Enter your Email Address to subscribe to our newsletters

Kochi, 30 മെയ് (H.S.)
കൊച്ചി : കോണ്‍ഗ്രസ് നേതാവ് കെ.പി. ധനപാലന്‍ (76) അന്തരിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു വിയോഗം. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളിലൊരാളായ അദ്ദേഹം എറണാകുളം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിരുന്നു. 11 മണിമുതല്‍ പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം. സംസ്‌കാരം വൈകുന്നേരം 5 മണിക്ക്. ചാലക്കുടി മുന്‍ എംപിയും എറണാകുളം ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്നു.
കെഎസ്യുവിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. തുടര്‍ന്ന് എറണാകുളം ഡിസിസി പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടിയെ ജില്ലയില്‍ ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കെപിസിസി സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഹൈക്കമാന്‍ഡ് പ്രതിനിധിയായി ലക്ഷദ്വീപിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിക്കപ്പെട്ട ചാലക്കുടി മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ പതിനഞ്ചാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പറവൂര്‍ നഗരസഭയില്‍ പത്ത് വര്‍ഷത്തോളം കൗണ്‍സിലറുമായിരുന്നു. 1950 ഏപ്രില്‍ 4ന് നോര്‍ത്ത് പറവൂരില്‍ ജനിച്ച അദ്ദേഹം ആലുവ യു.സി കോളജില്‍ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഭാര്യ:സുമം ധനപാലന്‍. മക്കള്‍: പരേതനായ ബ്രിജിത്, മിലാഷ്.
ഒരു വാക്ക് കൊണ്ട് പോലും പാര്‍ട്ടിയെ വേദനിപ്പിക്കാത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു കെ.പി.ധനപാലനെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S