Enter your Email Address to subscribe to our newsletters

Kasargode, 30 മെയ് (H.S.)
കാസര്‍കോട്: ഇടത് സര്‍ക്കാര്‍ അവസാന സമയത്ത് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നടപടിയുമായി ജയില്‍ വകുപ്പ്. നാല് പ്രതികളുടെ പരോള്‍ അധികൃതര്‍ തടഞ്ഞു. പരോള്‍ അനുവദിച്ച ഉത്തരവ് നിലവിലുണ്ടെങ്കിലും നാല് പ്രതികളെ ജയിലില്‍നിന്ന് പുറത്തിറക്കിയിട്ടില്ല. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ നല്‍കിയത് എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരോള്‍ തടയാനുള്ള തീരുമാനം.
നേരത്തെ അഞ്ച് പ്രതികള്‍ മെയ് 18-നും ഒരു പ്രതി മേയ് 20-നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് പ്രതികള്‍ക്ക് അനുകൂലമായ പരോള്‍ നടപടികള്‍ ഉണ്ടായത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതികള്‍ക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും എത്താന്‍ കഴിയുന്ന രീതിയില്‍ പരോള്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതികള്‍ നാട്ടിലെത്തുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വിഷയത്തില്‍ ആഭ്യന്തര വകുപ്പും ജയില്‍ വകുപ്പും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. പ്രതികളുടെ പരോള്‍ റദ്ദ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
---------------
Hindusthan Samachar / Sreejith S