ഹിമാചൽ പ്രദേശിലെ ധർമ്മശാല മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (BJP) വൻ വിജയം
Himachal , 31 മെയ് (H.S.) ഹിമാചൽ പ്രദേശിലെ ധർമ്മശാല മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (BJP) വൻ വിജയം. ആകെയുള്ള 17 വാർഡുകളിൽ 11 സീറ്റുകളും സ്വന്തമാക്കി ബിജെപി ഭരണം പിടിച്ചെടുത്തു. ഭരണകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കടുത്
ഹിമാചൽ പ്രദേശിലെ ധർമ്മശാല മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (BJP) വൻ വിജയം


Himachal , 31 മെയ് (H.S.)

ഹിമാചൽ പ്രദേശിലെ ധർമ്മശാല മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (BJP) വൻ വിജയം. ആകെയുള്ള 17 വാർഡുകളിൽ 11 സീറ്റുകളും സ്വന്തമാക്കി ബിജെപി ഭരണം പിടിച്ചെടുത്തു. ഭരണകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കടുത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. വെറും 5 സീറ്റുകളിലേക്ക് മാത്രമാണ് കോൺഗ്രസ് ഒതുക്കപ്പെട്ടത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു.

മേയ് 17-ന് നടന്ന ശക്തമായ പോളിങ്ങിനൊടുവിൽ ഇന്ന് (മേയ് 31) നടന്ന വോട്ടെണ്ണലിലാണ് ഫലം പുറത്തുവന്നത്. മുൻ തെരഞ്ഞെടുപ്പുകളേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ ബിജെപി കാഴ്ചവെച്ചത്. കഴിഞ്ഞ 2021-ലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നിട്ടും ബിജെപിക്ക് വെറും ഏഴ് സീറ്റുകൾ മാത്രമാണ് നേടാനായിരുന്നത്. എന്നാൽ ഇത്തവണ ബിജെപി നേതൃത്വം ശക്തമായ പ്രചാരണ പരിപാടികളാണ് ധർമ്മശാലയിൽ ഉടനീളം കാഴ്ചവെച്ചത്. കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള നഗരസഭയിലെ അഴിമതിയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ട് തേടിയത്.

അതേസമയം, ധർമ്മശാല മുൻസിപ്പൽ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ പ്രതീക്ഷകൾക്ക് ഈ ഫലം കനത്ത ആഘാതമായി മാറി. വിനോദസഞ്ചാര വികസനവും അടിസ്ഥാന സൗകര്യ വികസനവും മുൻനിർത്തി കോൺഗ്രസ് വോട്ട് അഭ്യർത്ഥിച്ചെങ്കിലും ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുകയായിരുന്നു. കോൺഗ്രസിനകത്തെ ആഭ്യന്തര തർക്കങ്ങളും വിമത സ്ഥാനാർത്ഥികളുടെ സാന്നിധ്യവും പാർട്ടിയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് പ്രാദേശിക രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കേന്ദ്ര മുൻ മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ രംഗത്തിറക്കി ബിജെപി നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ഈ വിജയത്തിന് പിന്നിൽ. വരാനിരിക്കുന്ന വലിയ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പൊതുജനങ്ങളുടെ മനസ്സ് എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്ന സൂചനയാണ് ഈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. കോർപ്പറേഷനിൽ മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ വരും ദിവസങ്ങളിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയാക്കിയത്.

---------------

Hindusthan Samachar / Roshith K


Latest News