അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയിൽ ശ്വാസം മുട്ടി വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രം.
Idukki , 30 മെയ് (H.S.) അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയിൽ ശ്വാസം മുട്ടുകയാണ് വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രം. ദിവസേന നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർഥ്യമാകാത്തതാണ് നിലവിലെ പ്രതിസന്
VELLATHOOVAL FAMILY HEALTH CENTER


Idukki , 30 മെയ് (H.S.)

അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയിൽ ശ്വാസം മുട്ടുകയാണ് വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രം. ദിവസേന നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർഥ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കെട്ടിട നിർമ്മാണത്തിനായി കണ്ടെത്തേണ്ട ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളും ചുവപ്പുനാടയുമാണ് പദ്ധതിക്ക് വില്ലനാകുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇടുങ്ങിയതും സൗകര്യങ്ങൾ കുറഞ്ഞതുമായ പഴയ കെട്ടിടത്തിലാണ് ഈ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടും അതിനനുസരിച്ച് കെട്ടിടത്തിൻ്റെ വിസ്തൃതി കൂട്ടാൻ സാധിച്ചിട്ടില്ല. ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും എത്തുന്നവർക്ക് ഇരിക്കാൻ പോലും ഇടമില്ലാതെ മണിക്കൂറുകളോളം വരി നിൽക്കേണ്ടി വരുന്ന അവസ്ഥയാണിവിടെ.

കുടുംബാരോഗ്യ കേന്ദ്രത്തിനായി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് നേരത്തെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങളെല്ലാം വെറും വാഗ്ദാനങ്ങളായി ഒതുങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

ചരടുവലികളിൽ കുരുങ്ങി ഭൂമിയുടെ ഉടമസ്ഥാവകാശം

പുതിയ കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളാണ് പദ്ധതിക്ക് പ്രധാന തടസമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും തീരുമാനങ്ങൾ നീണ്ടുപോകുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

ആരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനം മുൻപ് വന്നിരുന്നതാണ്. എന്നാൽ കെട്ടിടം നിർമ്മിക്കേണ്ടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രതിസന്ധിയാണ് പുതിയ കെട്ടിട നിർമ്മാണത്തിന് പ്രധാന വിലങ്ങുതടിയാകുന്നതെന്ന് മുൻ ഗ്രാമപഞ്ചായത്തംഗം കെബി ജോൺസൻ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ വൻ ചികിത്സാച്ചെലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാരായ മലയോര ജനതയുടെ ഏക ആശ്രയമാണ് ഈ കുടുംബാരോഗ്യ കേന്ദ്രം. ജീവനക്കാരുടെ ആത്മാർഥമായ സേവനം കൊണ്ട് മികച്ച രീതിയിലാണ് ആശുപത്രി മുന്നോട്ട് പോകുന്നതെങ്കിലും സ്ഥലപരിമിതി വികസനത്തിന് കരിനിഴൽ വീഴ്ത്തുന്നു.ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അടിയന്തരമായി ധാരണയിൽ എത്തേണ്ടുന്ന വകുപ്പുകൾ ഉന്നതതല യോഗം ചേർന്ന് ഈ വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാവപ്പെട്ട രോഗികളുടെ ദുരിതം കണക്കിലെടുത്ത്, പുതിയ കെട്ടിട നിർമ്മാണം ഇനിയും വൈകിപ്പിക്കാതെ യാഥാർഥ്യമാക്കാൻ ജനപ്രതിനിധികളും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നും മുൻ പഞ്ചായത്തംഗം കെ ബി ജോൺസൻ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News