Enter your Email Address to subscribe to our newsletters

Kasaragod , 31 മെയ് (H.S.)
ബേക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ച് 2.60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ഒടുവിൽ പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ മനുവിനെ ഗോവയിൽ വെച്ചാണ് ബേക്കൽ പൊലീസ് സംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം പ്രതിക്കായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് പ്രതി ഗോവയിലുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
മെയ് 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതി ബേക്കലിലെ ജ്വല്ലറിയിൽ എത്തിയത്. ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും ഒട്ടും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. ബേക്കൽ സ്റ്റേഷനിലെ പൊലീസുകാരുടെ വിവരങ്ങളും അവരുടെ ഡ്യൂട്ടി സമയവും ഇയാൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. സ്റ്റേഷനിലെ യഥാർഥ സിവിൽ പൊലീസ് ഓഫീസറായ അഖിൽരാജ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ജ്വല്ലറിയിൽ കയറിയത്. കൃത്യമായി അഖിൽരാജ് അവധിയിലായ ദിവസം നോക്കിയായിരുന്നു ഇയാൾ തട്ടിപ്പിനെത്തിയത്.
തട്ടിപ്പിൻ്റെ ആസൂത്രണം
ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള യഥാർഥ പൊലീസുകാരുടെ പേരുകൾ വരെ പ്രതി കൃത്യമായി പറഞ്ഞുവിശ്വസിപ്പിച്ചു. 16.200 ഗ്രാം തൂക്കം വരുന്ന സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവയാണ് പ്രതി തിരഞ്ഞെടുത്തത്. മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പാക്ക് ചെയ്യിപ്പിച്ചു.
രണ്ട് രൂപ ഓൺലൈൻ വഴി അയച്ചു; ജ്വല്ലറിക്കാരെ കബളിപ്പിച്ചു
പണം ഓൺലൈൻ വഴി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് പറഞ്ഞ പ്രതി, ആദ്യത്തെ ട്രാൻസാക്ഷൻ ഉറപ്പുവരുത്താനെന്ന വ്യാജേന 2 രൂപ മാത്രം ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി തുക തൊട്ടുപിന്നാലെ വരുമെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ച് ആഭരണങ്ങളുമായി ഇയാൾ മുങ്ങുകയായിരുന്നു. എന്നാൽ മിനിറ്റുകൾ കഴിഞ്ഞിട്ടും പണം വരാതായതോടെ ജ്വല്ലറി ജീവനക്കാർക്ക് സംശയമായി.
തുടർന്ന് അവർ ഉടൻ തന്നെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് അഖിൽരാജ് ഇന്ന് ലീവാണെന്ന വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അറിയിക്കുന്നത്. തുടർന്ന് സംശയം തോന്നി പൊലീസ് നേരിട്ട് അഖിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ അത്തരത്തിൽ ഒരു സ്വർണവും വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ഇതോടെയാണ് ജ്വല്ലറിയിൽ നടന്നത് വൻ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുക്കുകയും കടയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തു. അഖിൽരാജിൻ്റെ രൂപത്തോട് സാമ്യമുള്ള തിരുവനന്തപുരം സ്വദേശി മനുവാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിയുകയും ഉടൻ തന്നെ ഇയാൾക്കായി വലവിരിക്കുകയുമായിരുന്നു. പ്രതിയെ കാസർകോട് എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR