Enter your Email Address to subscribe to our newsletters

Thiruvananthapuram , 31 മെയ് (H.S.)
സംസ്ഥാനത്ത് മില്മ പാലിന്റെ വില വര്ധനവ് നാളെ മുതല് (ജൂണ് 1) പ്രാബല്യത്തില് വരും. ലിറ്ററിന് നാല് രൂപയാണ് വര്ധിപ്പിച്ചിരിക്കുന്നത്.
പുതിയ വില പരിഷ്കരണത്തോടെ മില്മ സ്മാര്ട്ട് ലിറ്ററിന് 50 രൂപയില് നിന്നും 54 രൂപ ആയി ഉയരും. ടോണ്ഡ് മില്ക്കിന്റെ വില 52 ല് നിന്നും 56 രൂപ ആയും പ്രൈമിന്റെ വില 56 രൂപയില് നിന്ന് 60 രൂപയിലേക്കും എത്തും.
ഹോമോജനൈസ്ഡ് ടോണ്ഡ് മില്ക് നീല കവറിന്റെ പുതുക്കിയ വില 30 രൂപയാണ്. നേരത്തെ 26 രൂപയാണ് ഉണ്ടായിരുന്നത്. മില്മ പ്രൈഡ് ഓറഞ്ച് കവറിന്റെ വിലയും 30 രൂപയായി. നേരത്തെ 28 രൂപയായിരുന്നു. മില്മ റിച്ച് സ്റ്റാന്ഡേഡൈസ്ഡ് മില്ക് പച്ച കവറിന് ഇനി 32 രൂപ നല്കണം. നേരത്തെ 29 രൂപയായിരുന്നു. 35 രൂപയായിരുന്ന തൈര് (ക്ലാസിക് 525 ഗ്രാം) 40 രൂപയായാണ് വര്ധിപ്പിച്ചത്.
കൊഴുപ്പ് കൂടിയ ഇനമായ മില്മ റിച്ചിന് 6 രൂപയാണ് കൂടുന്നത്. ഇതോടെ 58 രൂപയില് നിന്ന് 64 രൂപയായി റിച്ചിന്റെ വില ഉയരും. ബോട്ടിലില് ലഭിക്കുന്ന ഒരു ലിറ്റര് പാലിന്റെ വില 70 ല് നിന്നും 75 ആയി മാറും. ഒരു കിലോ തൈരിന് 10 രൂപയാണ് വര്ധിപ്പിക്കുന്നത്. അതേസമയം പാല് കവറുകളില് പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള് പുരോഗമിക്കുകയാണ് എന്നും മില്മ അറിയിച്ചു.
ഒരുമാസം വരെ ഇതു തുടരും. പാലിനേയും തൈരിനേയും കൂടാതെ പാലുല്പ്പന്നങ്ങള്ക്കും വില കൂട്ടിയേക്കും എന്നാണ് വിവരം. ക്ഷീരകര്ഷകരുടെ ചെലവ് വര്ധിച്ച സാഹചര്യത്തിലാണ് നടപടി. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോള് മൊത്തം വര്ധനയുടെ 83.75% തുകയും (3.35 രൂപ) കര്ഷകര്ക്കാണ് ലഭിക്കുന്നത് എന്നും മില്മ പറയുന്നു. 2022 ഡിസംബര് ഒന്നിനായിരുന്നു ഏറ്റവും ഒടുവില് മില്മ പാല്വില കൂട്ടിയത്.
അന്ന് ലിറ്ററിന് 6 രൂപയുടെ വര്ധനവാണ് വരുത്തിയത്. എട്ട് മാസം മുന്പ് ധാരണയായ വില വര്ധനയാണ് ഇപ്പോള് നടപ്പാക്കുന്നത് എന്ന് മില്മ പറയുന്നു. അതേസമയം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മില്മയുടെ തീരുമാനമെന്നും ഇപെടാന് പരിമിതിയുണ്ടെന്നുമാണ് സര്ക്കാര് വാദം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR