Enter your Email Address to subscribe to our newsletters

Palakkad , 31 മെയ് (H.S.)
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി അകായിൽ വീട്ടിൽ അബ്ദുള് മനാഫ്, മലപ്പുറം എടവണ്ണ കൊളപ്പാടൻ വീട്ടിൽ മുഹമ്മദ് നിസാം എന്നിവരാണ് പിടിയിലായത്. ആക്രമിച്ചശേഷം തട്ടിക്കൊണ്ടു പോകാൻ ദൗത്യത്തിന് കൂട്ട് നിൽകുകയും പ്രതികൾക്ക് ഒളിവിൽ പോകാനായി സഹായം നൽകുകയും ചെയ്തവരാണ് ഇപ്പോൾ അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.
തട്ടിക്കൊണ്ടുപോകൽ ഏകോപിപ്പിച്ചത് മുഴുവൻ പിടിയിലായ നിസാമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദൗത്യത്തിന് നേതൃത്വം നൽകിയ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയത് മനാഫ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർ രണ്ടുപേരും ഉൾപ്പെടെ ആകെ 17 പേരാണ് കേസിൽ അറസ്റ്റിലായത്. മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദാലിയെ തോക്ക് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ ആഡംബര കാറിന് നേരെയും പ്രതികൾ ആക്രമം നടത്തിയിട്ടുണ്ട്.
2025 ഡിസംബർ ആറിനാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ ഒരു സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയത്. 70 കോടി രൂപ മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള ക്വട്ടേഷനാണിതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. തട്ടിക്കൊണ്ട് പോകലിന് ഇരിയാക്കപ്പെട്ട പ്രവാസി വ്യവസായിയുടെ അടുത്ത ബന്ധുവാണ് സംഭവത്തിൻ്റെ മുഖ്യസൂത്രധാരൻ.
നടന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം
ഇന്ത്യയിൽ തട്ടിക്കൊണ്ടുപോകൽ അതീവ ഗൗരവകരമായ കുറ്റമാണ്. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കഠിന തടവും പിഴയും തുടങ്ങി വധശിക്ഷ വരെയുള്ള ശിക്ഷ ലഭിച്ചേക്കാം.
- മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ (IPC Section 364A / BNS Section 142): ആളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ പരമാവധി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. കൂടാതെ പിഴയും ചുമത്തും.
- കൊലപാതകത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ (IPC Section 364 / BNS Section 140): കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഒരാളെ തട്ടിക്കൊണ്ടുപോയാൽ ജീവിതകാലം മുഴുവൻ നീളുന്ന തടവോ (ജീവപര്യന്തം) അല്ലെങ്കിൽ 10 വർഷം വരെ കഠിനതടവോ പിഴയോ ലഭിക്കാം.
- കുട്ടികളെ തട്ടിക്കൊണ്ടുപോകൽ (IPC Section 363 / BNS Section 137): നിയമവിദഗ്ധരുടെയോ മാതാപിതാക്കളുടെയോ അനുവാദമില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയാൽ 7 വർഷം വരെ തടവും പിഴയും ലഭിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR