നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില് 3 ജീവനക്കാര്ക്ക് സസ്പന്ഷന്
Idukki , 31 മെയ് (H.S.) തൊടുപുഴ സ്മിത ആശുപത്രിയില് നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില് മൂന്നുപേരെ സസ്പെന്ഡ് ചെയ്തു. ആരോപണ വിധേയരായ ജീവനക്കാര്ക്കാണ് സസ്പന്ഷന്. ആശുപത്രിയിലേക്ക് യുവമോര്ച്ചയും ഡിവൈഎഫ്ഐയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ
Suicide


Idukki , 31 മെയ് (H.S.)

തൊടുപുഴ സ്മിത ആശുപത്രിയില് നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില് മൂന്നുപേരെ സസ്പെന്ഡ് ചെയ്തു.

ആരോപണ വിധേയരായ ജീവനക്കാര്ക്കാണ് സസ്പന്ഷന്.

ആശുപത്രിയിലേക്ക് യുവമോര്ച്ചയും ഡിവൈഎഫ്ഐയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് ആശുപത്രി അധികൃതരുമായി ചര്ച്ച നടത്തി. തുടര്ന്നാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ) യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന് ശ്രമിച്ചത്. മാനസിക പീഡനത്തെ തുടര്ന്നാണ് നഴ്സ് ജീവനൊടുക്കാന് ശ്രമിച്ചതെന്നാണ് ആരോപണം . യുവതി തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്.

ആശുപത്രിയിലെ ചീഫ് നഴ്സിങ് ഓഫീസർ, സൂപ്പർവൈസർ എന്നിവരുടെ ക്രൂരമായ മാനസിക പീഡനത്തെ തുടർന്നാണ് യുവതി ഈ കടുംകൈ ചെയ്തതെന്നാണ് സഹപ്രവർത്തകരുടെ ആരോപണം.

ആശുപത്രിയിലെ ചീഫ് നഴ്സിങ് ഓഫീസർക്കും സൂപ്പർവൈസർക്കുമെതിരെ മുൻപും നിരവധി പരാതികൾ ജീവനക്കാർ ഉന്നയിച്ചിരുന്നു. ഇവരുടെ നിരന്തരമായ പീഡനം കാരണം മുൻപ് പല നഴ്സുമാർക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ശമ്പള വർധനവ്, കൃത്യമായ ജോലി സമയം എന്നിവയുമായി ബന്ധപ്പെട്ട് ജീവനക്കാർ നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ മാനേജ്മെൻ്റ് ബോധപൂർവ്വം അവഗണിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. നഴ്സിൻ്റെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ മാനേജ്മെൻ്റ് ഒടുവിൽ ചർച്ചയ്ക്ക് തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്.

ഹോസ്പിറ്റലിലെ ജീവനക്കാരുടെ തൊഴിൽപരമായ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഒരു പ്രാദേശിക യൂണിയൻ ബ്രാഞ്ച് രൂപീകരിച്ചതിനുശേഷമുണ്ടായ ശത്രുത ആണ് മാനസിക പീഡനത്തിലേക്ക് നയിച്ചതെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻ്റ് ഷോബി മാധ്യമങ്ങളോട് പ്രതികരിച്ചു. മാനേജ്മെൻ്റിൻ്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമല്ലെങ്കിലും, ഹോസ്പിറ്റലിൽ നിന്നുള്ള മാനസിക പീഡനം കാരണം നിരവധി ജീവനക്കാർ ഇതിന് മുൻപും രാജി വച്ചിട്ടുണ്ടെന്നും ഷോബി പറഞ്ഞു.

നമ്മുടെ യൂണിറ്റ് സെക്രട്ടറി കൂടിയായ സഹപ്രവർത്തകയ്ക്ക് നേരെ ആശുപത്രി അധികാരികളിൽ നിന്നും അതിക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായത്. ശമ്പള കാര്യത്തിലും ജോലി സമയത്തിലും തികഞ്ഞ ചൂഷണമാണ് ഇവിടെ നടക്കുന്നത്. നിലവിൽ സംഭവത്തിന് പിന്നാലെ മാനേജ്മെൻ്റ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നഴ്സുമാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതുവരെ സംഘടന ശക്തമായി മുന്നോട്ട് പോകും, യുഎൻഎ (UNA) സംസ്ഥാന പ്രസിഡൻ്റ് ഷോബി പറഞ്ഞു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. കടുത്ത മാനസിക സമ്മർദത്തിലാണ് നിങ്ങളെങ്കിൽ ദയവായി പ്രധാനപ്പെട്ട ഹെൽപ്പ്ലൈൻ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. 24 മണിക്കൂർ സേവനം ലഭ്യമാണ്.

പ്രധാനപ്പെട്ട ഹെൽപ്പ്ലൈൻ നമ്പറുകൾ (ഇന്ത്യ)

ദിശ (DISHA): 1056 (കേരള സർക്കാർ ആരോഗ്യ വകുപ്പിൻ്റെ സൗജന്യ മാനസികാരോഗ്യ സേവനം)കിരൺ (KIRAN): 1800-599-0019 (കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിൻ്റെ ഹെൽപ്പ്ലൈൻ)സ്നേഹിത (Snehi): 011-25655563, 011-25655564വൺ ലൈഫ് (1Life): 78930 78930

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News