കോഴിക്കോട് മുൻ മേയറും സിപിഎം നേതാവുമായ ടി പി ദാസൻ അന്തരിച്ചു
Kozhikode , 30 മെയ് (H.S.) മുതിർന്ന സിപിഎം നേതാവും മുൻ മേയറുമായിരുന്ന ടി പി ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ്. നീണ്ട കാലം കോഴിക്
TP Dasan


Kozhikode , 30 മെയ് (H.S.)

മുതിർന്ന സിപിഎം നേതാവും മുൻ മേയറുമായിരുന്ന ടി പി ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ്. നീണ്ട കാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു.

കഴിഞ്ഞ കുറച്ച് കാലമായി രോഗബാധയെ തുടര്ന്ന് വിശ്രമത്തിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചു. തുടര്ന്ന് മരിക്കുകയായിരുന്നു.

സഹകാരി, കായിക സംഘാടകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ്. കെഎസ്-വൈഎഫിൻ്റെയും കെഎസ്എഫിൻ്റെയും സംസ്ഥാന നേതൃത്വനിരയില് പ്രവർത്തിച്ച ദാസൻ ഡിവൈഎഫ്ഐ രൂപീകരണ വേളയിൽ പ്രഥമ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. 1980-ൽ ഡിവൈഎഫ്ഐ രൂപവത്കരണവേളയിൽ ആദ്യ സംസ്ഥാന പ്രസിഡൻ്റായി.

ടി പി ദാസൻ്റെ രാഷ്ട്രീയ യാത്ര

1950 ജൂൺ ഒന്നിന് കൊയിലാണ്ടിയിലാണ് ജനനം. കാരയാട് എൽപി, കൽപ്പത്തൂർ യുപി, മേപ്പയൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളജിൽനിന്ന് ഡിപ്ലോമയും നേടി. പഠനശേഷം തളി ഗവ. യുപി സ്കൂളിൽ താൽക്കാലിക കായികാധ്യാപകനായി. 1973ലെ അധ്യാപക സമരത്തിൽ ജയിലിലായതോടെ ജോലി നഷ്ടമായി.

അരിക്കുളം പഞ്ചായത്തിലെ കാരയാടിൽനിന്നാണ് ഇദ്ദേഹം കോഴിക്കോട്ടേക്കെത്തിയത്. മേപ്പയ്യൂർ സ്കൂളിലെ വിദ്യാർഥിയായിരുന്ന ദാസൻ, ഉൾനാടൻ ഗ്രാമീണ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽനിന്നുള്ള അടിത്തറയോടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്.

1967ൽ സിപിഐ എം അംഗമായി തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് മണ്ഡലം കമ്മിറ്റി അംഗം, ടൗൺ ഏരിയാ സെക്രട്ടറി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ച് ജില്ലയിലുടനീളം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. കെഎസ്എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ടി പി സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. അതിനുമുമ്പ് കെഎസ്വൈഎഫ് പ്രസിഡൻ്റും സെക്രട്ടറിയുമായിരുന്നു. കെഎസ്വൈഎഫ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ, കെ.ടി.ഡി.സി. ഡയറക്ടർ, കല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നടക്കാവിലെ ബാബുരാജ് മ്യൂസിക് അക്കാദമി സെക്രട്ടറിയായിരുന്നു. കോൺഗ്രസ് ഐയിലെ സി. കൃഷ്ണൻകുട്ടിയെ പരാജയപ്പെടുത്തി ദാസൻ കോഴിക്കോട് മേയർ സ്ഥാനത്തെത്തിയത്. കോൺഗ്രസ്-എസിലെ തെക്കുവീട്ടിൽ വിജയനാണ് അന്ന് ഡെപ്യൂട്ടി മേയറായത്.

കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് ഭാര്യ. മിലി, മിനി, മിഥുൻ എന്നിവരാണ് മക്കള്. മരുമക്കൾ: ബൈജു , സജീഷ് , നീതു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News