Enter your Email Address to subscribe to our newsletters

Kochi , 31 മെയ് (H.S.)
താര സംഘടനയായ അമ്മയിലെ വിവാദങ്ങളില് പ്രതികരിച്ച് നടന് ആസിഫ് അലി. അന്സിബയെ പോലുള്ളവര് നിവൃത്തികേട് കൊണ്ടാകാം സംഘടനയ്ക്ക് പുറത്തു കാര്യങ്ങള് പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പോലീസില് മൊഴി കൊടുക്കാനെത്തിയ അന്സിബ ഹസന്, നടന് ടിനി ടോമിനെതിരെ കടുത്ത ഭാഷയില് പ്രതികരിച്ചു. ടിനി സാമൂഹിക വിപത്ത് ആണ് എന്നായിരുന്നു അന്സിബയുടെ വാക്കുകള്.
എന്നാല് അന്സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് ടിനി ടോം പ്രതികരിച്ചില്ല. എല്ലാം ദൈവത്തിന് അറിയാമെന്ന് മാത്രമാണ് ടിനി പറഞ്ഞത്. അന്സിബയുടെ പരാതിയില് നടി ലക്ഷ്മിപ്രിയയെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ലക്ഷ്മിപ്രിയ ഹാജരാകും. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അന്സിബ തറപ്പിച്ച് പറയുന്നത്.
ഫെബ്രുവരിയില് അമ്മ കുടുംബ മേളയുടെ സ്പോണ്സറിങ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കമാണ് പുതിയ വിവാദങ്ങള്ക്ക് കാരണം. വെണ്ണല ശിവക്ഷേത്രത്തിന്റെ സ്പോണ്സറിങ് സ്വീകരിക്കാന് അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്പ്പെടെയുള്ളവര് തയ്യാറായിരുന്നു. എന്നാല് മതപരമായ സ്ഥാപനങ്ങള് അമ്മയിലേക്ക് ഇതുവരെ വന്നിട്ടില്ലെന്നും ഇനിയും അത്തരത്തില് മുന്നോട്ട് പോകാമെന്നും അന്സിബ നിലപാടെടുത്തു.
അന്സിബയെ ജിഹാദി എന്ന് വിളിച്ച് ടിനി ടോം അധിക്ഷേപിച്ചു എന്നാണ് മറ്റൊരു ആരോപണം. നീന കുറുപ്പ് ആണ് ഇക്കാര്യം അന്സിബയെ അറിയിച്ചതത്രെ. ടിനി ടോം തന്നോടും മോശമായി പെരുമാറി, പച്ചത്തെറി വിളിച്ചു എന്നീ ആരോപണവും നീന കുറിപ്പ് ഉന്നയിച്ചു. താന് രണ്ടുപേരെ മതംമാറ്റാന് ശ്രമിച്ചു എന്ന ആരോപണവും ടിനി ടോം ഉന്നയിച്ചു എന്ന് അന്സിബ പറയുന്നു.
ഇതില് മനംമടുത്താണ് അന്സിബ അമ്മയിലെ പദവി രാജിവച്ചത്. വ്യക്തപരമായ കാരണങ്ങളാലാണ് അന്സിബ രാജിവച്ചത് എന്നാണ് ശ്വേത മേനോന് നേരത്തെ പറഞ്ഞത്. എന്നാല് ഇതൊക്കെയാണ് കാരണം എന്ന് അന്സിബ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. അമ്മയില് പരാതി ഉന്നയിച്ചിട്ടും ഫലമില്ലാത്തതിനാലാണ് പരസ്യമായി പറയുന്നത് എന്നും അവര് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ അന്സിബക്കെതിരെ പോലീസില് പരാതി നല്കിയിരുന്നു. മൂന്ന് മണിക്കൂര് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില് തന്നെ ഹറാസ് ചെയ്തു എന്ന് അന്സിബ പിന്നീട് വെളിപ്പെടുത്തി. തന്നെയും ഒരംഗം ജിഹാദി എന്ന് വിളിച്ചുവെന്ന് നടി ഉഷ ഹസീന മാധ്യമങ്ങളോട് പറഞ്ഞു. എന്നാല് എല്ലാ പ്രശ്നങ്ങളും സംഘടനയ്ക്ക് അകത്ത് തീരേണ്ടതാണ് എന്ന് ആസിഫ് അലി പറയുന്നു.
''പ്രശ്നങ്ങള് സംഘടനയില് തീരാത്തതു കൊണ്ടാകണം പുറത്തുപറഞ്ഞത്. അന്സിബ നിവൃത്തികേടു കൊണ്ടാകാം പരസ്യമാക്കി കാര്യങ്ങള് പറഞ്ഞത്. വിഷയത്തില് കൃത്യമായ ധാരണ തനിക്കില്ല. എല്ലാം മാധ്യമങ്ങളിലൂടെയാണ് താനും അറിയുന്നത്. ഇരുഭാഗവും കേട്ട ശേഷം അഭിപ്രായം പറയാം''- ആസിഫ് അലി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR