മന്ത്രി ഒ ജെ ജെനീഷിനും സഹപ്രവർത്തകർക്കും വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകൻ പി എസ് അബ്ദുൾ റഹ്മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
Thrissur , 31 മെയ് (H.S.) മന്ത്രി ഒ ജെ ജെനീഷിനും സഹപ്രവർത്തകർക്കും വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകൻ പി എസ് അബ്ദുൾ റഹ്മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് തീരുമാനം. വർഷങ്ങളായി പാർട്ടിയുടെ വ
MINISTER FOOD ISSUE


Thrissur , 31 മെയ് (H.S.)

മന്ത്രി ഒ ജെ ജെനീഷിനും സഹപ്രവർത്തകർക്കും വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകൻ പി എസ് അബ്ദുൾ റഹ്മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് തീരുമാനം. വർഷങ്ങളായി പാർട്ടിയുടെ വിവിധ ഘടകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ലോക്കൽ കമ്മിറ്റി അംഗവും ജോയിൻ്റ് സെക്രട്ടറിയുമായും പ്രവർത്തിച്ചിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതിനെ തുടർന്നാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് വിവരം. വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് മന്ത്രിക്ക് വീട്ടിൽ ഭക്ഷണം നൽകിയതെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അബ്ദുൾ റഹമാൻ വ്യക്തമാക്കി.

“ഓർമവെച്ച നാൾ മുതൽ ഇന്നലെ വരെ ഞാൻ സിപിഐ പ്രവർത്തകനായിരുന്നു. ഏകദേശം 50 വർഷത്തോളമായി പാർട്ടിക്കായി പ്രവർത്തിച്ചുവരികയാണ്. ഞാൻ ഇപ്പോഴും സിപിഐ ആശയങ്ങളിൽ വിശ്വസിക്കുന്ന ആളാണ്,” അബ്ദുൾ റഹ്മാൻ പറഞ്ഞു.

മന്ത്രിയാണല്ലോ പിന്നെ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ചാൻസാണല്ലോ മന്ത്രിക്ക് നമ്മുടെ വീട്ടിൽ സ്വീകരണം കൊടുക്കുക എന്ന് പറയുന്നത്. നമ്മുടെ നാടിന് ഒരു മന്ത്രിയുണ്ടാവുക എന്ന് പറയുന്നതും ഒരു സന്തോഷമുള്ള കാര്യമാണ്. ആ മന്ത്രിക്ക് ഒരു സ്വീകരണം കൊടുക്കുക അല്ലെങ്കിൽ ഭക്ഷണം കൊടുക്കുക എന്നത് ഒരു കുറ്റകരമായി തനിക്ക് തോന്നുന്നില്ലെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞു.

ഒ ജെ ജെനീഷ് കേരളത്തിൻ്റെ മന്ത്രി ആണെന്നും കോൺഗ്രസിൻ്റെ മന്ത്രി അല്ലെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞു. ഭക്ഷണം നൽകിയതിൻ്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദീർഘകാലമായി പാർട്ടിക്കായി പ്രവർത്തിച്ച ഒരു പ്രവർത്തകനെതിരായ നടപടി പ്രദേശത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News