Enter your Email Address to subscribe to our newsletters

Thiruvananthapuram , 31 മെയ് (H.S.)
കഴിഞ്ഞ വര്ഷം അംഗണവാടിയില് ബിരിയാണി ആവശ്യപ്പെട്ട് കൊണ്ടുള്ള ഒരു കൊച്ചുമിടുക്കന്റെ വീഡിയോ വൈറലായത് ഓര്മയില്ലേ.
അംഗണവാടിയില് ഉപ്പുമാവാണ് എന്നും കിട്ടുന്നത് എന്നും ബിര്നാണീം പൊരിച്ച കോഴീം (ബിരിയാണിയും കോഴിപൊരിച്ചതും) വേണം എന്നും പറഞ്ഞ് രംഗത്തെത്തിയത് ശങ്കു എന്ന തൃജല് എസ് സുന്ദര് ആയിരുന്നു. ശങ്കുവിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.
അതോടെ അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്ജ് അംഗണവാടി ഭക്ഷണ മെനു പരിഷ്കരിക്കാനും ബിരിയാണി കൊടുക്കാനും ഉത്തരവിട്ടിരുന്നു. ഇതും വലിയ രീതിയില് ചര്ച്ചയായിരുന്നു. ഇപ്പോഴിതാ ശങ്കുവിന്റെ മറ്റൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്. ഇപ്പോഴത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അവകാശവാദത്തെ പൊളിച്ച് കൊണ്ടുള്ള ഒരു ട്രോള് വീഡിയോ ആണ് ശങ്കു പങ്ക് വെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു പരിപാടിയില് സംസാരിച്ച് കൊണ്ടിരിക്കെ ശങ്കു ചവറയില് നിന്നുള്ള മഹിള കോണ്ഗ്രസ് ജില്ലാ സെക്രട്ടറി രാധമണിയുടെ കൊച്ചുമകനാണ് എന്ന് ബിന്ദുകൃഷ്ണ അവകാശപ്പെട്ടിരുന്നു. ' എനിക്കിഷ്ടാ... നമ്മുടെ ബിര്ണാണി ചോദിച്ച ആ കുഞ്ഞുണ്ടല്ലോ. അവന് ചവറയിലെ മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാ' എന്നാണ് ബിന്ദുകൃഷ്ണ പറഞ്ഞത്.
ഇതിന് മറുപടിയുമായാണ് ശങ്കു രംഗത്തെത്തിയിരിക്കുന്നത്. താന് രാധാമണി ചേച്ചിയുടെ കൊച്ചുമകനൊന്നുമല്ല എന്നാണ് വീഡിയോയില് ശങ്കു പറയുന്നത്. 'പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാന് രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാന് രാധമണി ചേച്ചിയുടെ കൊച്ചുമോനൊന്നുമല്ല, എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പന് (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം' എന്നാണ് ശങ്കുവിന്റെ വീഡിയോ.
ശങ്കുവിന്റെ ഈ വീഡിയോയും വൈറലായിട്ടുണ്ട്. ഇതിനോടകം ശങ്കുവിന്റെ വീഡിയോ 1.3 മില്യണ് പേര് കണ്ടിട്ടുണ്ട്. ബിന്ദുകൃഷ്ണ ക്രെഡിറ്റ് എടുക്കാന് പോയി നാണംകെട്ടു എന്നാണ് പലരും ഇതിന് താഴെ കമന്റിടുന്നത്. ചെറിയ കുട്ടികള് വരെ പുതിയ മന്ത്രിയെ ഇത്ര പെട്ടെന്ന് എയറിലാക്കി തുടങ്ങി എന്നാണ് മറ്റ് ചിലരുടെ കമന്റ്. പ്രയാര് വടക്ക് പുന്നക്കുഴിയില് സോമസുന്ദറിന്റെയും അശ്വതിയുടെയും മകനാണ് ശങ്കു.
ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാര് കിണര്മുക്കിലെ ഒന്നാം നമ്പര് അംഗന്വാടിയില് പഠിക്കുമ്പോഴാണ് ശങ്കു ബിരിയാണി ആവശ്യവുമായി രംഗത്തെത്തിയത്. നേരത്തെ അധികാരമേറ്റെടുത്തയുടനെ അംഗണവാടിയില് ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്ത് മെനു പരിഷ്കരിക്കുമെന്നും ബിന്ദു പറഞ്ഞു.
'സ്ഥാനമേറ്റെടുത്ത ശേഷം തന്നെ വന്നു കണ്ട അംഗണവാടി ജീവനക്കാര് ബിരിയാണി കൊടുക്കാന് നിവൃത്തിയില്ലെന്നാണ് അറിയിച്ചത് എന്നും ചെറിയ പണം നല്കി ബിരിയാണി കൊടുക്കാന് എങ്ങനെ സാധിക്കും എന്നുമായിരുന്നു ബിന്ദുകൃഷ്ണ പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR