മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്ന അധിക ജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന് തമിഴക വെട്രി കഴകം നേതാവും തമിഴ്നാട് കമ്പം എംഎൽഎയുമായ ജഗന്നാഥ് മിശ്ര
Idukki , 30 മെയ് (H.S.) മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്ന അധിക ജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന് തമിഴക വെട്രി കഴകം നേതാവും തമിഴ്നാട് കമ്പം എംഎൽഎയുമായ ജഗന്നാഥ് മിശ്ര. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ
Mullaperiyar


Idukki , 30 മെയ് (H.S.)

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്ന അധിക ജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന് തമിഴക വെട്രി കഴകം നേതാവും തമിഴ്നാട് കമ്പം എംഎൽഎയുമായ ജഗന്നാഥ് മിശ്ര. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ സംഭരണ ശേഷി വർധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി നെടുങ്കണ്ടം ആനക്കല്ലിൽ സന്ദർശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്ന അധിക ജലം തമിഴ്നാട്ടിലേക്ക് തരുക

അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ അധികമായി വരുന്ന വെള്ളം നിലവിൽ സ്പിൽവേ വഴി ഇടുക്കി ഡാമിലേക്കാണ് ഒഴുക്കുന്നത്. വർഷത്തിൽ അഞ്ചോളം തവണ ഇത്തരത്തിൽ ഇടുക്കിയിലേക്ക് വെള്ളം ഒഴുകിപ്പോകുന്നുണ്ട്. അവിടെ നിന്നും ഈ വെള്ളം പിന്നീട് അറബിക്കടലിലേക്ക് ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ, കടലിലേക്ക് ഒഴുക്കി കളയുന്ന അധിക ജലം പൂർണമായും തമിഴ്നാട്ടിലേക്ക് തിരിച്ചുവിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജഗന്നാഥ് മിശ്രയുടെ ആവശ്യം.

മുല്ലപ്പെരിയാർ വിഷയം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനോ രാഷ്ട്രീയ ലാഭത്തിനോ വേണ്ടി ആരും ഉപയോഗിക്കരുതെന്നും എംഎൽഎ ഓർമ്മിപ്പിച്ചു. മുൻകാലങ്ങളിലെ രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തമായി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള തമിഴ്നാട് ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ട്ടിക്കരുത്

മാധ്യമങ്ങളായാലും രാഷ്ട്രീയ പാർട്ടികളായാലും കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്കിടയിൽ ഭിന്നതയോ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ സഹോദരങ്ങളെപ്പോലെ ഒന്നിച്ച് മുന്നോട്ട് പോകേണ്ടവരാണ്. കേരളത്തിലെ ഭരണകൂടവുമായും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുമായും തനിക്ക് നല്ല രീതിയിലുള്ള ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ഒരുപോലെ ഗുണകരമാകുന്ന പുരോഗമനപരമായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിവികെ നേതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

മുല്ലപ്പെരിയാർ വിവാദങ്ങളുടെ ചരിത്രം

1886തിരുവിതാംകൂർ രാജ്യവും ബ്രിട്ടീഷ് മദ്രാസ് പ്രസിഡൻസിയും തമ്മിൽ 999 വർഷത്തെ ലീസ് കരാർ ഒപ്പുവെച്ചു. പെരിയാർ നദിയിലെ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടാൻ അനുമതി നൽകി.

1887–1895മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചു, 1895 ൽ പ്രവർത്തനം ആരംഭിച്ചു.

1979സുരക്ഷാ ആശങ്കകൾ ആരംഭിക്കുന്നു. ഡാമിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നു. കേന്ദ്ര ജല കമ്മീഷൻ അധ്യക്ഷനായിരുന്ന കെസി തോമസിൻ്റെ നേതൃത്വത്തിലുള്ള ചർച്ചയ്ക്ക് ശേഷം ജലനിരപ്പ് 152 അടിയിൽ നിന്ന് 136 അടിയാക്കി.

2000–2006 സുപ്രീം കോടതി ഇടപെടൽ2006 ഫെബ്രുവരിയിൽ സുപ്രീം കോടതി തമിഴ്നാടിന് ജലനിരപ്പ് 142 അടിവരെ ഉയർത്താം എന്ന് വിധിച്ചു. കൂടുതൽ സുരക്ഷാ ജോലികൾ പൂർത്തിയാക്കിയാൽ 152 അടി വരെ പരിഗണിക്കാമെന്നും പറഞ്ഞു.

2006 മാർച്ച്കേരള ഇറിഗേഷൻ ആൻ്റ് വാട്ടർ കൺസർവേഷൻ (Amendment) ആക്ട്, 2006 പാസാക്കി. മുല്ലപ്പെരിയാറിനെ ഭീഷണി നേരിടുന്ന അണക്കെട്ട് ആയി പ്രഖ്യാപിച്ച് ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തി.

2007 പുതിയ ഡാം നിർദ്ദേശംകേരള മന്ത്രിസഭ പുതിയ ഡാം നിർമ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് അനുമതി നൽകി. തമിഴ്നാട് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

2010 എംപവേർഡ് കമ്മിറ്റിസുപ്രീം കോടതി നിയോഗിച്ച സമിതി മുൻ ചീഫ് ജസ്റ്റിസ് ആനന്ദ് അധ്യക്ഷനായ അഞ്ച് അംഗ കമ്മിറ്റി രൂപീകരിച്ചു. കേരളവും തമിഴ്നാടും ഓരോ അംഗങ്ങളെ നാമനിർദേശം ചെയ്തു. ഡാമിൻ്റെ സുരക്ഷയും ജലനിരപ്പും പഠിക്കാൻ ചുമതല നൽകി.

2012 കമ്മിറ്റി റിപ്പോർട്ട്ഡാം ഘടനാപരമായും ജലശാസ്ത്രപരമായും സുരക്ഷിതമാണ് എന്ന് റിപ്പോർട്ട്. 142 അടി വരെ ജലനിരപ്പ് ഉയർത്താമെന്ന് ശുപാർശ ചെയ്തു.

2011 – ഭൂചലനങ്ങളും പ്രതിഷേധങ്ങളുംഇടുക്കി മേഖലയിലെ ചെറിയ ഭൂചലനങ്ങൾ കാരണം കേരളത്തിൽ വലിയ ആശങ്ക ഉണ്ടായി. കേരളം കേന്ദ്രസർക്കാരിനോട് ഇടപെടൽ ആവശ്യപ്പെട്ടു. പുതിയ ഡാമിനായുള്ള ആവശ്യം ശക്തമായി.

2014 – സുപ്രീം കോടതിയുടെ നിർണായക വിധിമേയ് ഏഴ്, 2014 കേരളത്തിൻ്റെ 2006ലെ നിയമം സുപ്രീം കോടതി റദ്ദാക്കി. തമിഴ്നാടിന് ജലനിരപ്പ് 142 അടി വരെ ഉയർത്താം എന്ന് വീണ്ടും വ്യക്തമാക്കി. ഡാമിൻ്റെ സുരക്ഷ നിരീക്ഷിക്കാൻ മൂന്ന് അംഗ കമ്മിറ്റിയെ രൂപീകരിച്ചു.

2021–2022 : വീണ്ടും സുപ്രീം കോടതി ഇടപെടൽ2021

ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നു. കേരളം 136 അടി വേണമെന്ന് ആവശ്യപ്പെട്ടു. തമിഴ്നാട് 142 അടി നിലപാട് തുടർന്നു.

2022

സുപ്രീം കോടതി കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് (NDSA) സമാന അധികാരങ്ങൾ നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News