Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 മെയ് (H.S.)
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായെന്ന പൊലീസ് റിപ്പോർട്ടിനെതിരെ ക്ഷേത്രഭരണസമിതി കോടതിയിലേക്ക്. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനായി വസ്തുതാവിരുദ്ധമായ റിപ്പോർട്ട് തയാറാക്കിയ പൊലീസിനും എൽഡിഎഫ് സർക്കാരിനുമെതിരെ നിയമപരമായ നടപടിക്കാണ് ഭരണസമിതി ഒരുങ്ങുന്നത്. ഇൻ്റലിജൻസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് 2024 ഏപ്രിലിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് പൊലീസ് കൈമാറിയത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ദിവസങ്ങൾക്കു മുൻപാണ് റിപ്പോർട്ടിൻ്റെ പകർപ്പ് ക്ഷേത്രഭരണ സമിതിക്ക് ലഭിച്ചത്. ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഭരണസമിതി അംഗങ്ങളിൽ നിന്ന് വിവരം ശേഖരിക്കാതെ തയാറാക്കിയ റിപ്പോർട്ടിൻ്റെ ആധികാരികതയിൽ സംശയമുള്ളതായും ക്ഷേത്രഭരണ സമിതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ആരോപിക്കുന്നു.
ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന റിപ്പോർട്ട് വസ്തുതാവിരുദ്ധം
രണ്ടുവർഷത്തിനു മുൻപ് പൊലീസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് അടുത്തിടെയാണ് ക്ഷേത്രഭരണ സമിതിക്ക് ലഭിച്ചത്. ഇതേത്തുടർന്ന് ശ്രീകോവിലിലും ഭക്തർ സമർപ്പിക്കുന്ന സ്വർണം ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്ന 'പണിപ്പുര' എന്ന മുറിയിലും സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങളുടെ കണക്കെടുപ്പ് ജില്ലാ ജഡ്ജി ചെയർമാനായ ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തി. ആഭരണങ്ങളൊന്നും നഷ്ടമായതായി കണ്ടെത്തിയില്ല. റിപ്പോർട്ടിൽ നഷ്ടമായതായി സൂചിപ്പിച്ചിരുന്ന ആഭരണങ്ങളെല്ലാം പരിശോധനയിൽ അവിടെ തന്നെ ഉണ്ടെന്നു കണ്ടെത്തി.
പൊലീസ് റിപ്പോർട്ടിൽ നഷ്ടമായതായി സൂചിപ്പിച്ചിരുന്ന 'വൈരനാമം' ശ്രീകോവിലിനുള്ളിൽ സുരക്ഷിതമായിരിക്കുന്നുവെന്നും ഭക്തർ സമർപ്പിച്ച സ്വർണ നാണയങ്ങളും സ്വർണക്കട്ടികളും ഉൾപ്പെടെയുള്ള സമർപ്പണ വസ്തുക്കൾ സുരക്ഷിതമാണെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു. നിത്യോപയോഗ വസ്തുക്കളുടെ കൃത്യമായ കണക്കുകൾ ക്ഷേത്രത്തിൽ സൂക്ഷിച്ചുവരുന്നതായും ഇവ ഓഡിറ്റിന് വിധേയമാക്കിയിട്ടുള്ളതാണെന്നും ക്ഷേത്രഭരണ സമിതി വ്യക്തമാക്കി. ക്ഷേത്രസ്ഥാനിയും രാജ കുടുംബാംഗങ്ങളും മാത്രമേ ചെമ്പകത്തിൻമൂട് വഴി ക്ഷേത്രത്തിനുള്ളിലേക്കു കടക്കുന്നുള്ളൂവെന്നും അധികൃതർ പറഞ്ഞു.
സർക്കാരിനെതിരെ അപകീർത്തിക്കേസ് നൽകും
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനെ അപകീർത്തിപ്പെടുത്താനുള്ള മന:പൂർവമായ ശ്രമമാണ് എൽഡിഎഫ് സർക്കാർ നടത്തിയതെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും ക്ഷേത്രഭരണ സമിതി അംഗമായ കരമന ജയൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. ക്ഷേത്രത്തിലെ അമൂല്യനിധി ശേഖരത്തിൻ്റെ വിവരങ്ങൾ പുറത്തായതിനു പിന്നാലെ ക്ഷേത്ര സുരക്ഷാ ചുമതല സംസ്ഥാന പൊലീസിൻ്റെ പ്രത്യേക വിഭാഗത്തെ ഏൽപ്പിച്ചിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മേൽനോട്ടച്ചുമതല. ആഭരണങ്ങൾ നഷ്ടമായാൽ അതിൻ്റെ ഉത്തരവാദിത്വം പൊലീസിനാണ്. 'വൈരനാമം' പുറത്തു കൊണ്ടുപോയിട്ട് തിരിച്ചെത്തിച്ചില്ലെന്നത് തെറ്റാണ്. ഭരണസമിതി അംഗങ്ങൾ വൈരനാമം ക്ഷേത്രത്തിൽ കണ്ടു സ്ഥിരീകരിച്ചതാണെന്നും കരമന ജയൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് അടിസ്ഥാനരഹിതവും ക്ഷേത്രത്തിൻ്റെ പ്രതിഛായയ്ക്കു കളങ്കം വരുത്തുന്നതുമാണെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീഹരി ഇ ടിവി ഭാരതിനോട് പറഞ്ഞു. ക്ഷേത്രം 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ്. സുരക്ഷാ വിഭാഗത്തെ അറിയിച്ചശേഷം മാത്രമാണ് വിലപിടിപ്പുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമാണ് ഉള്ളിലേക്ക് കടത്തുന്നത്. അതിനാൽ, മോഷണസാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിലുള്ള ഗുരുതര ആരോപണങ്ങൾ
ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ 'വൈരനാമം' പുറത്ത് കൊണ്ടുപോയി ആറുമാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടു പോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചെന്നും ഇൻ്റലിജൻസ് ഡിജിപി സർക്കാരിന് നൽകിയ റിപ്പോർട്ടിലുണ്ട്. ഈ നടപടി രേഖകളിലില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം നഷ്ടമായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 78 ഗ്രാം സ്വർണമാണ് നഷ്ടമായത്.
ക്ഷേത്രസന്ദർശനത്തിനെത്തുന്ന കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമ്മയുടെ അടുപ്പക്കാരുമായ ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങൾ നോക്കാതെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരെയും കർശന സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കമ്പി മണ്ണിൽ കണ്ടെത്തിയതിൽ അന്വേഷണമില്ല
ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണം പൂശാൻ പുറത്തെടുത്ത സ്വർണം കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഒരുവർഷമായിട്ടും പൊലീസ് അന്വേഷണം പൂർത്തിയായിട്ടില്ല. ക്ഷേത്ര ജീവനക്കാരും സ്വർണപ്പണിക്കാരും ഉൾപ്പെടെ എട്ടുപേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഫോർട്ട് പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. കഴിഞ്ഞവർഷം മേയിലായിരുന്നു സംഭവം. ശ്രീകോവിൽ പതിപ്പിക്കുന്നതിനുള്ള കമ്പികളും തകിടുകളും സഞ്ചിയിലാക്കിയാണ് സ്ട്രോങ് റൂമിൽ നിന്ന് നിർമാണം നടത്തുന്ന സ്ഥലത്ത് എത്തിച്ചത്. ഇതിനിടെയാണ് 107 ഗ്രാം (13.25 പവൻ) തൂക്കമുള്ള സ്വർണക്കമ്പി കാണാതായത്. സിസിടിവി പരിശോധിച്ചെങ്കിലും ചിലത് പ്രവർത്തിക്കാത്ത നിലയിലായിരുന്നു. അടുത്ത ദിവസം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്വർണക്കമ്പി മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. ജീവനക്കാരെയും സ്വർണപ്പണിക്കാരെയും ചോദ്യം ചെയ്തതിൽ നിന്നാണ് എട്ടുപേരുടെ പട്ടിക തയാറാക്കി നുണപരിശോധനയ്ക്ക് അനുമതി തേടിയത്. എന്നാൽ ഫോർട്ട് പൊലീസ് നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ എങ്ങുമെത്താതെ അന്വേഷണം
കവടിയാർ കൊട്ടാരത്തിൽ കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ നടന്ന കോടികളുടെ മോഷണത്തിലും പൊലീസ് അന്വേഷണം നിലച്ച മട്ടാണ്. കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ടുകോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതാണ് കേസ്. മോഷണത്തിന് കൊട്ടാരത്തിന് അകത്തുനിന്ന് സഹായം ലഭിച്ചെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പിന്നീട് മുന്നോട്ട് പോയിട്ടില്ല. കൊട്ടാര അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിര അതിഥികളുടെയും മോഷണം നടന്നതായി കണക്കാക്കുന്ന കാലയളവിലെ കൊട്ടാരത്തിലെ സന്ദർശകരുടെയുൾപ്പടെ ഉള്ളവരുടെയും യൂട്യൂബേഴ്സിൻ്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. നിലവിൽ കൻ്റോൺമെൻ്റ് എസിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.
കൊട്ടാരത്തെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്ന് ആഭരണം മോഷ്ടിച്ചതെന്ന് നേരത്തെ തന്നെ നിഗമനമുണ്ടായിരുന്നു. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. ഗൗരി ലക്ഷ്മിഭായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത്. 40 ൽ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്നായിരുന്നു ഗൗരി ലക്ഷ്മിഭായി പൊലീസിനോട് പറഞ്ഞത്. മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്ടമായ ആഭരണങ്ങളിലുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR