Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 മെയ് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ജനകീയ മഹാ ശുചീകരണ യജ്ഞത്തിൻ്റെ ജീവനാഡി ശുചീകരണത്തൊഴിലാളികളാണെന്ന് ആരോഗ്യ - കുടുംബക്ഷേമ - ദേവസ്വം വകുപ്പു മന്ത്രി കെ മുരളീധരൻ പറഞ്ഞു. തുടക്കം എന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രോജക്ടുമായി സഹകരിക്കുന്ന എല്ലാ ജീവനക്കാരെയും സംരക്ഷിക്കും. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ നിലത്തു കിടത്തുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് അടുത്ത ലക്ഷ്യം.
ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പാകാൻ പാടില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യക്കുറവാണ് മെഡിക്കൽ കോളേജിലെ തിരക്കിനു കാരണം. ആ കുറവു പരിഹരിക്കേണ്ടതുണ്ട്. ഡോക്ടർമാർ ദൈവദൂതരല്ല. എന്നാൽ ഡോക്ടർമാരുടെ സന്തോഷം പകരുന്ന സമീപനം രോഗിക്ക് ആശ്വാസമേകുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വി മുരളീധരൻ എം എൽ എ അധ്യക്ഷനായി. മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി, വാർഡ് കൗൺസിലർ എസ് എസ് സിന്ധു, ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ ബിനു ഫ്രാൻസിസ് ഐ എ എസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഡോ കെ വി വിശ്വനാഥൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ കെ ജെ റീന, ഡി എം ഒ ഡോ ബിന്ദു മോഹൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ, ആശുപത്രി സൂപ്രണ്ട് ഡോ സി ജി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
ചിത്രം: മെഡിക്കൽ കോളേജിൽ നടന്ന ജനകീയ മഹാ ശുചീകരണ യജ്ഞം തുടക്കം സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
---------------
Hindusthan Samachar / Sreejith S