ട്രയല്സില് 'സ്വര്ണ്ണ തുടക്കവുമായി' വിനേഷ് ഫോഗട്ട്
New delhi, 30 മെയ് (H.S.) വിനേഷ് ഫോഗട്ടിന് ഗോദയില്‍ വിജയത്തുടക്കം. ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ നോക്കിയ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കടുംപിടു
VINESH PHOGAT


New delhi, 30 മെയ് (H.S.)

വിനേഷ് ഫോഗട്ടിന് ഗോദയില്‍ വിജയത്തുടക്കം. ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ നോക്കിയ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കടുംപിടുത്തങ്ങളെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയിലൂടെ തകര്‍ത്താണ് വിനേഷ് മത്സരത്തിനെത്തിയത്.

കോടതി മുറിയിലെ വിജയത്തിന് പിന്നാലെ, മാറ്റിനിര്‍ത്താന്‍ ശ്രമിച്ചവരുടെ കണ്ണുകള്‍ക്ക് മുന്നില്‍ താന്‍ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം നമ്പര്‍ പോരാളിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് വിനേഷ് പുറത്തെടുത്തത്. വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മാറ്റ് ഒഫീഷ്യലുകളുടെയും ആരാധകരുടെയും കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലും തന്ത്രത്തിലും വിനേഷ് തന്റെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ ഇടം നേടാനുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയത്തോടെ തുടക്കമിട്ട് പ്രശസ്ത താരം വിനേഷ് ഫോഗട്ട്. ശനിയാഴ്ച നടന്ന സെലക്ഷന്‍ ട്രയല്‍സിലെ തന്റെ ആദ്യ മത്സരത്തില്‍ ജ്യോതിയെ 7-1 എന്ന സ്‌കോറിനാണ് വിനേഷ് പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ തികഞ്ഞ ജാഗ്രതയോടെയാണ് വിനേഷ് കളിച്ചത്. സ്റ്റാന്‍ഡിങ് റെസ്ലിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം, മത്സരം പുരോഗമിച്ചതോടെ കളം നിറഞ്ഞു കളിക്കുകയും ജ്യോതിക്ക് മേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. കൗണ്ടര്‍ അറ്റാക്കിലൂടെ ഒരു പുഷ്-ഔട്ട് പോയിന്റ് നേടിയാണ് വിനേഷ് സ്‌കോറിങ് ആരംഭിച്ചത്. തുടര്‍ന്ന് ഡബിള്‍ ലെഗ് അറ്റാക്കിന് ശ്രമിച്ചെങ്കിലും അതില്‍ നിന്ന് പോയിന്റുകളൊന്നും നേടാനായില്ല.

രണ്ടാം പീരിയഡിന്റെ തുടക്കത്തില്‍ ആക്റ്റിവിറ്റി ക്ലോക്കില്‍ ഉള്‍പ്പെട്ടതോടെ വിനേഷ് മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തു. വലതുകാലില്‍ നടത്തിയ ആക്രമണം തകര്‍പ്പന്‍ ടേക്ക് ഡൗണാക്കി മാറ്റിയ താരം 3-0 ന് മുന്നിലെത്തി. ഇതിനിടയില്‍ ജ്യോതി ശക്തമായ ലെഗ് അറ്റാക്കിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിനേഷ് തന്റെ മുഴുവന്‍ കരുത്തും ഉപയോഗിച്ച് ആ വെല്ലുവിളിയെ പ്രതിരോധിച്ചു. തുടര്‍ന്ന് ലഭിച്ച കൗണ്ടര്‍ അറ്റാക്ക് അവസരങ്ങള്‍ മുതലാക്കി തുടര്‍ച്ചയായി രണ്ട് സ്‌കോറിങ് നീക്കങ്ങളിലൂടെ വിനേഷ് ലീഡ് 7-0 ആയി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഒരു പുഷ്-ഔട്ട് പോയിന്റ് നേടിയാണ് ജ്യോതി അക്കൗണ്ട് തുറന്നത്. റിയയെ പരാജയപ്പെടുത്തിവരുന്ന നിഷുവിനെയാണ് വിനേഷ് അടുത്ത മത്സരത്തില്‍ നേരിടുക.

---------------

Hindusthan Samachar / Sreejith S


Latest News