ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി രാജസ്ഥാനിലെ ജയ്സാൽമീറിലെത്തി.
Jaipur , 31 മെയ് (H.S.) ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി രാജസ്ഥാനിലെ ജയ്സാൽമീറിലെത്തി. വിമാനത്താവളം മുതൽ ഇരുവരും താമസിക്കുന്ന ഹോട്ടൽ വരെയുള്ള പൊതു വഴിയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ടിഫാനി ട്രംപ് തൻ്റെ ഭർത്താവു
TIFFANY TRUMP


Jaipur , 31 മെയ് (H.S.)

ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി രാജസ്ഥാനിലെ ജയ്സാൽമീറിലെത്തി. വിമാനത്താവളം മുതൽ ഇരുവരും താമസിക്കുന്ന ഹോട്ടൽ വരെയുള്ള പൊതു വഴിയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ടിഫാനി ട്രംപ് തൻ്റെ ഭർത്താവും വ്യവസായിയുമായ മൈക്കൽ ബൂലോസിനൊപ്പമാണ് സ്വകാര്യ സന്ദർശനത്തിന് ജയ്സൽമീറിലെ ഗോൾഡൻ സിറ്റിയിലെത്തിയത്. ഐക്കണിക് കോട്ട, സോണാർ ക്വില, ജയ്സാൽമീറിൻ്റെ വാസ്തുവിദ്യാ, പട്വോൻ കി ഹവേലി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

ആഗ്രയിലെ ചരിത്രപ്രസിദ്ധമായ താജ്മഹൽ, ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷമാണ് ടിഫാനിയും മൈക്കലും ജയ്സാൽമീർ സന്ദർശനത്തിനെത്തിയത്. ചാർട്ടേർഡ് വിമാനത്തിൽ സിവിൽ വിമാനത്താവളത്തിലെത്തിയ ഇവർക്ക് ജില്ലാ ഭരണകൂടത്തിൽ നിന്ന് പരമ്പരാഗത രാജസ്ഥാനി രീതിയിൽ വൻ സ്വീകരണം നൽകി. നാടോടി കലാകാരന്മാർ രാജസ്ഥാനി കലകൾ അവതരിപ്പിച്ചു.

അതിഥികൾക്ക് പരമ്പരാഗത തലപ്പാവുകളും പൂച്ചെണ്ടുകളും സമ്മാനിച്ചു. ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥർ സ്വീകരണ ചടങ്ങിൽ പങ്കടുത്തു. ടിഫാനിയും മൈക്കിളും സാം റോഡിലെ സൂര്യഗഡ് ഹോട്ടലിലാണ് താമസം. കർശന സുരക്ഷയാണ് ഹോട്ടലിൻ്റെ സമീപവും ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അതീവ ജാഗ്രത

പാകിസ്ഥാനോട് ചേർന്നുള്ള സെൻസിറ്റീവ് അതിർത്തി ജില്ലയായ ജൈസാൽമീറിൽ സന്ദർശന വേളയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ടിഫാനിക്ക് സ്റ്റേറ്റ് ഗസ്റ്റ് പദവി ഉള്ളതിനാൽ അവരുടെ താമസം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ ഇൻ്റലിജൻസ് ഏജൻസികളും ലോക്കൽ പൊലീസും സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നെണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഹോട്ടലിനും ഇടയിലുള്ള വഴികളിൽ ഗതാഗത നിയമങ്ങളും സുരക്ഷാ വലയവും നിലവിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അക്ഷർധാം ക്ഷേത്രത്തിൽ നിന്നാണ് ടിഫാനിയുടെയും ഭർത്താവിൻ്റെയും ഇന്ത്യാ സന്ദർശനത്തിന് തുടക്കം. ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ കാഴ്ചകളെ അവിശ്വസനീയം എന്ന് കുറിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ അവർ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും മുൻ ഭാര്യ മാർല മാപ്പിൾസിൻ്റെയും നാലാമത്തെ കുട്ടിയാണ് ടിഫാനി ട്രംപ്. ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാങ്ക ട്രംപ്, എറിക് ട്രംപ്, ബാരൺ ട്രംപ് എന്നിങ്ങനെ നാല് സഹോദരങ്ങളുണ്ട് ടിഫാനിക്ക്. 2020 ൽ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ലോ സെൻ്ററിൽ നിന്ന് ടിഫാനി ജൂറിസ് ഡോക്ടർ ബിരുദം നേടി. ടിഫാനിയുടെ ഭർത്താവ് മൈക്കൽ ബൗലോസ് ഒരു അമേരിക്കൻ-ലെബനീസ് ബിസിനസുകാരനാണ്. 2022 നവംബർ 12 നാണ് ഇരുവരും വിവാഹിതരായത്.

ട്രംപ് കുടുംബത്തിൻ്റെ ജൈസാൽമീറിലേക്കുള്ള ആദ്യ സന്ദർശനമല്ല ഇത്. 2018 നവംബറിൽ, ഇവാങ്ക ട്രംപിൻ്റെ ഭർത്താവും ട്രംപിൻ്റെ മരുമകനുമായ ജാരെഡ് കുഷ്നർ ഇതേ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹം വൈറ്റ് ഹൗസ് സീനിയർ ഉപദേഷ്ടാവായിരുന്നു. സൂര്യഗഡ് ഹോട്ടലിൽ നടന്ന ഒരു വിവാഹത്തിലും അദ്ദേഹം പങ്കെടുത്തു. ആ സമയത്ത്, ശക്തമായ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ പൊലീസും രാജസ്ഥാനി പൊലീസും സംയുക്താമായാണ് പ്രവർത്തിച്ചത്.

2020 ഫെബ്രുവരി 24 നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി കുടുംബത്തോടൊപ്പം താജ്മഹൽ സന്ദർശിച്ചത്. ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ എന്നിവരോടൊപ്പമായിരുന്നു സന്ദർശനം. ഗൈഡ് നിതിൻ സിങ്ങിൻ്റെ മേൽനോട്ടത്തിൽ ഏകദേശം നാൽപ്പത്തിയഞ്ച് മിനിറ്റോളം താജ്മഹലിൽ ചെലവഴിക്കുകയുണ്ടായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News