Enter your Email Address to subscribe to our newsletters

Kannur, 31 മെയ് (H.S.)
കണ്ണൂർ: തട്ടുകടയിൽ വെച്ച് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. കണ്ണൂർ എ.ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർമാരായ (എസ്.ഐ) രജീവൻ, ബിനു കൃഷ്ണൻ എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറുമായ ആർ. രഞ്ജിത്ത് താളിക്കാവിനാണ് പൊലീസുകാരിൽ നിന്നും മർദനമേറ്റത്. സംഭവത്തിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കും ഇവർക്കൊപ്പമുണ്ടായിരുന്ന തൻസീർ എന്നയാൾക്കുമെതിരെ കണ്ണൂർ ടൗൺ പൊലീസ് ക്രിമിനൽ കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെ കണ്ണൂർ എസ്.എൻ പാർക്കിന് സമീപമുള്ള തട്ടുകടയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു കോൺഗ്രസ് നേതാവ് രഞ്ജിത്ത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ രീതിയിൽ വാക്കേറ്റമുണ്ടാവുകയും, അത് പിന്നീട് വലിയ കൈയ്യാങ്കളിയിലും കൂട്ടത്തല്ലിലും കലാശിക്കുകയുമായിരുന്നു. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ തനിക്കെതിരെ തിരിഞ്ഞതെന്നും ക്രൂരമായി മർദിച്ചതെന്നും രഞ്ജിത്ത് തന്റെ പരാതിയിൽ വ്യക്തമാക്കുന്നു. മർദനത്തിൽ പരിക്കേറ്റ രഞ്ജിത്ത് ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസുകാർ മദ്യപിച്ചിരുന്നതായും ആക്ഷേപമുണ്ട്.
അതേസമയം, സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്നും ബദൽ പരാതി ഉയർന്നിട്ടുണ്ട്. തട്ടുകടയിൽ വെച്ച് രഞ്ജിത്താണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്നും തങ്ങളെ മർദിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ജനപ്രതിനിധിയായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെ പൊതുസ്ഥലത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ച സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് കണ്ണൂരിൽ വഴിതുറന്നിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പൊലീസിന്റെ അനാവശ്യ അതിക്രമത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടു. വലിയ ജനരോഷവും രാഷ്ട്രീയ സമ്മർദ്ദവും ഉയർന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അടിയന്തര ഉത്തരവ് പുറത്തുവന്നത്. കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K