രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം, ജൂൺ 1 മുതൽ പുതിയ ട്രാഫിക് പരിഷ്കാരം
Idukki , 30 മെയ് (H.S.) ഇടുക്കി രാജാക്കാട് ടൗണിൽ കിലോമീറ്ററുകളോളം നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. ജൂൺ ഒന്നാം തീയതി മുതൽ ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ കർശനമായി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിൻ്റെ മുന്നോ
Rajakkad


Idukki , 30 മെയ് (H.S.)

ഇടുക്കി രാജാക്കാട് ടൗണിൽ കിലോമീറ്ററുകളോളം നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. ജൂൺ ഒന്നാം തീയതി മുതൽ ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ കർശനമായി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചു.

ഇതിൻ്റെ മുന്നോടിയായി രാജാക്കാട് ബസ്സ്റ്റാൻഡ് പൂർണമായും ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ബസുകൾ ഇനിമുതൽ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്ത് മാത്രമേ സർവീസ് നടത്താവൂ എന്നതടക്കമുള്ള കടുത്ത നിർദ്ദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

വ്യക്തമായ മാസ്റ്റർ പ്ലാൻ; യാത്രക്കാർക്ക് ഇനി സുരക്ഷിതമായി യാത്ര ചെയ്യാം

രാജാക്കാട് ടൗണിൽ നാളുകളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും തടസങ്ങൾക്കും വിരാമമിടാനാണ് പുതിയ ട്രാഫിക് പരിഷ്കാരം ലക്ഷ്യമിടുന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി, എവിടെയൊക്കെ ബസുകൾ നിർത്തണം, എവിടെയൊക്കെ പാർക്കിങ് അനുവദിക്കാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് അധികൃതരുടെ നീക്കം. പുതിയ പരിഷ്കാരം വരുന്നതോടെ യാത്രക്കാർക്ക് ബസ് സ്റ്റാൻഡിനുള്ളിൽ സൗകര്യപ്രദമായി കാത്തുനിൽക്കാൻ സാധിക്കും.

ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് തിളങ്ങി

പുതിയ മാറ്റങ്ങൾക്ക് മുന്നോടിയായി രാജാക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പൂർണമായും കഴുകി വൃത്തിയാക്കി. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കിങ്ങിണി രാജേന്ദ്രൻ, ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയിൽ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ശുചീകരണ നടപടികൾ പൂർത്തിയായത്. വ്യാപാരികൾക്കോ പൊതുജനങ്ങൾക്കോ ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്ത രീതിയിലാണ് പുതിയ ക്രമീകരണങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി വിജയകരമായി നടപ്പിലാക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളോടൊപ്പം സജീവമായി രംഗത്തുണ്ട്. പുതിയ പരിഷ്കാരങ്ങളോട് പൊതുജനങ്ങളും വ്യാപാരികളും ബസ് ജീവനക്കാരും പൂർണമായി സഹകരിക്കണം കിങ്ങിണി രാജേന്ദ്രൻ പറഞ്ഞു.

നിയമം ലംഘിച്ചാൽ പിടിവീഴും; മോട്ടോർ വാഹന വകുപ്പും പൊലീസും രംഗത്ത്

വരും ദിവസങ്ങളിൽ ടൗണിൽ കൂടുതൽ കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകും. ജൂൺ ഒന്ന് മുതൽ നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി കർശന നടപടി സ്വീകരിക്കും. നോ പാർക്കിങ് മേഖലകളിൽ വാഹനം നിർത്തുന്നവർക്കെതിരെയും സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെയും പിഴയടക്കമുള്ള നടപടികളുണ്ടാകും.

വർഷങ്ങളായുള്ള ജനങ്ങളുടെ വലിയൊരു ആവശ്യത്തിനാണ് ഇപ്പോൾ രാജാക്കാട് പഞ്ചായത്ത് ഭരണസമിതി ശക്തമായ നടപടികളിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നത്. ജൂൺ ഒന്നാം തീയതി മുതൽ ടൗൺ പൂർണ്ണമായും പുതിയ ട്രാഫിക് നിയമങ്ങളിലേക്ക് മാറുമ്പോൾ, അത് എത്രത്തോളം ഫലപ്രദമായി നടപ്പാക്കാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും രാജാക്കാടിൻ്റെ ഭാവി വികസനവും യാത്രക്കാരുടെ സുരക്ഷയും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News