Enter your Email Address to subscribe to our newsletters

Idukki , 31 മെയ് (H.S.)
പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. ഇടുക്കിയെ തമിഴ്നാടുമായി ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന 'നെടുംകണ്ടം-തേവാരം' മലയോര പാതയ്ക്ക് വീണ്ടും ജീവൻവെയ്ക്കുന്നു. പദ്ധതിയുടെ പ്രായോഗികതയും വനമേഖലയിലെ സാഹചര്യങ്ങളും നേരിട്ടു വിലയിരുത്തുന്നതിനായി തമിഴ്നാട് കമ്പം എംഎൽഎ ജഗനാഥ് മിശ്ര അതിർത്തിയിലെ വനമേഖലയിലൂടെ കാൽനടയായി സഞ്ചരിച്ച് കേരളത്തിലെത്തി.
കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ ആനക്കല്ലിൽ എംഎൽഎയ്ക്കും സംഘത്തിനും ജനപ്രതിനിധികളുടെയും ആക്ഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. പാത യാഥാർത്ഥ്യമാകുന്നതോടെ ദക്ഷിേന്ത്യയിലെ അതിപ്രധാന വാണിജ്യ-വ്യവസായ നഗരങ്ങളായ കൊച്ചിയും മധുരയും തമ്മിലുള്ള യാത്രാദൂരത്തിൽ 60 കിലോമീറ്ററിലധികം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി മേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പുതിയ ചലനമുണ്ടായിരിക്കുന്നത്.
വനമേഖല കടന്ന് ജനപ്രതിനിധികളുടെ സംഘം
ഇടുക്കിയെ അതിർത്തി പ്രദേശമായ തേവാരംമെട്ടിൽ നിന്നും വെറും നാല് കിലോമീറ്റർ ദൂരത്തിൽ ചുരംപാത നിർമ്മിച്ചാൽ തമിഴ്നാട്ടിലെ തേവാരത്തിന് സമീപം എത്തിച്ചേരാനാകും. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി വേഗത്തിലാക്കുമെന്ന് അതിർത്തി കടന്നെത്തിയ കമ്പം എംഎൽഎ ജഗനാഥ് മിശ്ര വ്യക്തമാക്കി. വനംവകുപ്പിൻ്റെ അനുമതി ഉൾപ്പെടെയുള്ള സാങ്കേതിക തടസങ്ങൾ നീക്കാൻ തമിഴ്നാട് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചരിത്രവും അവഗണനയും; വഴിത്തിരിവാകുന്ന പുതിയ നീക്കം
പതിറ്റാണ്ടുകൾക്ക് മുൻപ് ഇരു സംസ്ഥാനങ്ങളിലെയും വ്യാപാരികളും തൊഴിലാളികളും സജീവമായി ആശ്രയിച്ചിരുന്ന ഒരു പരമ്പരാഗത പാതയായിരുന്നു ഇത്. എന്നാൽ പിന്നീട് തമിഴ്നാട് വനംവകുപ്പ് ഈ വഴി അടയ്ക്കുകയായിരുന്നു.
1981-ൽ റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചിരുന്നെങ്കിലും തുടർ നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി. പിന്നീട് പലതവണ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും വനംവകുപ്പിൻ്റെ കടുത്ത നിബന്ധനകളും അന്തർസംസ്ഥാന ഏകോപനമില്ലായ്മയും കാരണം പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇരു സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികൾ ഒന്നിച്ച് രംഗത്തിറങ്ങിയതോടെ പദ്ധതിക്ക് പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്.
കാർഷിക-തീർത്ഥാടന മേഖലകൾക്ക് ഉണർവേകും
നെടുംകണ്ടം-തേവാരം പാത തുറക്കുന്നതോടെ വലിയ വികസനക്കുതിപ്പാണ് ഹൈറേഞ്ച് മേഖലയിൽ പ്രതീക്ഷിക്കുന്നത്.
വേഗത്തിലുള്ള ചരക്കുനീക്കം: തമിഴ്നാട്ടിലെ പ്രധാന പച്ചക്കറി ഉത്പാദന കേന്ദ്രമായ ചിന്നമന്നൂരിലേക്ക് കേരളത്തിൽ നിന്നുള്ള വ്യാപാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ വേഗത്തിലാകും.
ആരോഗ്യ - റെയിൽവേ സൗകര്യങ്ങൾ: തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളജിലേക്ക് അടിയന്തര ചികിത്സയ്ക്കായി പോകുന്ന ഹൈറേഞ്ചിലെ രോഗികൾക്കും, ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർക്കും ഈ പാത വലിയ അനുഗ്രഹമാകും.
തീർത്ഥാടകർക്കും തൊഴിലാളികൾക്കും ആശ്വാസം: ശബരിമല തീർത്ഥാടന കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർക്ക് സുഗമമായി വന്നുപോകാനും, തോട്ടം മേഖലയിൽ ദിവസേന ജോലിക്കായി കേരളത്തിലേക്ക് എത്തുന്ന തമിഴ് തൊഴിലാളികൾക്കും യാത്രാക്ലേശം പൂർണമായി ഒഴിവാക്കാൻ ഈ റോഡിന് സാധിക്കും.
ആനക്കല്ലിൽ ആവേശോജ്വല സ്വീകരണം
ഉടുമ്പഞ്ചോല എംഎൽഎ അഡ്വ. സേനാപതി വേണുവിൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളാണ് കമ്പം എംഎൽഎ ജഗനാഥ് മിശ്രയെ സ്വീകരിക്കാൻ അതിർത്തിയായ തേവാരംമെട്ടിൽ കാത്തുനിന്നത്. തുടർന്ന് അതിർത്തി ഗ്രാമമായ ആനക്കല്ലിൽ വിപുലമായ യോഗം സംഘടിപ്പിച്ചു. നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് ഈട്ടിക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ടോമി, ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി, പ്രമുഖ നേതാക്കളായ എം.എൻ ഗോപി, പി.എൻ വിജയൻ, അനീഷ് പി.എസ്, ശ്യാമള വിശ്വനാഥൻ, കെ.ആർ രാമചന്ദ്രൻ, സോണിയ മാർട്ടിൻ, ഷംല ബീവി, മോഹനൻ മുല്ലയ്ക്കൽ, ജിനു ജോയി, ശരണ്യ പി.എസ്, സജീവ് മണിമംഗലം, ജിയോ സെബാസ്റ്റ്യൻ, മുരുകാനന്ദം തുടങ്ങിയവരും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ആക്ഷൻ കൗൺസിലിൻ്റെ വർഷങ്ങളായുള്ള പോരാട്ടവും സ്വപ്നവും വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇപ്പോൾ മലയോര ജനത.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR