Enter your Email Address to subscribe to our newsletters

Idukki , 30 മെയ് (H.S.)
അവധി ദിവസങ്ങളോ ഞായറാഴ്ചകളോ ഇല്ലാതെ എല്ലാ ദിവസവും മുഴുവൻ സമയ ജോലികളിലേർപ്പെടുന്നവരാണ് കർഷകർ. അതിൽ തന്നെ ക്ഷീര കർഷകരുടെ സ്ഥിതി അൽപം കൂടി വ്യത്യസ്തമാണ്. കടുത്ത വേനലും മഴയും പശുക്കളുടെ ആരോഗ്യത്തെയും പാൽ ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കുമ്പോഴും ഉപജീവനം കൈവിടാതെ കർഷക വൃത്തിയിൽ തുടരുന്നവരാണ് പലരും.
നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് പാൽ വില കൂട്ടാനുള്ള തീരുമാനം പുറത്തുവരുമ്പോൾ ക്ഷീര കർഷകർക്ക് അതൊരു താത്കാലിക ആശ്വാസം മാത്രമായി മാറിയിരിക്കുകയാണ്. മിൽമയുടെ പുതിയ തീരുമാനം ക്ഷീരകർഷകൻ്റെ മുറിവിൽ പുരട്ടിയ താല്ക്കാലിക ആശ്വാസം മാത്രമാണെന്നാണ് കർഷകരുടെ ആരോപണം.
കാലിത്തീറ്റയുടെയും വൈക്കോലിൻ്റെയും വില വിപണിയിൽ റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ, ഈ പ്രഖ്യാപിച്ച തുച്ഛമായ വർധനവ് കൊണ്ട് എങ്ങനെ കഞ്ഞി കുടിക്കുമെന്നാണ് മലയോരത്തെ കർഷകർ ചോദിക്കുന്നത്. നാടിൻ്റെ ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാര ലഭ്യതയ്ക്കും ക്ഷീരകർഷകർ നൽകുന്ന സംഭാവന വളരെ വലുതാണെന്നിരിക്കെയാണ് വിലക്കയറ്റവും ലാഭമില്ലായ്മയും വില്ലനായി മാറിയിരിക്കുന്നത്.
കർഷകന് കിട്ടുന്നത് തുഛമായ വരുമാനം
ജൂൺ ഒന്നാം തീയതി മുതലാണ് സംസ്ഥാനത്ത് പുതിയ പാൽ വില പ്രാബല്യത്തിൽ വരുന്നത്. ലിറ്ററിന് നാല് രൂപയാണ് മിൽമ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ പൊതുവിപണിയിൽ ലിറ്ററിന് 56 രൂപയ്ക്ക് ലഭിച്ചിരുന്ന പാലിന് ഇനി മുതൽ ഉപഭോക്താക്കൾ 60 രൂപ നൽകേണ്ടി വരും.
വർധിപ്പിച്ച നാല് രൂപയിൽ 3.35 രൂപ മാത്രമാണ് കർഷകന് അധികമായി ലഭിക്കുക. ബാക്കി തുകയിൽ 10 പൈസ മിൽമയ്ക്കും ശേഷിക്കുന്ന തുക ക്ഷീരസംഘങ്ങൾക്കുമാണ് ലഭിക്കുക. എന്നാൽ പാൽ വില കൂടുന്നതിന് ആനുപാതികമായി പൊതുവിപണിയിലെ വൻകിട കമ്പനികൾ കാലിത്തീറ്റ വില വീണ്ടും വർധിപ്പിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
കടുത്ത ഉത്പാദനച്ചെലവ് കാരണം പശുവളർത്തൽ ഇപ്പോൾ വലിയ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ നിലവിൽ കർഷകന് വരുന്ന ചെലവ് വളരെ വലുതാണ്. ഒരു ലിറ്റർ പാലിന് കർഷകന് നേരിട്ട് കുറഞ്ഞത് 60 രൂപയെങ്കിലും ലഭിച്ചാലേ ഇന്ന് പശുവളർത്തൽ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. ഇപ്പോൾ പ്രഖ്യാപിച്ച വർധനവ് ആനുകൂല്യങ്ങളെല്ലാം കാലിത്തീറ്റ കമ്പനികൾ വില കൂട്ടി കൊണ്ടുപോകുന്ന അവസ്ഥയിൽ ലാഭകരമല്ല, ഹൈറേഞ്ചിലെ ക്ഷീരകർഷകൻ ഗോപാലൻ പറയുന്നു. 50 രൂപയോളമാണ് വൈക്കോൽ പോലുള്ള കാലിത്തീറ്റയ്ക്ക് വില വർധിപ്പിച്ചതെന്നും കർഷകൻ പറഞ്ഞു.
പുലർച്ചെ മുതൽ രാത്രി വരെ അധ്വാനം, എങ്കിലും ജീവിതം വഴിമുട്ടുന്നു
പ്രധാന കാർഷിക ജില്ലയായ ഇടുക്കിയിൽ മറ്റ് കൃഷികളോടൊപ്പം അധിക വരുമാനമെന്ന നിലയിലാണ് ഭൂരിഭാഗം കർഷകരും കന്നുകാലി വളർത്തൽ ഉപജീവന മാർഗമാക്കിയിരിക്കുന്നത്. പുലർച്ചെ അഞ്ചുമണിക്ക് ആരംഭിക്കുന്ന കറവപുല്ല് വെട്ടലും തൊഴുത്ത് വൃത്തിയാക്കലുമൊക്കെയായി രാത്രി വൈകുവോളമുള്ള കഠിനാധ്വാനത്തിലൂടെയാണ് ഓരോ ക്ഷീരകർഷകൻ്റേയും ദിവസം കടന്നുപോകുന്നത്.
എന്നാൽ ഇത്തരത്തിൽ കുടുംബം ഒന്നടങ്കം കഠിനാധ്വാനം നടത്തിയിട്ടും ക്ഷീരമേഖലയിൽ നിന്ന് ലഭിക്കുന്ന വരുമാനം പശുക്കളുടെ പരിപാലനത്തിനും സ്വന്തം ജീവിതച്ചെലവുകൾക്കും തികയാത്ത അവസ്ഥയാണ്. പാലിൻ്റെ ഉത്പാദനച്ചെലവ് കുറയ്ക്കാൻ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കുകയോ പാലിൻ്റെ സംഭരണവില ഇനിയും വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് കർഷകരുടെ അടിയന്തര ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR