ആഗ്രയിലെ ചരിത്ര പ്രസിദ്ധമായ താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ടിഫാനി ട്രംപും ഭർത്താവ് മൈക്കൽ ബൗലോസും.
Lucknow , 30 മെയ് (H.S.) ആഗ്രയിലെ ചരിത്ര പ്രസിദ്ധമായ താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ടിഫാനി ട്രംപും ഭർത്താവ് മൈക്കൽ ബൗലോസും. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ട്രംപ് കുടുംബത്തിൽ നിന്നൊരാൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ട്
TIFFANY TRUMP INDIA VISIT


Lucknow , 30 മെയ് (H.S.)

ആഗ്രയിലെ ചരിത്ര പ്രസിദ്ധമായ താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ടിഫാനി ട്രംപും ഭർത്താവ് മൈക്കൽ ബൗലോസും. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ട്രംപ് കുടുംബത്തിൽ നിന്നൊരാൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്.

ട്രംപിൻ്റെ ചാർട്ടേഡ് വിമാനത്തിലെത്തിയ ടിഫാനി താജ്മഹൽ സന്ദർശിച്ചു. ഇന്ന് ആഗ്രയിൽ തങ്ങുന്ന ടിഫാനി നാളെ (മെയ് 31) ഉച്ചയ്ക്ക് രാജസ്ഥാനിലെ ജയ്സൽമീറിലേയ്ക്ക് തിരിക്കും. കഴിഞ്ഞ 25 ആം തീയതി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ താജ്മഹൽ സന്ദർശനത്തിന് പിന്നാലെയാണ് ഈ സന്ദർശനം.

സുരക്ഷ ശക്തം

സന്ദർശനത്തിൻ്റെ ഭാഗമായി ഭരണകൂടവും പൊലീസും രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ട്. ടിഫാനിയുടെ താജ്മഹൽ സന്ദർശനം സംബന്ധിച്ച് നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ന് (മെയ് 30) വൈകുന്നേരമോ അല്ലെങ്കിൽ നാളെ (ഞായറാഴ്ച 31) രാവിലെയോ താജ്മഹൽ സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് പ്രകാരം യുഎസ് അഡ്വാൻസ് സംഘവും ആഗ്രയിൽ ക്യാമ്പ് ചെയ്തിരുന്നു. ടിഫാനിയുടെ സന്ദർശനവും സുരക്ഷാ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് വിവിധതല വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി പൊലീസ് കമ്മിഷണർ ദീപക് കുമാർ അവലോകന യോഗവും നടത്തിയിരുന്നു.

അതേസമയം, ടിഫാനിയുടെ താജ്മഹൽ സന്ദർശനവുമായി ബന്ധപ്പെട്ട് ആസ്ഥാനത്ത് നിന്ന് വിവിഐപി സന്ദർശന ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് താജ്മഹലിൻ്റെ സൂപ്രണ്ടിങ് പുരാവസ്തു ഗവേഷകനായ ഡോ. സ്മിത എസ് കുമാർ അറിയിച്ചു. സാധാരണയായി ഏതെങ്കിലും രാഷ്ട്ര തലവൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് താജ്മഹലിൽ പൊതുജന സന്ദർശനം ഒഴിവാക്കുകയാണ് പതിവെന്നും അവർ കൂട്ടിച്ചേർത്തു.

അക്ഷർധാമിൽ നിന്ന് സന്ദർശനത്തിന് തുടക്കം

ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അക്ഷർധാം ക്ഷേത്രത്തിൽ നിന്നാണ് ടിഫാനിയുടെയും ഭർത്താവിൻ്റെയും ഇന്ത്യാ സന്ദർശനത്തിന് തുടക്കം. ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ കാഴ്ചകളെ അവിശ്വസനീയം എന്ന് കുറിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ചിത്രങ്ങളും പങ്കുവച്ചു. ക്ഷേത്ര സമുച്ചയത്തിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട്, അക്ഷർധാമിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകത്തോടുള്ള അവരുടെ ആദരവ് അവർ പ്രകടിപ്പിച്ചു.

സന്ദർശനത്തിന് ശേഷം സ്വാമിനാരായൺ അക്ഷാർധാം ക്ഷേത്രവും 'സംസ്ക്കാരവും പൈതൃകവും പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ഒരു ദിവസം' എന്ന് എക്സിൽ കുറിച്ചു. ഈ സന്ദർശനം ഒരു ബഹുമതിയാണെന്നും എക്സിൽ കൂട്ടിച്ചേർത്തു. ഇതുകൂടാതെ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ദമ്പതികളെ എക്സ് പോസ്റ്റിലൂടെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു.

ആരാണ് ടിഫാനി ട്രംപ്?

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും മുൻ ഭാര്യ മാർല മാപ്പിൾസിൻ്റെയും നാലാമത്തെ കുട്ടിയാണ് ടിഫാനി ട്രംപ്. ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാങ്ക ട്രംപ്, എറിക് ട്രംപ്, ബാരൺ ട്രംപ് എന്നിങ്ങനെ നാല് സഹോദരങ്ങളുണ്ട് ടിഫാനിക്ക്. 2020 ൽ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ലോ സെൻ്ററിൽ നിന്ന് ടിഫാനി ജൂറിസ് ഡോക്ടർ ബിരുദം നേടി. ടിഫാനിയുടെ ഭർത്താവ് മൈക്കൽ ബൗലോസ് ഒരു അമേരിക്കൻ-ലെബനീസ് ബിസിനസുകാരനാണ്. 2022 നവംബർ 12 നാണ് ഇരുവരും വിവാഹിതരായി.

ആറ് വർഷങ്ങൾക്ക് മുൻപുള്ള ട്രംപിൻ്റെ സന്ദർശനം

2020 ഫെബ്രുവരി 24 നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി കുടുംബത്തോടൊപ്പം താജ്മഹൽ സന്ദർശിച്ചത്. ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ എന്നിവരോടൊപ്പമായിരുന്നു സന്ദർശനം. ഗൈഡ് നിതിൻ സിങ്ങിൻ്റെ മേൽനോട്ടത്തിൽ ഏകദേശം നാൽപ്പത്തഞ്ച് മിനിറ്റോളം താജ്മഹലിൽ ചെലവഴിക്കുകയുണ്ടായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News