Enter your Email Address to subscribe to our newsletters

Thiruvananthapuram , 31 മെയ് (H.S.)
കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രതേക മുന്നറിയിപ്പിൻ്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മെയ് 31 ന് വൈകിട്ട് നാല് മണിക്ക് പുറത്തിറക്കിയ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
ഏഴ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത. ജൂൺ 3, 4 തീയതികളിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.
ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
- മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണം.
- നദികളിലും ജലാശയങ്ങളിലുമിറങ്ങുന്നതും വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദയാത്രകളും പൂർണമായും ഒഴിവാക്കണം
- ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ യാത്രകളിലും പ്രത്യേക ശ്രദ്ധ വേണം.
- അപകടസാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാൻ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കൺട്രോൾ റൂമുകൾ സജ്ജമാണ്. അടിയന്തര സഹായങ്ങൾക്കായി 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR