഹണം പൂര്ത്തിയാകുന്നത്. ഇവിടെ രേഖകളുമായി മടങ്ങിയ ഉദ്യോഗസ്ഥരെയാണ് കൃത്യനിര്വ്വഹണം തടഞ്ഞ് ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ചതെന്നും ഉദ്യോഗസ്ഥര്ക്ക് പരിക്കുണ്ടെന്നും പ്രോസിക്യൂട്ടര് കല്ലംപളളി മനു കോടതിയെ ധരിപ്പിച്ചു. ഉദ്യോഗസ്ഥര് അവരുടെ ഔദ്യോഗിക കൃത്യനിര്വ്വഹണത്തിന് ഉപയോഗിച്ച വാഹനം പൊതുമുതലായാണ് നിയമത്തില് കണക്കാക്കുന്നതെന്നും പ്രോസിക്യൂട്ടര് കോടതിയെ അറിയിച്ചു.

അറസ്റ്റ് ചട്ടങ്ങള് പാലിച്ചില്ല, ഉദ്യോഗസ്ഥര് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ സമയം കൊണ്ട് തന്നെ ഔദ്യോഗിക കൃത്യനിര്വ്വഹണം തടസപ്പെട്ടില്ല, സ്വകാര്യ വാഹനം ആയത് കൊണ്ട് തന്നെ പൊതുമുതല് നശിപ്പിക്കപ്പെട്ടില്ല എന്നിവയായിരുന്നു പ്രതിഭാഗം വാദം.

സംഭവമിങ്ങനെ

മുന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇഡിയുടെ വാഹനം സിപിഎം പ്രവര്ത്തകര് അടിച്ചുതകര്ത്തത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയൻ്റെ വാടക വീട്ടിൽ നിന്നും മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ല്, ഇഷ്ടിക, വടി, എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പൊലീസും കേന്ദ്ര സേനയും കാവലുണ്ടായിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം വലിയ സുരക്ഷാ വീഴ്ചയാണ്.

KL01 DA 296, KL 22 S 8016 എന്നീ നമ്പർ പ്ലേറ്റുള്ള കാറിൻ്റെ ഇരുവശങ്ങളിലെയും ചില്ലുകൾ അടിച്ച് തകർത്തു. മുൻവശത്തെ ചില്ലുകൾ ഇഷ്ടിക കൊണ്ട് എറിഞ്ഞാണ് തകർത്തത്. പിന്നിലെ ചില്ലുകൾക്ക് പുറമേ റിവ്യു മിററും കൈകൊണ്ട് അടിച്ചു തകർത്തു. സംഭവത്തിൽ വനിത ഉദ്യോഗസ്ഥയടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. വാഹനത്തിൻ്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News