Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 മെയ് (H.S.)
ഹെൽമെറ്റ് കൊണ്ടടിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി. കുന്നത്തുകാൽ വില്ലേജിലെ ചെറിയകൊല്ല മലയിൻകാവ് മാവുവിള പുത്തൻവീട്ടിൽ മെറ്റീസിൻ്റെ മകനായ അക്കാനി മണിയനെയാണ് (49 വയസ്) ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത് .
പ്രതി പിഴ ഒടുക്കാത്ത പക്ഷം ആറു മാസം കഠിനതടവും അനുഭവിക്കേണ്ടിവരും. ഇതിനു പുറമെ ഈ കേസിലെ ഒന്നാം സാക്ഷിയായ നന്ദകുമാറിനെയും പ്രതി ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഈ കേസിൽ ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഒരു മാസം കഠിന തടവും അനുഭവിക്കണം. ശിക്ഷകൾ എല്ലാം ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും പ്രതി ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽ നിന്ന് കുറച്ചുകൊടുക്കാനും കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.
കേസിൻ്റെ പശ്ചാത്തലം
കേസിനാസ്പദമായ സംഭവം നടന്നത് 03 ജൂണ് 2023ന് രാത്രി ഏഴ് മണിക്കാണ്. കൊലചെയ്യപ്പെട്ട ശാന്തകുമാറിൻ്റെ സഹോദരൻ നന്ദകുമാറിനെ മലയിൻകാവ് അന്ന വർക്ക്ഷോപ്പിൻ്റെ സമീപത്തുള്ള റോഡിൽ വച്ച് പ്രതി ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്ത് അടിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ ശാന്തകുമാറിനെ അതെ ഹെൽമെറ്റ് ഉപയോഗിച്ച് പ്രതി തലയ്ക്കു അടിക്കുകയും ചവിട്ടി റോഡ് സൈഡിലെ ഓടയിൽ തള്ളി ഇടുകയും ചെയുകയായിരുന്നു.
പിന്നീട് ശാന്തകുമാറിനെ പനച്ചമൂട് മഠം ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് കൊണ്ടുപോയി. അവിടെനിന്ന് ആനപ്പാറ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തി. എന്നാൽ പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞു വരവേ 08 ജൂണ് 2023ന് വൈകുന്നേരം നാല് മണിയോടെ ശാന്തകുമാർ മരിക്കുകയായിരുന്നു.
ശാന്തകുമാറിൻ്റെ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് കവറിൽ സൂക്ഷിച്ചിരുന്ന 1800 രൂപ പ്രതിയായ മണിയൻ എടുക്കുകയും അത് കണ്ട മുരുകൻ എന്ന ഒരാൾ ശാന്തകുമാറിൻ്റെ ചേട്ടൻ നന്ദകുമാറിനോട് ഈ വിവരം പറയുകയും ചെയ്തു. പ്രതിയായ മണിയനെ കാണനെത്തിയ നന്ദകുമാറിനെ ഇയാൾ മർദിച്ചു. ഇത് ചോദ്യം ചെയാനെത്തിയ നന്ദകുമാറിൻ്റെ സഹോദരനായ ശാന്തകുമാറിനെ പ്രതി ഹെൽമെറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കോടതിയിലെ വിസ്താരം
പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും, 31 റെക്കാർഡുകൾ, എട്ട് തൊണ്ടി മുതലുകൾ എന്നിവ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രസ്തുത തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് നിഷ്പ്രയാസം വിജയിച്ചു. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എആർ ഷാജിയാണ് ഹാജരായത്.
അഡ്വക്കേറ്റ്മാരായ വെമ്പായം എ ഷമീർ, അസീം, നീരജ് , ഉദയൻ പുനലൂർ, അഖില അജി, അർച്ചന ആർ തോമസ്, അനീറ്റ മേരി അലക്സ്, ഭാഗ്യലക്ഷ്മി എന്നിവരും കോടതിയിൽ ഹാജരായി. കേസിൻ്റെ അന്വേഷണം പൂർത്തിയാക്കി ഫൈനൽ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിച്ചത് വെള്ളറട പൊലീസ് സ്റ്റേഷൻ എസ്എച്ഒമാർ ആയിരുന്ന എം ആർ മൃദുൽ കുമാറും, കെ ധനപാലനും ആയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR