Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 മെയ് (H.S.)
പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡില്‍ പങ്കെടുത്ത ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം വെറുമൊരു മര്‍ദനമല്ലെന്നും അത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം എന്ന നിലയ്ക്കാണ് ഈ സംഭവത്തെ കാണുന്നതെന്നും മാധ്യമങ്ങളിലൂടെ പ്രതികളുടെ കുറ്റകൃത്യം കണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഈ ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്ത് നടന്നതല്ല, ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ നീക്കമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഇഷ്ടിക, കല്ല്, തടികഷ്ണങ്ങള്‍, ഇരുമ്പ് ദണ്ഡുകള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു എന്നത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥര്‍ റെയ്ഡ് കഴിഞ്ഞ് തിരികെ വരികയായിരുന്നു എന്നതിനാല്‍ അവര്‍ ഡ്യൂട്ടിയിലല്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഒരു ഓഫീസില്‍നിന്ന് റെയ്ഡിന് ഇറങ്ങുന്നത് മുതല്‍ തിരികെ ഓഫീസില്‍ എത്തുന്നതുവരെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തന്നെയാണെന്ന് കോടതി വ്യക്തമാക്കി.
ആക്രമിക്കപ്പെട്ടത് വാടകയ്‌ക്കെടുത്ത കാറുകളായതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഏത് സ്ഥാപനമായാലും ഔദ്യോഗിക ആവശ്യത്തിനായി വാടകയ്‌ക്കെടുക്കുന്ന വാഹനം ആ സര്‍ക്കാരിന്റെ ഭാഗമായും പൊതുമുതലായും പരിഗണിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ മറ്റുള്ളവര്‍ക്ക് ഇത് പ്രോത്സാഹനമാകുമെന്നും കോടതി പറഞ്ഞു. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിനുള്ളില്‍ ഉള്ളപ്പോഴാണ് അതിക്രൂരമായ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഡ്രൈവറുടെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഉദ്യോഗസ്ഥര്‍ വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോവുകയും ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസിലെ 26 പ്രതികളില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S