Enter your Email Address to subscribe to our newsletters

Newdelhi , 31 മെയ് (H.S.)
രാജ്യത്ത് മനുഷ്യക്കടത്തിനും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണങ്ങൾക്കും എതിരെ അതിശക്തമായ നിലപാടുമായി സുപ്രീം കോടതി. കുട്ടികളെ വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്കായി കടത്തുന്ന കേസുകളിൽ ഭാരതീയ ന്യായ സംഹിതയിലെയും (BNS) അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെയും (ITPA) വകുപ്പുകൾക്കൊപ്പം അതീവ കർശനമായ പോക്സോ (POSCO) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇരകളെ പുനരധിവസിപ്പിക്കുന്നതിനും പ്രതികളെ മാത്യകാപരമായി ശിക്ഷിക്കുന്നതിനുമുള്ള സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രജ്വല എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിലാണ് ഈ ചരിത്രവിധി.
മനുഷ്യക്കടത്ത് കേസുകളിൽ പ്രതികൾ സ്ഥിരമായി ഉന്നയിക്കാറുള്ള ഇരയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നത് എന്ന വാദത്തിൻ്റെ അർഥശൂന്യത കോടതി ക്യത്യമായി ചൂണ്ടിക്കാണിച്ചു. പ്രായപൂർത്തിയായ ഒരു വ്യക്തിയെയാണ് കടത്തിയതെങ്കിൽ പോലും അവിടെ ഭീഷണിയോ, ബലപ്രയോഗമോ, വഞ്ചനയോ, അധികാര ദുർവിനിയോഗമോ അല്ലെങ്കിൽ പണമോ മറ്റ് ആനുകൂല്യങ്ങളോ നൽകിയോ ആണ് സമ്മതം വാങ്ങിയതെങ്കിൽ നിയമത്തിന് മുന്നിൽ ആ സമ്മതത്തിന് യാതൊരു വിലയുമില്ലെന്ന് കോടതി വ്യക്തമാക്കി.
കുട്ടികളുടെ കാര്യത്തിൽ നിയമം കൂടുതൽ കർശനം
മനുഷ്യക്കടത്തിന് ഇരയാകുന്ന ഒരു കുട്ടി നൽകുന്ന സമ്മതത്തിന് നിയമപരമായി യാതൊരു വിലയുമില്ല; അവിടെ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. സമ്മതമില്ലായ്മ എന്നത് മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തിൻ്റെ ഒരു ഘടകമേയല്ല. അതിനാൽ, കോടതികളുടെ ശ്രദ്ധ കുറ്റവാളികളുടെ പ്രവൃത്തികളിലും ഉദ്ദേശ്യങ്ങളിലുമായിരിക്കണം. ഭീഷണിയോ വഞ്ചനയോ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തിയെന്ന് തെളിഞ്ഞാൽ, ഇര 'സമ്മതിച്ചിരുന്നു' എന്ന തരത്തിലുള്ള വാദങ്ങൾ അപ്രസക്തമായി തള്ളിക്കളയണം, കോടതി നിരീക്ഷിച്ചു.
തങ്ങൾ ലൈംഗിക വ്യവസായത്തിലേക്കോ വേശ്യാവൃത്തിയിലേക്കോ ആണ് പോകുന്നതെന്ന് ഒരാൾക്ക് അറിവുണ്ടായിരുന്നു എന്നതുകൊണ്ട് മാത്രം അവർ മനുഷ്യക്കടത്തിന്റെ ഇരയല്ലാതാകുന്നില്ലെന്നും കോടതി പറഞ്ഞു. തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ട് പിന്നീട് കടുത്ത ചൂഷണത്തിന് അവർ ഇരയായിട്ടുണ്ടാകാം.
പോക്സോ നിയമം വരുന്നതോടെ അന്വേഷണ രീതി മാറും
വാണിജ്യ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെട്ട ഇര ഒരു കുട്ടിയാണെങ്കിൽ, ഭാരതീയ ന്യായ സംഹിതയിലെ 143, 144 വകുപ്പുകൾക്കും ഐടിപിഎ നിയമങ്ങൾക്കും ഒപ്പം പോക്സോ നിയമത്തിലെ വകുപ്പുകളും ബാധകമാകും, കോടതി വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടുന്ന എല്ലാത്തരം ലൈംഗിക ചൂഷണങ്ങളും നിയമപരമായി 'സമ്മതമില്ലാത്തത്' ആയിട്ടാണ് ഇന്ത്യൻ നിയമം കണക്കാക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ, ലൈംഗിക പീഡനങ്ങൾ, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ നിർമിക്കുകയോ കൈവശം വെക്കുകയോ ചെയ്യുക തുടങ്ങി കുട്ടികൾക്കെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും തടയാനാണ് പോക്സോ നിയമം വിഭാവനം ചെയ്തിരിക്കുന്നത്.
അതിനാൽ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന എല്ലാ കേസുകളിലും കുറ്റവാളികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിചാരണ നടത്തണം. പോക്സോ നിയമം ബാധകമാകുന്നതോടെ കേസന്വേഷണത്തിൻ്റെ രീതി തന്നെ മാറും. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യൽ, ഇരയുടെ മൊഴി രേഖപ്പെടുത്തൽ, വൈദ്യപരിശോധന എന്നിവയെല്ലാം കുട്ടികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന പോക്സോ നിയമത്തിലെ പ്രത്യേക വ്യവസ്ഥകൾ അനുസരിച്ചായിരിക്കും നടക്കുക, ബെഞ്ച് പറഞ്ഞു. ഇത് കുട്ടികളുടെ താല്പര്യങ്ങൾ കൂടുതൽ സംരക്ഷിക്കുന്നതിനും അവരോട് കൂടുതൽ സഹാനുഭൂതിയോടെ പെരുമാറുന്നതിനും പൊലീസിനെ നിർബന്ധിതരാക്കും.
ഭരണഘടനയുടെ അനുച്ഛേദം 23 മനുഷ്യക്കടത്തും ഭിക്ഷാടനവും ഉൾപ്പെടെയുള്ള എല്ലാത്തരം നിർബന്ധിത തൊഴിൽ ചൂഷണങ്ങളെയും നിരോധിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതിൻ്റെ പരിധി വളരെ വലുതാണ്. ഇത് ഭരണകൂടത്തിനെതിരെ മാത്രമല്ല, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിക്കെതിരെയും നടപ്പിലാക്കാൻ സാധിക്കും.
പുനരധിവാസം ഉറപ്പാക്കിയില്ലെങ്കിൽ ഇരകൾ വീണ്ടും കെണിയിൽ വീഴും
ഇരകളെ കേവലം രക്ഷപ്പെടുത്തേണ്ട നിഷ്ക്രിയരായ വ്യക്തികളായി കാണാതെ, തങ്ങളുടെ ശാക്തീകരണത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാൻ ശേഷിയുള്ളവരായി അംഗീകരിക്കാനാണ് കോടതി ശ്രമിച്ചതെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. ഇത്തരം കേസുകളിൽ നിയമങ്ങൾ നിശ്ചലമല്ലെന്നും ഇരയുടെ പ്രായം, അക്രമികൾ ഉപയോഗിച്ച മാർഗങ്ങൾ, ചൂഷണത്തിൻ്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ച് വകുപ്പുകളിൽ മാറ്റം വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഈ നിയമസാധ്യതകളെക്കുറിച്ച് പൂർണ ബോധവാന്മാരായിരിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
ശരിയായ പുനരധിവാസം ഉറപ്പാക്കിയില്ലെങ്കിൽ ഇരകൾ വീണ്ടും പഴയ സാഹചര്യങ്ങളിലേക്ക് തന്നെ മടങ്ങാൻ നിർബന്ധിതരാകുമെന്നും, അതിനാൽ ഭരണഘടനയുടെ അനുച്ഛേദം 21, 23 എന്നിവയനുസരിച്ച് ഇരകളുടെ അനുയോജ്യമായ പുനരധിവാസം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR